• 29 Jan 2020
  • 11: 09 PM
Latest News arrow

മുഖ്യമന്ത്രീ... നാല് പേരെ കൊന്നിട്ട് ന്യായം പറയുന്നോ?

മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന വിഷയങ്ങളെ അഭിമുഖീകരിക്കാനോ കൃത്യമായ ഉത്തരം നല്‍കാനോ അത്തരം വിഷയങ്ങളെ പരിഹരിക്കാനോ സാധിക്കാത്ത സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. ഒരു കാട്ടുപന്നിയെ വെടിവെച്ചാല്‍പ്പോലും കേസെടുക്കാനും ശിക്ഷിക്കപ്പെടാനും നിയമം ഉള്ള നാട്ടില്‍ നാല് മനുഷ്യരെ സര്‍ക്കാരിന്റെ ഏജന്‍സിയായ പൊലീസ് വെടിവെച്ച് കൊന്നിരിക്കുകയാണ്. 

ആരെങ്കിലും കുറ്റകൃത്യം ചെയ്താല്‍ അതില്‍ കേസെടുക്കുകയും അവരെ വിചാരണയ്ക്കായി കോടതിയില്‍ എത്തിക്കുകയും ചെയ്യാനുള്ള ഉത്തരവാദിത്വമാണ് പൊലീസിനുള്ളത്. അവരെ ശിക്ഷിക്കാന്‍ പൊലീസിന് യാതൊരു അധികാരവുമില്ല. അത് ചെയ്യേണ്ടത് കോടതിയാണ്. എന്നാല്‍ ഇവിടെ പൊലീസ് തന്നെ കോടതിയാകുന്നു. എഫ്‌ഐആറോ തെളിവുകളോ സാക്ഷികളോ ഒന്നുമില്ലാതെ കണ്ടമാത്രയില്‍ ആളുകളെ വെടിവെച്ചു കൊല്ലുന്നു. എത്ര പ്രാകൃതമായ ഒരു അവസ്ഥയിലേക്കാണ് കേരള പൊലീസ് എത്തിപ്പെട്ടിരിക്കുന്നത്. 

ഏഴ് മാവോയിസ്റ്റുകളെയാണ് ഇടതുപക്ഷ സര്‍ക്കാര്‍ ഇതുവരെ കൊലപ്പെടുത്തിയിരിക്കുന്നത്. എന്തിനാണ് അവരെ കൊലപ്പെടുത്തിയത്? അവര്‍ പൊലീസിനെ ആക്രമിച്ചു. അതുകൊണ്ട് അവരെ കൊന്നു. പൊലീസിനെ ആക്രമിക്കുന്നവരെ പൊലീസിന് വെടിവെച്ച് കൊല്ലാമെന്ന് ഏത് നിയമപുസ്തകത്തിലാണ് എഴുതിയിട്ടുള്ളത്?

നിയമവിരുദ്ധമെന്ന് മാത്രമല്ല, തികച്ചും പ്രാകൃതമായ പൊലീസിന്റെ ഈ ചെയ്തിയെ സംസ്ഥാന മുഖ്യമന്ത്രി ന്യായീകരിക്കുക കൂടി ചെയ്തിരിക്കുന്നു. സ്വയം രക്ഷയ്ക്കായിട്ടാണത്രെ പൊലീസ് മാവോയിസ്റ്റുകളെ വെടിവെച്ചതെന്ന്. സ്വന്തം ജീവന്‍ അപകടത്തില്‍പ്പെടുന്നുവെന്ന് തോന്നുന്ന രീതിയില്‍ എന്ത് അപകടമാണ് പൊലീസിന് ഉണ്ടായത്? നാല് മനുഷ്യരെ കൊലപ്പെടുത്തിയ തണ്ടര്‍ബോള്‍ട്ട് സംഘത്തിലെ ഒരാള്‍ക്ക് പോലും ചെറിയ പോറല്‍ പോലുമേറ്റിട്ടില്ല. അതേസമയം മാവോയിസ്റ്റുകളില്‍ നാല് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. 

ഇവിടെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ചോദ്യം പ്രസക്തമാണ്. ''മാവോയിസ്റ്റുകള്‍ വെച്ച വെടിയെല്ലാം പിന്നെ മരത്തിലാണോ കൊണ്ടത്'' എന്ന്. മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ക്ക് വെടിയുണ്ടയല്ല പരിഹാരമെന്ന് 1967 മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കൈക്കൊണ്ട നയമാണ്. 67ലെ നക്‌സല്‍ ബാരി ആക്രമണത്തിന് ശേഷം തീവ്രവാദ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തോട് വ്യത്യസ്തമായ സമീപനമാണ് പാര്‍ട്ടിക്കുള്ളതെന്ന് കാനം പറയുന്നു. അവര്‍ വഴി തെറ്റിയ സഹോദരന്‍മാരാണെന്നും വിപ്ലവത്തിന്റെ ശത്രുക്കളല്ലെന്നുമാണ് പാര്‍ട്ടിയെടുത്തിരിക്കുന്ന നിലപാട്. ആ നിലപാടിന് തികച്ചും കടകവിരുദ്ധമായ പ്രവര്‍ത്തിയാണ് ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. 

