• 15 Nov 2019
  • 09: 58 PM
Latest News arrow

യു.എ.പി.എ: സര്‍ക്കാറും പൊലീസും തെറ്റ് തിരുത്തണമെന്ന് പ്രകാശ് കാരാട്ട്

അലന്റെയും താഹയുടെയും മാവോയിസ്റ്റ് ബന്ധം അന്വേഷിക്കാൻ സി.പി.എം അന്വേഷണക്കമ്മീഷൻ

ന്യൂദല്‍ഹി: മാവോയിസ്റ്റ് അനുകൂല പ്രവർത്തനങ്ങളെത്തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത സി.പി.എം പ്രവർത്തകർ അല‍ൻ ഷു​ഹൈബിന്റെയും താഹ ഫസലിന്റെയും പേരിൽ  യു.എ.പി.എ (Unlawful Activities (Prevention) Act)  ചുമത്തിയ നടപടി തെറ്റാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടു. സര്‍ക്കാറും പൊലീസും തെറ്റ് തിരുത്തണമെന്നും പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടു.

"ലഘുലേഖ പിടിച്ചെടുത്താല്‍ മാവോയിസ്റ്റാകില്ല. പൊലീസ് പ്രവര്‍ത്തിച്ചത് തെറ്റായ രീതിയിലാണ്. യു.എ.പി.എ എന്ന കരിനിയമത്തെ എല്ലാകാലത്തും സി.പി.എം എതിര്‍ത്തിട്ടുണ്ട്"-  പ്രകാശ് കാരാട്ട് പറഞ്ഞു.

നേരത്തെ, പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇതേ നിലപാട് സ്വീകരിച്ചിരുന്നു.

അതിനിടെ, കേസില്‍ അറസ്റ്റിലായ അല‍ൻ ഷു​ഹൈബ്,  താഹ ഫസൽ  എന്നിവരുടെ മാവോയിസ്‌റ്റ് ബന്ധത്തെക്കുറിച്ച് അന്വേഷിക്കാനായി സി.പി.എം  അന്വേഷണക്കമ്മീഷനെ നിയോഗിച്ചു. സിപിഎം കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി നിയോഗിച്ച മൂന്നംഗ കമ്മീഷനാണ് അന്വേഷണം നടത്തുക. വിഷയം ചര്‍ച്ച ചെയ്യാന്‍ കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി യോഗവും ചേരും. സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഈ യോഗത്തില്‍ പങ്കെടുക്കും. പാര്‍ട്ടി അന്വേഷണ കമ്മീഷന്‍  റിപ്പോര്‍ട്ട് നല്‍കിയാല്‍ ഇരുവരെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികൾ ഉണ്ടായേക്കുമെന്നാണ് അറിയുന്നത്.