• 27 May 2020
  • 01: 52 PM
Latest News arrow

"എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളെ കടല്‍ വിഴുങ്ങും; മുംബൈ നഗരം അപ്രത്യക്ഷമാകും"- ക്ലൈമെറ്റ് സെന്‍ട്രലിന്റെ മുന്നറിയിപ്പ്

കൊച്ചി: മധ്യകേരളത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും മുപ്പത് വര്‍ഷത്തിനുള്ളില്‍ കടലിനടിയിലാകുമെന്ന് മുന്നറിയിപ്പ്. കുട്ടനാട് പ്രദേശം, വൈക്കം, തൃശൂരിന്റെ ഭാഗങ്ങള്‍ എന്നിവ വെള്ളത്തിനടിയിലാകുമെന്നാണ് ന്യൂ ജേഴ്‌സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സയന്‍സ് ഓര്‍ഗനൈസേഷനായ 'ക്ലൈമെറ്റ് സെന്‍ട്രലി'ന്റെ പഠനത്തില്‍ വ്യക്തമാകുന്നത്. 2050 ആകുമ്പോഴേയ്ക്കും കടലിലെ ജലനിരപ്പ് 1 മുതല്‍ 2 മീറ്റര്‍ വരെ ഉയരും. ഇതോടെ ലോകത്തിലെ പല രാജ്യങ്ങളുടെയും മിക്ക ഭാഗങ്ങളും കടലിനടിയിലാകുമെന്നാണ്  'നാച്ച്വര്‍ കമ്മ്യൂണിക്കേഷന്‍' എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ന്യൂ ഡിജിറ്റല്‍ ഇലവേഷന്‍ മോഡലില്‍ ക്ലൈമെറ്റ് സെന്‍ട്രല്‍ വിശദീകരിക്കുന്നത്. 

ആഗോള താപനത്തിന്റെ പ്രത്യാഘാതങ്ങളാണ് ഇത്. അന്റാര്‍ട്ടിക്കയിലെയും ഹിമാലയത്തിലെയും മഞ്ഞുപാളികള്‍ ഉരുകുന്നിനോടൊപ്പം ചുഴലിക്കാറ്റും അതിശക്തമായ മഴയുമെല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളെ രൂക്ഷമായ രീതിയില്‍ ബാധിക്കുന്നുണ്ട്. ഇതിന്റെ ഭീകരമായ പ്രത്യാഘാതം മധ്യകേരളത്തിലും തീരപ്രദേശങ്ങളിലുമുണ്ടാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന പഠനത്തില്‍ വ്യക്തമാകുന്നത്. 

ഇപ്പോള്‍ തന്നെ കേരളം രൂക്ഷമായ കാലാവസ്ഥാ പ്രതിഭാസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. 2018-ലും 2019-ലും ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് സംസ്ഥാനത്ത് ഉണ്ടായത്. കഴിഞ്ഞ 80 വര്‍ഷങ്ങളിലായി കൊച്ചിയില്‍ 14 സെന്റീമീറ്റര്‍ വരെ കടല്‍പ്പരപ്പ് ഉയര്‍ന്നിട്ടുണ്ട്. വര്‍ഷം 1.2 സെന്റീമീറ്റര്‍ വീതമാണ് കടല്‍പ്പരപ്പ് ഉയരുന്നത്. 

എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളെയാണ് പ്രതിസന്ധി രൂക്ഷമായി ബാധിക്കുക. എറണാകുളം ജില്ലയിലെ എടവനക്കാട് മുതല്‍ ചെല്ലാനം വരെയുള്ള തീരുവും ആലപ്പുഴയിലെ അന്ധകാരനഴി മുതല്‍ വലിയഴീക്കല്‍ വരെയുള്ള തീരവും കടല്‍ വിഴുങ്ങും. കോട്ടയം ജില്ലയിലെ വൈക്കവും കുമരകവും തൃശൂര്‍ ജില്ലയിലെ പറപ്പൂര്‍ മുതല്‍ ആറാട്ടുപുഴ വരെയുള്ള മേഖലകളും വെള്ളത്തിനടിയിലാകും. കുട്ടനാട് തുടച്ച് നീക്കപ്പെടാനുള്ള സാധ്യതയും 'ക്ലൈമെറ്റ് സെന്‍ട്രല്‍' പ്രവചിക്കുന്നുണ്ട്. 

2014 മുതല്‍ ആഗോള താപനില 1.5 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഉയര്‍ന്നിരിക്കുന്നത്. കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ നിലയും 400പിപിഎമ്മിന് (പാര്‍ട്‌സ് പെര്‍ മില്യണ്‍) മുകളില്‍ പോയി. കടലിലെ ജന്തുജാലങ്ങളിലും മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. പല ജീവിവര്‍ഗങ്ങളും അപ്രത്യക്ഷമായി. പുതിയ ജീവിവര്‍ഗങ്ങള്‍ ഉടലെടുത്തു. 

2050 ആകുമ്പോഴേയ്ക്കും ജലനിരപ്പ് ഉയരുന്നത് നേരത്തെ കരുതിയിരുന്നതിന്റെ മൂന്നിരട്ടി ആളുകളെ ബാധിച്ചേക്കുമെന്നാണ് പുതിയ പഠനത്തില്‍ വ്യക്തമാകുന്നത്. ഇന്ത്യയുടെ സാമ്പത്തിക ആസ്ഥാനവും ഏഷ്യയിലെ വന്‍നഗരങ്ങളിലൊന്നുമായ മുംബൈ നഗരം തുടച്ച് നീക്കപ്പെടും. വിയറ്റ്‌നാമില്‍ 2 കോടിയിലധികം ജനങ്ങള്‍ വെള്ളത്തിനടിയിലാകും. മൊത്തം ജനസംഖ്യയുടെ കാല്‍ഭാഗമാണിത്. രാജ്യത്തിന്റെ സാമ്പത്തിക കേന്ദ്രം എന്നറിയപ്പെടുന്ന ഹോ ചി മിന്‍ നഗരവും അപ്രത്യക്ഷമാകും. 

തായ്‌ലന്‍ഡിലെ പത്ത് ശതമാനത്തിലധികം ആളുകള്‍ വെള്ളത്തിനടിയിലാകും. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക രാഷ്ട്രീയ, വാണിജ്യ നഗരമായ ബാങ്കോക്കിനെയാണ്. ഷങ്ഹായി നഗരത്തെയും വെള്ളം കവര്‍ന്നെടുക്കുമെന്ന് ക്ലൈമെറ്റ് സെന്‍ട്രലിന്റെ പഠനത്തില്‍ വ്യക്തമാകുന്നു.  

 

 

Editors Choice