• 15 Nov 2019
  • 10: 00 PM
Latest News arrow

മരുഭൂമിയിലൊരു വനയാത്ര!

റിയാദ്: സൗദി അറേബ്യയില്‍ റിയാദ് സീസൺ-2019 ന്റെ ഭാഗമായി മരുഭൂമിയിലൂടെ വനയാത്ര നടതതാം! . പക്ഷിമൃഗാദികൾ ഉൾപ്പെടെ 800 ജീവികൾ വിഹരിക്കുന്ന 'റിയാദ് സഫാരി പാർക്ക്' വെള്ളിയാഴ്ച മുതൽ പ്രവർത്തനം തുടങ്ങി. സന്ദർശകർക്ക് ഇവയെ അടുത്തറിഞ്ഞ് പാർക്കിനുള്ളിൽ സഞ്ചരിക്കാം. ഒരു ഓപ്പൺ എയർ തിയേറ്ററും വിവിധ വിനോദ പരിപാടികളും പാർക്കിലുണ്ടാവും.

മൃഗങ്ങൾക്ക് അവരുടെ സ്വാഭാവിക ആവാസവ്യവസ്ഥകളിൽ ജീവിക്കാൻ കഴിയും വിധമാണ് പാർക്ക് സജ്ജമാക്കിയിട്ടുള്ളത്. സ്വർണ്ണ കടുവ, വെള്ള കടുവ, ആഫ്രിക്കൻ സിംഹം, പിഗ്മി ഹിപ്പോപ്പൊട്ടാമസ്, ജിറാഫ്, അറേബ്യൻ കലമാൻ, ഏഷ്യൻ ആന, സീബ്ര, ആഫ്രിക്കൻ കുരങ്ങ് തുടങ്ങിയ മൃഗങ്ങളും 250 ഇനം പക്ഷികളും ഈ പാർക്കിലെ ആവാസ വ്യവസ്ഥയിലുണ്ടാകും.

സ്വൈരവിഹാരം നടത്തുന്ന മൃഗങ്ങൾക്കിടയിലൂടെ സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയും വിധം ലോകത്തിലെ ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡത്തോടെ സജ്ജീകരിച്ച വാഹനമാണ് സന്ദർശകരെ സഫാരി പാർക്കിനുള്ളിലേക്ക് കൊണ്ടുപോവുക.

പാർക്കിലെ ഓപ്പൺ എയർ തിയേറ്ററിൽ പ്രതിദിനം മൂന്നുനേരം  വിനോദ പരിപാടികൾ അരങ്ങേറും. മൃഗങ്ങളുടെ സർക്കസ്, ആഫ്രിക്കൻ നൃത്തപരിപാടി, അക്രോബാറ്റ് ഷോ തുടങ്ങിയവയുണ്ടാവും.

മുതലകൾ നിറഞ്ഞ ഒരു തടാകവും പാർക്കിനുള്ളിലുണ്ട്. ജലകേളികൾക്ക് സൗകര്യമുള്ള മറ്റൊരു തടാകവും പാർക്കിലുണ്ടാവും. എല്ലാ പ്രായക്കാരെയും ആകർഷിക്കുന്ന 25 ഇനം സാഹസിക കളികളുണ്ടാവും. ചിത്രരചനയിലും മറ്റ് കരകൗശല വിദ്യകളിലും പരിശീലനം നൽകുന്ന ശിൽപശാലയും നടക്കും.

ഗ്രാമീണ ഭക്ഷണശാല സജ്ജീകരിച്ചിരിക്കുന്നത് കുറ്റിക്കാട്ടിനുള്ളിലാണ്. ആഫ്രിക്കൻ വനാന്തരങ്ങളിലിരുന്ന് ഭക്ഷണം കഴിക്കുന്ന ഒരു പ്രതീതി ഇവിടെ അനുഭവിച്ചറിയാം.  ലോകത്തെ മുഴുവൻ വൈവിധ്യങ്ങളിലുമുള്ള ഭക്ഷണപാനീയങ്ങൾ ഇവിടെ കിട്ടും.

രാവിലെ 11നും രാത്രി ഒമ്പതിനും ഇടയിലാണ് പാർക്കിലേക്കുള്ള പ്രവേശനം. സര്‍ക്കസും മറ്റ് വിനോദ പരിപാടികളും കാണുന്നതുൾപ്പെടെ 50 റിയാലാണ് പ്രവേശന ഫീസ്. സഫാരി യാത്രയുള്‍പ്പെടെ നടത്താൻ 150 റിയാലാണ് ഫീസ്.