• 03 Feb 2023
  • 09: 49 PM
Latest News arrow

അണക്കെട്ട് തകരുമെന്ന് സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചാരണം; കേസെടുക്കാൻ ജില്ലാ കളക്ടറുടെ നിർദ്ദേശം

പത്തനംതിട്ട: കക്കി അണക്കെട്ട് തകരുമെന്ന വ്യാജവാര്‍ത്ത സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍  ജില്ലാ കളക്ടര്‍ പി ബി നൂഹ്  നിര്‍ദ്ദേശം നല്‍കി. വ്യാജവാര്‍ത്ത നല്‍കിയ അയിരൂര്‍ വേലൂര്‍ പതാലില്‍ വിജയ ഗോപാല്‍ എന്ന ആള്‍ക്കെതിരെയും ഈ വാര്‍ത്ത സത്യമാണെന്ന തരത്തില്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയത്.

"2019 നവംബര്‍ മൂന്നിന് പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴയെ തുടര്‍ന്ന് കക്കി അണക്കെട്ട് തകരുമെന്നും, റാന്നി താലൂക്കില്‍ വ്യാപകമായി മലയിടിച്ചില്‍ ഉണ്ടായി ധാരാളം ആളുകള്‍ മരിക്കുമെന്നു"മുള്ള തെറ്റായ വാര്‍ത്തയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

ജില്ലയില്‍ ശക്തമായ മഴ ലഭിക്കുന്നതിനാല്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് ജനങ്ങളില്‍ ഭയത്തിന് ഇടയാക്കുമെന്നതും ശബരിമല മണ്ഡലകാലം ഉടന്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ ഇത്തരം വാർത്തകൾ  ഇതരസംസ്ഥാന തീര്‍ത്ഥാടകരുടെ വരവിനെ ബാധിക്കുമെന്നതും കണക്കിലെടുത്താണ് ജില്ലാ കളക്ടറുടെ നടപടി.