• 29 Jan 2020
  • 11: 18 PM
Latest News arrow

ആകാശഗംഗ 2; വിനയന് ഇതെന്താ പറ്റിയേ...

വിനയന്‍ എന്ന സംവിധായകന്‍ ഇരുപതാം നൂറ്റാണ്ടില്‍ നിന്ന് ഇതുവരെ വണ്ടി കേറിയിട്ടില്ല; ആകാശഗംഗ 2 എന്ന സിനിമ കണ്ടപ്പോള്‍ ആദ്യം മനസ്സിലേക്ക് വന്നത് ഇതാണ്. ആദ്യത്തെ ആകാശഗംഗ എടുത്ത സമയത്തുള്ളതിനേക്കാള്‍ സാങ്കേതിക വിദ്യ ഏറെ മാറിയിട്ടുണ്ടെന്ന് സംവിധായകന്‍ വിനയന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രേക്ഷകരുടെ ചിന്താഗതിയില്‍ വന്ന മാറ്റം സംവിധായകന്‍ അറിഞ്ഞതേയില്ല. ഈ കാലഘട്ടത്തിന്റെ സിനിമാ സങ്കല്‍പ്പങ്ങളെ തൃപ്തിപ്പെടുത്താന്‍ സാധിക്കാതെ മനുഷ്യന്റെ യുക്തിയെ അതിക്രൂരമായ വിധം പരീക്ഷിക്കുകയാണ് ആകാശഗംഗ 2.  ആകാശഗംഗയില്‍പ്പോലും യുക്തിയുടെ അഭാവം കാണാം. എന്നിട്ട് പോലും ഇപ്പോഴും കാണാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ ആ സിനിമയിലുണ്ട്. എന്നാല്‍ ആകാശഗംഗയുടെ രണ്ടാം ഭാഗം കണ്ടപ്പോള്‍ തിയേറ്ററില്‍ നിന്നും ഇറങ്ങി ഓടാനാണ് തോന്നിയത്.

മാണിക്യശ്ശേരി തറവാട്ടിലെ അവസാനത്തെ സന്തതിയായ ഉണ്ണി വര്‍മ്മയെ കൊല്ലാന്‍ ചിതയില്‍ ജീവനോടെ ദഹിപ്പിക്കപ്പെട്ട ദാസിപ്പെണ്ണിന്റെ (ഗംഗ) പ്രേതത്തിനു അന്ന് സാധിച്ചിരുന്നില്ല. മേപ്പാടന്‍ വന്ന് അവളെ തളച്ചിരുന്നല്ലോ. ആകാശഗംഗ 2ല്‍ അവളെ വീണ്ടും മോചിപ്പിക്കുകയാണ്. പ്രതികാര ദാഹിയായ അവള്‍ വീണ്ടും ഉണ്ണി വര്‍മ്മയെ കൊല്ലാന്‍ നോക്കുന്നു. എന്നാല്‍ ഉണ്ണി വര്‍മ്മയെ ചുമ്മാ വന്നിട്ട് അങ്ങ് കൊന്നേച്ചും പോകാമെന്നല്ല അവളുടെ വിചാരം. എന്തായാലും വന്നില്ലേ... എന്നാപ്പിന്നെ എല്ലാരേയും ഒന്ന് പേടിപ്പിച്ചേച്ചും പോകാം. അതാണ് ഇത്തവണ ഗംഗയുടെ പ്രേതത്തിന്റെ ലക്ഷ്യം.

അങ്ങനെ ആകാശഗംഗ സിനിമ 'പേടിപ്പിക്കല്‍' തുടങ്ങുകയാണ്. ആദ്യം മെഡിക്കല്‍ കോളേജിലെ പിള്ളേരെയും സാറുമ്മാരെയും പേടിപ്പിക്കുകയാണ്. അനാട്ടമി ലാബില്‍ വൈദ്യം പഠിക്കുന്ന പിള്ളേര്‍ക്കായി കൊണ്ടുവന്ന ശവത്തിലാണ് ഗംഗ കണ്ണുവെച്ചത്. അതും കറുത്ത് തടിച്ചു കുടവയറൊക്കെയുള്ള ഒരു പുരുഷന്റെ ശവം. സാറ് (സലീംകുമാര്‍) പിള്ളേരെ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ശവം കണ്ണ് തുറക്കുന്നു, ചാടിയെഴുന്നേല്‍ക്കുന്നു, പിള്ളേരുടെ കഴുത്തിന് കുത്തിപ്പിടിക്കുന്നു. ആകെ ജഗപൊഗ. 

