വിവാഹാഘോഷയാത്രയെച്ചൊല്ലി തര്‍ക്കം: വധൂവരന്മാരുടെ ബന്ധുക്കള്‍ പൊരിഞ്ഞ തല്ല്; മൂന്ന് പേര്‍ക്ക് പരിക്ക്

സൂര്യപേട്ട് (തെലങ്കാന): തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയില്‍ നടന്ന ഒരു വിവാഹാഘോഷം അവസാനിച്ചത് കയ്യാങ്കളിയില്‍. വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. മൂന്ന് പേര്‍ക്ക് നിസ്സാര പരിക്കുകള്‍ പറ്റി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയില്‍ നിന്നുള്ള ഇന്ദ്രജ എന്ന യുവതിയുടെയും സൂര്യപേട്ട് ജില്ലയിലെ കൊഡാഡ് മണ്ഡലിലെ അജയ് എന്ന യുവാവിന്റെയും വിവാഹാഘോഷത്തിനിടയിലാണ് ബന്ധുക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ഒക്ടോബര്‍ 29നായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ശേഷം ഗ്രാമത്തിലൂടെ വിവാഹഘോഷയാത്ര നടത്തുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയില്‍ അവസാനിച്ചത്. ഇരു കൂട്ടരും കസേരകളെടുത്ത് പരസ്പരം പൊരുതി. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
തുടര്‍ന്ന് പൊലീസ് എത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. പരിക്കേറ്റവരെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. ഇവരോട് പരാതി എഴുതിത്തരാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷം അവര്‍ പൊലീസ് സ്റ്റേഷനിലെത്തി തങ്ങള്‍ക്ക് പരാതിയൊന്നുമില്ലെന്നും ദമ്പതികള്‍ സന്തോഷമായാണ് കഴിയുന്നതെന്നും അറിയിച്ചു.