• 15 Nov 2019
  • 10: 00 PM
Latest News arrow

'രുചിയുടെ മുത്തച്ഛന്‍ ഇനി ഓര്‍മ്മ'; യൂട്യൂബില്‍ ഹിറ്റായ ഗ്രാന്‍ഡ്പാ കിച്ചനിലെ നാരായണ റെഡ്ഢി അന്തരിച്ചു

യൂട്യൂബില്‍ ഏറെ പ്രചുരപ്രചാരം നേടിയ 'ഗ്രാന്‍ഡ്പാ കിച്ചനിലെ' മുത്തച്ഛന്‍ ഇനി ഓര്‍മ്മ. തെലങ്കാന സ്വദേശിയായ നാരയണ റെഡ്ഢി എന്ന മുത്തച്ഛന്‍ ഒക്ടോബര്‍ 27ന് അന്തരിച്ചു. 62 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരുള്ള അദ്ദേഹത്തിന്റെ ചാനലിലൂടെ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. 

നാട്ടിന്‍പുറത്തെ പറമ്പിലും തൊടിയിലും ഇരുന്ന് വലിയ അളവില്‍ പാകം ചെയ്യുന്ന മുത്തച്ഛന്റെ ഓരോ വീഡിയോയ്ക്കും ലക്ഷക്കണക്കിന് കാഴ്ചക്കാരാണുള്ളത്. ഇത്തരത്തില്‍ പാചകം ചെയ്യുന്ന ഭക്ഷണം അനാഥാലയങ്ങളിലേക്ക് നല്‍കും. നാടന്‍ രുചിക്കൂട്ടുകളും വിദേശീയമായ ഭക്ഷണങ്ങളുമെല്ലാം അദ്ദേഹം നിഷ്പ്രയാസം വിറകടുപ്പില്‍ പാകം ചെയ്‌തെടുക്കുന്നത് കാണാന്‍ തന്നെ രസകരമാണ്. മുറി ഇംഗ്ലീഷില്‍ വിവരണം നല്‍കി നിലത്ത് കുത്തിയിരുന്ന് പാചകം ചെയ്യുന്ന മുത്തച്ഛനെ ഇനി കാണാന്‍ സാധിക്കില്ലല്ലോ എന്നത് ആരാധകരെ ദു:ഖത്തിലാഴ്ത്തുന്നു.