പൊലീസിന്റെ ഉത്തരവാദിത്വമെന്ന് പറയുന്നത് പൗരന്റെ ജീവനും സ്വത്തിനും സുരക്ഷ നല്‍കുക എന്നതാണ്. രാജ്യത്ത് നിയമവാഴ്ച ഉറപ്പാക്കുക എന്നതാണ്. അല്ലാതെ പൗരന്‍മാരെ വെടിവെച്ചുകൊല്ലുക എന്നതല്ല. കൊല്ലാനുള്ള അധികാരം പൊലീസിന് ആരാണ് നല്‍കുന്നത്? 

മാവോയിസ്റ്റുകള്‍ ജനങ്ങളുടെ ജീവനും സ്വത്തും നശിപ്പിച്ചോ? ജനങ്ങളുടെ സമാധാനം കെടുത്തിയോ? സമാധാനത്തിന്റെ പാതയില്‍ നിന്ന് ഇവര്‍ വ്യതിചലിച്ചുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അവര്‍ സമാധാനം കെടുത്തിയിട്ടുണ്ട്... ജനങ്ങള്‍ക്ക് നീതി നിഷേധിക്കുന്നവരുടെ, ജനങ്ങളെ കൊള്ളയടിക്കുന്നവരുടെ, അവരെ അടിച്ചമര്‍ത്തുന്നവരുടെ. അത് തന്നെയാണ് അവരെ ഉന്‍മൂലനം ചെയ്യാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതും. 

രാജ്യത്ത് പലഭാഗത്തും മാവോയിസ്റ്റുകള്‍, നിരപരാധികളെ കൊന്നൊടുക്കുന്നുവെന്ന് സിപിഎം പറയുന്നു. അതുകൊണ്ടാണ് ആ നാല് പേരെ കൊലപ്പെടുത്തിയതത്രെ. ആ നിരപരാധികളെ കൊന്നവരാണോ ഈ നാല് പേര്‍? എന്തൊരു യുക്തിയാണിത്?

മാവോയിസ്റ്റുകള്‍ ആയുധമേന്തി നടത്തുന്ന പ്രവര്‍ത്തനങ്ങളോട് ആര്‍ക്കും യോജിപ്പില്ല. പക്ഷേ, അതിന് അവരെ വെടിവെച്ച് കൊല്ലുന്നതെന്തിനാണ്? അവരുടെ കയ്യില്‍ തോക്കുണ്ടായിരുന്നു. അതുകൊണ്ട് അവര്‍ കൊല്ലപ്പെടാന്‍ അര്‍ഹരായിരുന്നുവെന്നോ? അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസുകളിലേ, കോടതി പോലും വധശിക്ഷ നല്‍കൂ. ആ സാഹചര്യത്തിലാണ്, കണ്ട മാത്രയില്‍ മനുഷ്യരെ വെടിവെച്ചു കൊല്ലുന്ന രീതിയിലേക്ക് കേരള പൊലീസും ഇടതുപക്ഷ സര്‍ക്കാരും മാറിയിരിക്കുന്നത്.

പൊലീസ് ഇപ്പോള്‍ ഈ കേസ് അന്വേഷിക്കുന്നുണ്ടെന്നാണ് പറയുന്നത്. പൊലീസിന് ചെയ്ത കുറ്റകൃത്യത്തിന് പൊലീസ് തന്നെ അന്വേഷണം നടത്തുമ്പോള്‍ എന്ത് നീതിയാണ് പുലരുക എന്ന് ബോധമുള്ള ആര്‍ക്കും മനസ്സിലാക്കാന്‍ പറ്റും. അതുകൊണ്ട് തന്നെയാണ് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കേരളത്തിലെ നീതിബോധമുള്ള മനസ്സുകള്‍ ആവശ്യപ്പെടുന്നത്. 

സര്‍ക്കാരിന്റെ മര്‍ദ്ദനോപകരണമാണ് പൊലീസെന്ന് ഭരണകക്ഷിയിലുള്ളവര്‍ പോലും പറയുന്നു. സര്‍ക്കാര്‍ അനുവാദം കൊടുക്കാതെ ഒരു പൊലീസും ഒരു വ്യാജ ഏറ്റമുട്ടല്‍ നടത്തില്ല. അതുകൊണ്ട് ആ നാല് മനുഷ്യരെ കൊന്ന കുറ്റത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഇടതുപക്ഷ സര്‍ക്കാരിനും മുഖ്യമന്ത്രിയ്ക്കും സാധിക്കില്ല.