കാണാതായ പെൺകുട്ടികളെ കണ്ടെത്തി തൃശ്ശൂർ പൊലീസ്; 4 കുട്ടികൾ പോയത് സമൂഹമാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ടവര്‍ക്കൊപ്പം

തൃശ്ശൂര്‍: തൃശ്ശൂർ ജില്ലയിലെ വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നായി ഒറ്റദിവസം കാണാതായ ആറ് പെണ്‍കുട്ടികളേയും പൊലീസ് കണ്ടെത്തി. സമൂഹമാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ടവര്‍ക്കൊപ്പമാണ് നാല് പെണ്‍കുട്ടികൾ പോയതെന്ന് പൊലീസ് പറഞ്ഞു.
പുതുക്കാട്, മാള, പാവറട്ടി, ചാലക്കുടി, വടക്കാഞ്ചേരി, വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നാണ് സ്കൂള്‍, കോളേജ് വിദ്യാര്‍ഥിനികളായ 6 പേരെ കഴിഞ്ഞ ദിവസം കാണാതായതായി പരാതി ലഭിച്ചത്. എന്നാല്‍ ആറ് പെണ്‍കുട്ടികളെയും കാണാതായ സംഭവങ്ങള്‍ തമ്മില്‍ ബന്ധമില്ലെന്നും ഓരോരുത്തരെയും വ്യത്യസ്ത സാഹചര്യങ്ങളിലാണ് കാണാതായതെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
തൃശ്ശൂര്‍ സിറ്റി, റൂറല്‍ പൊലീസ് പരിധികളിലെ ഉദ്യോഗസ്ഥര്‍ക്കായിരുന്നു അന്വേഷണ ചുമതല. കാമുകന്മാർക്കൊപ്പമാണ് 5 പെണ്‍കുട്ടികള്‍ പോയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സമൂഹമാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ടവര്‍ക്കൊപ്പമാണ് 4 പെണ്‍കുട്ടികള്‍ പോയത്. ചാലക്കുടിയില്‍ നിന്ന് കാണാതായ പെണ്‍കുട്ടി പോയത് അയല്‍വാസിക്കൊപ്പമാണ്.
പുതുക്കാട് നിന്ന് കാണാതായ പെണ്‍കുട്ടിയെ കൊല്ലത്ത് നിന്നാണ് കണ്ടെത്തിയത്. വടക്കാഞ്ചേരിയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ ആണ്‍സുഹൃത്തിനൊപ്പം കാസര്‍കോഡ് നിന്നാണ് കണ്ടെത്തിയത്. വെസ്റ്റ് സ്റ്റേഷൻ പരിധിയില്‍ നിന്ന് കാണാതായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കുടുംബപ്രശ്നങ്ങൾ കാരണം നാലാം തവണയാണ് വീട് വിട്ടു പോകുന്നത്.
പെണ്‍കുട്ടികളെ കാണാതാവുന്ന പരാതികൾ കൂടുകയാണെന്നും മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും പൊലീസ് പറയുന്നു.