• 03 Feb 2023
  • 09: 30 PM
Latest News arrow

''അലന്‍ വാവേ... അമ്മയ്ക്കും വല്യമ്മയ്ക്കും ഉറക്കം വരുന്നില്ല''; വികാരനിര്‍ഭരം സജിത മഠത്തിലിന്റെ കുറിപ്പ്

കോഴിക്കോട്: മാവോയിസ്റ്റ് ലഘുലേഖകള്‍ കൈവശം വെച്ചെന്നാരോപിച്ച് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത യുവാക്കളില്‍ അലന്‍ ഷുഹൈബിന്റെ അമ്മയുടെ സഹോദരിയും നടിയുമായ സജിത മഠലത്തിന്റെ കുറിപ്പ് വൈറലാകുന്നു. റിമാന്‍ഡ് ചെയ്ത് വിയ്യൂര്‍ ജയിലിലേക്ക് അയക്കുന്ന അലനെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ചുകൊണ്ട് സജിത മഠത്തില്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് കരളലിയിക്കുന്നതാണ്. 

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങിനെ....

അലന്‍ വാവേ

വല്യമ്മക്കും അമ്മക്കും ഉറക്കം വരുന്നില്ല.
നിന്റെ നീളം ഉതുക്കാന്‍ തക്കവണ്ണം പണിയിച്ച കട്ടിലില്‍ ഞങ്ങള്‍ നിശ്ശബ്ദരായി ഇരിക്കുകയാണ്.
നിലത്ത് കിടന്നാല്‍ പുറംവേദന വരുമെന്ന് നീ പറയാറില്ലെ?

നാളെ നിന്നെ വിയ്യൂര്‍ ജയിലിലേക്ക് കൊണ്ടു പോകും. നിനക്കായി വസ്ത്രങ്ങള്‍ എടുത്തു വെക്കുമ്പോള്‍ നിന്റെ ചുവന്ന മുണ്ടുകള്‍ എന്നെ ഭയപ്പെടുത്തുന്നതു പോലെ! ഇനി വെള്ളമുണ്ടുകള്‍ മതിയല്ലെ?

രാത്രി പുസ്തകം വായിച്ചു ഉറങ്ങണ്ടെ? ഏത് പുസ്തമാണ് ബാഗില്‍ വെക്കേണ്ടത്? അല്ലെങ്കില്‍ നീ ഇനി ഒന്നും വായിക്കണ്ട! പുസ്തകം നിനക്ക് എത്തിക്കാന്‍ തന്നെ ഭയം തോന്നുന്നു.

നമുക്കിനി രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തണ്ട വാവേ... നിയമം പഠിക്കാന്‍ റാങ്കുമായി പുറപ്പെട്ട നീയിനി, നിയമത്തിന്റെ കുരുക്കഴിച്ച്,, അഴിച്ച്! ഇനി എത്ര നാള്‍?

പെട്ടെന്ന് തിരിച്ച് വായോ!

നിന്റെ കരുതലില്ലാതെ
അനാഥമായ ഞങ്ങള്‍!