സന്തോഷ് ട്രോഫി യോഗ്യതാ മത്സരം: ആന്ധ്രക്കെതിരെ കേരളത്തിന് തകർപ്പൻ ജയം (5-0)

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ദക്ഷിണ മേഖലാ യോഗ്യതാ മത്സരത്തില്‍ കേരളാ ടീം എതിരില്ലാത്ത അഞ്ചു ഗോളിന് ആന്ധ്രാ പ്രദേശ് ടീമിനെ തകര്‍ത്ത് മികച്ച തുടക്കമിട്ടു. ആന്ധ്രയ്‌ക്കെതിരെ ഏകപക്ഷീയമായ ജയമാണ് കേരളം നേടിയത്.
എമില്‍ ബെന്നി (ഇരട്ട ഗോള്‍), ലിയോണ്‍ അഗസ്റ്റിന്‍, വിബിന്‍ തോമസ്, ഷിഹാദ് എന്നിവർ കേരളത്തിനായി ഗോള്‍ നേടി. ആദ്യപകുതിയിൽ 45-ആം മിനിറ്റിലാണ് കേരളത്തിന്റെ ആദ്യ ഗോള്‍. പ്രതിരോധതാരം വിബിന്‍ തോമസിന്റെ ഹെഡര്‍ കേരളത്തിന് ആദ്യ ഗോള്‍ സമ്മാനിച്ചു. തൊട്ടു പിന്നാലെ ലിയോണ്‍ അഗസ്റ്റിനെ ബോക്‌സില്‍ വീഴ്ത്തിയതിന് ആന്ധ്ര വഴങ്ങിയ പെനാൽറ്റിയും കേരളം ഗോളാക്കി. പെനാല്‍റ്റിയെടുത്തതും ലിയോണ്‍ തന്നെയായിരുന്നു.
രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ എമില്‍ ബെന്നി പത്തു മിനിറ്റിന്റെ ഇടവേളകളില്‍ ഇരട്ട ഗോള്‍ കുറിച്ചതോടെ ആന്ധ്ര നിലംപരിശായി. 53, 63 മിനിറ്റുകളിലാണ് കേരളത്തിന്റെ മൂന്നാമത്തെയും നാലാമത്തെയും ഗോള്‍ എമിൽ നേടിയത് . കളി അധികസമയത്തേക്ക് നീണ്ടപ്പോൾ പകരക്കാരനായി ഇറങ്ങിയ എന്‍. ഷിഹാദ് കേരളത്തിന്റെ അഞ്ചാമത്തെ ഗോളും ആന്ധ്രയുടെ വലയിലെത്തിച്ചു.
ഇനി ഒൻപതാം തീയതി ശനിയാഴ്ച തമിഴ്‌നാടിന് എതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.
ഈ സീസണില്‍ ഗോകുലം കേരള എഫ്‌സി കോച്ചായിരുന്ന ബിനോ ജോര്‍ജിന്റെ പരിശീലനത്തിന് കീഴിലാണ് കേരളം കളിക്കുന്നത്.
യോഗ്യതാ മത്സരങ്ങളിൽ ഗ്രൂപ്പ് എ, ബി എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായി ആറ് ടീമുകളാണ് മത്സരിക്കാനുള്ളത്. ഗ്രൂപ്പ് എ-യില്‍ കേരളത്തോടൊപ്പം ആന്ധ്രയും തമിഴ്‌നാടുമാണുള്ളത്. ബി-യില്‍ പോണ്ടിച്ചേരി, കർണ്ണാടക, തെലുങ്കാന എന്നീ ടീമുകളുമുണ്ട്.
ഇനി രണ്ടാം മത്സരത്തില്‍ പോണ്ടിച്ചേരി, കര്‍ണാടകയെ നേരിടും. മൂന്നാം മത്സരത്തില്‍ ആന്ധ്ര, തമിഴ്‌നാടിനെയും നാലാം മത്സരത്തില്‍ കര്‍ണാടക, തെലുങ്കാനയെയും നേരിടും. ഒമ്പതാം തീയ്യതി കേരളം, തമിഴ്‌നാടിനെയും 10ാം തീയ്യതി തെലുങ്കാന, പോണ്ടിച്ചേരിയെയും നേരിടും.
ഒരു ടീമിന് രണ്ട് മത്സരം മാത്രമാണുള്ളത്.
2017-18 സീസണില്‍ സന്തോഷ് ട്രോഫി കേരളത്തിനായിരുന്നു. എന്നാൽ അവസാന സീസണില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കേരളം കാഴ്ചവെച്ചത്.