ശവം വൈലന്റായതോടെ ആളുകള്‍ നാലുപാടും ഓടുന്നു. തുടര്‍ന്ന് ഇവര്‍ പൊലീസിനെ വിളിക്കുകയാണ്. പിന്നെ ശവം പൊലീസിനെയും പേടിപ്പിക്കുന്നു. പേടിച്ച് ഓടുന്ന പൊലീസിനെ കാണിച്ചുകൊണ്ട് പകുതിയ്ക്ക് വെച്ചെന്നപോലെ ആ രംഗം തീര്‍ന്നു. ഒരു മെഡിക്കല്‍ കോളേജില്‍ ശവം എണീറ്റ് വന്നു എന്ന സംഭവം സാധാരണ ഗതിയില്‍ ചരിത്ര സംഭവമാകേണ്ടതാണ്. ഇവിടെ ഒരുമാതിരി.. ''ശവമല്ലേ അതു ചിലപ്പോള്‍ എണീറ്റോക്കെ നടക്കും.. അതിനെന്താ'' എന്നാ മട്ടാണ് എല്ലാര്‍ക്കും. ആ ശവത്തിന് പിന്നെ എന്ത് സംഭവിച്ചു എന്നൊന്നുമില്ല. ശവത്തില്‍ പ്രേതം കയറുന്നതോ ഇറങ്ങുന്നതോ ഒന്നും കാണിക്കുന്നില്ല. ഒക്കെ അനിഷ്ടസംഭവങ്ങള്‍... അത്രേയുള്ളൂ.

ഉണ്ണി വര്‍മ്മയെ കൊല്ലാന്‍ വന്നാല്‍ ഉണ്ണി വര്‍മ്മയെ കൊന്നേച്ചും പോണം. ഇത് ഉണ്ണിയുടെ പിറകെ പ്രേതം പോകുന്നതേയില്ല. തുടക്കത്തിലും അവസാന ഭാഗത്തും മാത്രമാണ് ഉണ്ണി വര്‍മ്മയെ കാണിക്കുന്നത്. ബാക്കിയുള്ളിടത്തെല്ലാം പ്രേതം ഉണ്ണിയുടെയും മായയുടെയും മകള്‍ ആരതിയെയും അവളുടെ കൂട്ടുകാരെയും അവരുടെ വീട്ടില്‍ താമസിക്കാന്‍ വരുന്ന പൊലീസുകാരന്റെയും ഒക്കെ പിറകെ പോയി അവരെ പേടിപ്പിച്ച് നടക്കുകയാണ്. 

പിന്നെ കാലം മാറിയില്ലേ..., വെള്ളസാരി മാത്രമുടുത്ത് ചെന്നാല്‍ എല്ലാവരെയും പേടിപ്പിക്കാന്‍ പറ്റില്ലെന്ന് പ്രേതത്തിനും നല്ല പോലെ അറിയാം. അതുകൊണ്ട് പുതിയ വേഷഭൂഷാധികളൊക്ക പ്രേതം പരീക്ഷിക്കുന്നുണ്ട്. ചിലപ്പോള്‍ വെള്ളസാരിയുടുത്തു മുടിയൊക്കെ അഴിച്ചിട്ടു നടക്കും. ചിലപ്പോള്‍ തുണിയില്ലാതെ നടക്കും. വേറെ ചിലപ്പോള്‍ കഥാപാത്രങ്ങളുടെ രൂപത്തില്‍ വികൃത കോലമായി വരും. പ്രേതത്തിന്റെ ഓരോ വികൃതികളേ...

നേരത്തെ സാങ്കേതിക വിദ്യയിലുണ്ടായ മാറ്റത്തെ കുറിച്ച് വിനയന്‍ പറഞ്ഞതായി സൂചിപ്പിച്ചല്ലോ. പുള്ളിക്കാരന്‍ ഉദ്ദേശിച്ചത് ഗ്രാഫിക്‌സ് ആണ്. പക്ഷേ, മാറീന്നേ അറിയൂ.. എത്ര വരെ മാറീന്നു അറിയില്ല. അക്കാര്യത്തില്‍ ആള് ശിശുവാണ്. അതിന്റെ ഫലം അനുഭവിക്കുന്നതോ പ്രേക്ഷകരും. 

