• 06 Dec 2022
  • 03: 59 PM
Latest News arrow

ബാർ..ബാർ...സംസ്ഥാനത്തെ ബാർക്കണക്ക് ഇങ്ങനെ

തിരുവനന്തപുരം: ഇപ്പോഴത്തെ എൽ.ഡി.എഫ് സർക്കാർ വന്നതിനു ശേഷം സംസ്ഥാനത്ത് 536 ബാറുകൾ അധികമായി തുറന്നുവെന്ന് കണക്കുകൾ. ഇതിൽ 158 എണ്ണത്തിന് പുതിയതായി ലൈസൻസ് അനുവദിച്ചു കിട്ടിയതാണ്. ബീയർ പാർലറുകളായി പ്രവർത്തിച്ചവയ്ക്ക് പിന്നീട് ത്രീ സ്റ്റാർ പദവി ലഭിച്ച ശേഷം ബാർ ലൈസൻസ് അനുവദിക്കപ്പെട്ടതാണ് ശേഷിക്കുന്ന 378 എണ്ണം. യുഡിഎഫ് സർക്കാരിന്റെ കാലാവധി അവസാനിക്കുമ്പോൾ സംസ്ഥാനത്ത് 29 ബാറുകൾ മാത്രമാണ് ഉണ്ടായിരുന്നതെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ നിയമസഭയിൽ അറിയിച്ചു. പുതിയ ബാർ ലൈസൻസുകൾ അനുവദിച്ചതിലൂടെ എൽഡിഎഫ് സർക്കാരിനു ലഭിച്ചത് 44.19 കോടി രൂപയാണ്.

10 വർഷത്തിനിടെ ഏകദേശം ഒരു ലക്ഷം കോടിരൂപയുടെ മദ്യമാണ് വിറ്റത്. ബാറുകൾ, ബവ്റിജസ് ഔട്ട്‌ലെറ്റുകൾ എന്നിവയിലൂടെ 2009 മുതൽ 2019 വരെ വിറ്റത് 99,473 കോടി രൂപയുടെ മദ്യമെന്ന് കണക്കുകൾ പറയുന്നു. . കള്ളുഷാപ്പുകളിലെ വിൽപനയുടെ കണക്ക് ഇതിനു പുറമേയാണ്. ഇക്കാലയളവിൽ മദ്യപാനത്തിൽ വര്ധനയുമുണ്ടായി.

സംസ്ഥാനത്ത് ഇപ്പോഴുള്ള ബാറുകളുടെ എണ്ണം (ബ്രാക്കറ്റിൽ യുഡിഎഫ് സർക്കാരിന്റെ കാലാവധി അവസാനിക്കുമ്പോൾ സംസ്ഥാനത്ത് ഉണ്ടായിരുന്ന ബാറുകളുടെ എണ്ണം): തിരുവനന്തപുരം-52 (6), കൊല്ലം-49 (2),  പത്തനംതിട്ട-18 (0),  ആലപ്പുഴ-34 (2),  കോട്ടയം-50 (2), ഇടുക്കി-24 (0,)  എറണാകുളം 133-(12),  തൃശൂർ-74 (1),  പാലക്കാട് 38-(0),  മലപ്പുറം-18 (1),  കോഴിക്കോട്-33 (1),  വയനാട്-6(1), കണ്ണൂർ-27 (0), കാസർകോട്-9 (1).