• 15 Nov 2019
  • 09: 59 PM
Latest News arrow

ലുലു ഗ്രൂപ്പിന് വിശാഖപട്ടണത്ത് ഭൂമി അനുവദിച്ച ടി.ഡി.പി സർക്കാറിന്റെ നടപടി ജഗൻ സർക്കാർ റദ്ദാക്കി

അമരാവതി: പ്രവാസി വ്യവസായി എം.എ യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പിന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് കൺവെൻഷൻ സെൻറർ തുടങ്ങാനായി 13.83 ഏക്കർ ഭൂമി അനുവദിച്ച  മുൻ സർക്കാരിന്റെ തീരുമാനം ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം റദ്ദാക്കി.

ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഏക്കറിന് 50 കോടി രൂപ മതിപ്പുവിലയുള്ള ഭൂമി 2017 ജൂലായിലാണ് മാസം 4.51 ലക്ഷം രൂപ പാട്ടത്തിന് ലുലു ഗ്രൂപ്പിന് നൽകിയത്. 2,200 കോടി രൂപ  മുതൽമുടക്കിൽ സമ്മേളനഹാളുകൾ, പഞ്ചനക്ഷത്ര ഹോട്ടൽ, കച്ചവടകേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ പണിയുന്നതിനാണ് ഭൂമി കൊടുത്തത്. അന്ന് പ്രതിപക്ഷത്തായിരുന്ന ഇന്നത്തെ ഭരണകക്ഷിയായ വൈ.എസ്.ആർ കോൺഗ്രസ് ഈ തീരുമാനത്തെ ശക്തമായി എതിർത്തിരുന്നു.

പദ്ധതി ലേലം പിടിക്കാനെത്തിയ ഏക കക്ഷിയായ ലുലു ഗ്രൂപ്പിന് ഭൂമി അനുവദിച്ചതിലൂടെ കേന്ദ്ര വിജിലൻസ് കമ്മീഷന്റെ ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് നായിഡു സർക്കാർ നടത്തിയതെന്ന് വൈ.എസ് ജഗൻ മോഹൻ റെഡ്‌ഡി നേതൃത്വം നൽകുന്ന മന്ത്രിസഭയുടെ യോഗം ആരോപിച്ചു.

കൃഷ്ണ ജില്ലയിലെ ജഗ്ഗയ്യാപേട്ടിൽ 498.93 ഏക്കർ ഭൂമി നായിഡുവിന്റെ ബന്ധുവിന്റെ കമ്പനിക്ക് അനുവദിച്ച തീരുമാനവും മന്ത്രിസഭായോഗം റദ്ദാക്കി.