രംഗങ്ങള്‍ക്ക് ഒന്നും തന്നെ തുടര്‍ച്ചയില്ലായിരുന്നു. ഒപ്പം രംഗങ്ങളെല്ലാം പകുതി വെച്ച് നിലര്‍ത്തിക്കളയുകയും ചെയ്യുന്നു. ആരതി വര്‍മ്മയായി അഭിനയിച്ച നടിയുടെ അഭിനയം മോശമായിരുന്നു. ചിത്രത്തിലെ ഒരു പാട്ട് തീരെ നിലവാരമില്ലാത്തതായിരുന്നു. തുടക്കവും അവസാനവും ഇല്ലാത്ത പാട്ട്. ഏല്‍ക്കാതെ പോയ തമാശകള്‍. ധര്‍മജന്‍ ബോള്‍ഗാട്ടിയും ഇന്‍സ്‌പെക്ടര്‍ ബല്‍റാം ആയി അഭിനയിച്ച നടനും തങ്ങളുടെ പ്രകടനങ്ങളിലൂടെ നിലവാരമില്ലാത്ത തമാശയെ അവതരിപ്പിക്കാന്‍ കിണഞ്ഞു പരിശ്രമിച്ചിട്ടുണ്ട്. തമാശ രംഗങ്ങളെ മാത്രം എന്തിനു പറയുന്നു. നിലവാരമുള്ള ഒരു രംഗം പോലും ചിത്രത്തിലുണ്ടായിരുന്നില്ല. വെള്ള സാരിയുടുത്ത് പറമ്പിലൂടെ ഉലാത്തുന്ന പ്രേതത്തെ കാണുന്ന ധര്‍മ്മജന്റെ കഥാപാത്രത്തിന്റെയും ആരതി വര്‍മ്മയുടെയും രംഗങ്ങള്‍, ആകാശഗംഗ ഒന്നിലെ ഭാഗങ്ങള്‍ മുറിച്ച് രണ്ടാം ഭാഗത്തോട് ചേര്‍ത്ത് വെച്ചത്, ആരതി വര്‍മ്മ അവസാനം പ്രേതം ബാധിച്ച സമയത്ത് പറയുന്ന യമണ്ടന്‍ ഡയലോഗുകളും കണ്ണഞ്ചിപ്പിക്കുന്ന ഭാവപ്രകടനങ്ങളും, ക്ലൈമാക്‌സ് രംഗങ്ങള്‍.. തുടങ്ങി, എന്താ പറയുക... വിനയന് ഇതെന്താ പറ്റിയേ...?

ഒരു സിനിമയുടെ നിരൂപണം എഴുതുമ്പോള്‍ മോശം മാത്രം പറഞ്ഞാല്‍ പോരല്ലോ... നല്ലതും പറയണം. തുടക്കത്തില്‍ തന്നെ സിനിമയുടെ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലായിരുന്നു. അതുകൊണ്ട് ഈ സിനിമയിലെ നല്ല കാര്യങ്ങള്‍ കണ്ടെത്താനുള്ള പരിശ്രമമായിരുന്നു പിന്നീടങ്ങോട്ട്. അങ്ങനെ കണ്ടെത്തിയ കാര്യങ്ങള്‍ ഇവയാണ്. പുതുമഴയായി വന്നു... എന്ന പാട്ട് വീണ്ടും കേട്ടപ്പോള്‍ നല്ല ആശ്വാസം തോന്നി. ടീവിയിലൂടെ മാത്രം കണ്ട സിനിമയിലെ ചില രംഗങ്ങള്‍ ബിഗ് സ്‌ക്രീനില്‍ കണ്ടപ്പോ നൊസ്റ്റാള്‍ജിയ അടിച്ചു. രമ്യ കൃഷ്ണന്‍, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, ഹരീഷ് കണാരന്‍, ഹരീഷ് പേരടി, സുനില്‍ സുഖ്ദ തുടങ്ങിയ താരങ്ങളൊക്കെ തങ്ങളെ ഏല്‍പ്പിച്ച പണി വൃത്തിയായി ചെയ്തു. ഇത്രയൊക്കെയേയുള്ളൂ. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവയിലാണ് പിഴച്ചത്. അതുകൊണ്ട് മറ്റ് സാങ്കേതിക വശങ്ങള്‍ എത്ര നന്നായിരുന്നാലും പ്രയോജനമില്ലല്ലോ.

എന്തായാലും കുറ്റം പറച്ചില്‍ ഇവിടെ നിര്‍ത്തുകയാണ്. ആകാശഗംഗ എന്ന  പേരും മലയാള സിനിമ ഏറെ മുന്‍പോട്ടു പോയ ഈ കാലഘട്ടത്തില്‍ വിനയന്‍ എന്ന സംവിധായകനില്‍ നിന്നും മികച്ച സൃഷ്ടി ഉണ്ടാകുമെന്ന അമിത പ്രതീക്ഷയുമാണ് ഈ ചിത്രത്തിന് കയറാന്‍ പ്രേരിപ്പിച്ചത്. യൂട്യൂബില്‍ റിലീസ് ചെയ്ത  ചിത്രത്തിന്റെ ട്രെയിലറിന്റെ കമന്റ്‌സ് സെക്ഷന്‍ ഡിസേബിള്‍ ചെയ്തപ്പോഴേ മനസിലാക്കേണ്ടിയിരുന്നു സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കു ഈ സിനിമയിലുള്ള ആത്മവിശ്വാസം.