• 15 Nov 2019
  • 09: 59 PM
Latest News arrow

കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോ 'നീംജി' നിരത്തിലിറങ്ങി

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തമെന്ന് വിശേഷിപ്പിക്കാവുന്ന ഇ-ഓട്ടോ നിരത്തിലിറങ്ങി. 'നീംജി' എന്നാണ് ഓട്ടോയുടെ പേര്. 15 ഓട്ടോകളാണ് ആദ്യഘട്ടത്തിൽ നിരത്തിലിറങ്ങിയത്. സ്പീക്കർ ശ്രീരാമകൃഷ്ണൻ യാത്രക്ക് തുടക്കം കുറിച്ചു. തിരുവനന്തപുരത്ത് എംഎൽഎ മാരെ ഹോസ്റ്റലിൽ നിന്ന് നിയമസഭാ മന്ദിരത്തിലെത്തിച്ചായിരുന്നു 'നീംജി'യുടെ ആദ്യയാത്ര. ചാർജിംഗ് സ്റ്റേഷനുകൾ, എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കാൻ ആവശ്യപ്പെടുമെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞു. മലിനീകരണം തടയുന്നതിന് ഇ ഓട്ടോ വ്യാപകമാകണമെന്ന് വ്യവസായമന്ത്രി പറഞ്ഞു.

പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോ മൊബൈൽസ് ലിമിറ്റഡ് ആണ് ഇലക്ട്രിക് ഓട്ടോയായ 'നീംജി'യുടെ നിർമ്മാതാവ്.  തിരുവനന്തപുരം ആറാലുംമൂട്ടിലുള്ള കേരള ഓട്ടോ മൊബൈൽസ് ലിമിറ്റഡ് അഞ്ച് മാസം കൊണ്ടാണ് നീംജി രൂപകല്‍പ്പന ചെയ്തത്. സാധാരണ ഓട്ടോക്ക് സമാനമായി തന്നെയാണ് നീംജിയുടെ രൂപകൽപ്പന.

മൂന്നര മണിക്കൂർ ചാർജ് ചെയ്താൽ 100 കിലോമീറ്റർ യാത്ര ചെയ്യാം. വീട്ടിൽ തന്നെ ചാർജ് ചെയ്യാവുന്ന തരത്തിലാണ് സാങ്കേതികത. രണ്ട് ലക്ഷത്തി എൺപതിനായിരമാണ് വില. 30,000 രൂപ സർക്കാർ സബ്സിഡി നൽകും. യാത്രാച്ചിലവ് കിലോമീറ്ററിന് 50 പൈസ മാത്രമേ ആകുവെന്ന് കെ എ എൽ വിശദീകരിക്കുന്നു. ഈ മാസം 100 ഓട്ടോയും അടുത്ത മാർച്ചിനകം 1,000 ഓട്ടോയും വിപണിയിലെത്തിക്കുമെന്ന് കെ എ എൽ അറിയിച്ചു. . 

.