ഐ.എസ്.എൽ: ചെന്നൈയിന്‍ എഫ്.സിയെ പരാജയപ്പെടുത്തി എടികെ മുന്നിൽ

ചെന്നൈ: തുടര്‍ച്ചയായ രണ്ടാം വിജയവുമായി എടികെ ( അത്‌ലറ്റികോ ഡി കൊൽക്കത്ത) ഐ.എസ്.എൽ ഫുട്‍ബോളിൽ മുന്നില്‍. ചെന്നൈയിന്‍ എഫ്.സിയെ അവരുടെ ഹോംഗ്രൗണ്ടില്‍ ഡേവിഡ് വില്ല്യംസ് നേടിയ ഒരു ഗോളിനാണ് കൊല്‍ക്കത്ത തോല്‍പ്പിച്ചത്. ഇതോടെ ആറു പോയിന്റുമായി എടികെ പട്ടികയില്‍ ഒന്നാമതെത്തി.
ഗോള്‍രഹിതമായിരുന്ന ആദ്യ പകുതിക്കു ശേഷം 48-ാം മിനിറ്റില്‍ അഗസ്റ്റിന്‍ ഇനിഗ്യൂസ് വെട്ടിയ ഗോൾ വഴിയിലൂടെ ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വില്ല്യംസ് വലകുലുക്കുകയായിരുന്നു.
തുടർന്ന് ചെന്നൈയിന്‍ എഫ്.സി ഗോൾ തിരിച്ചടിക്കാനായി ശ്രമിച്ചെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. 14-ാം മിനിറ്റില്‍ കൊല്‍ക്കത്ത പെനാല്‍റ്റിക്കായി വാദിച്ചെങ്കിലും റഫറി അനുവദിച്ചിരുന്നില്ല. മൂന്നു മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവും ഒരു തോല്‍വിയുമാണ് എടികെയ്ക്കുള്ളത്. ചെന്നൈയിൻ എഫ്.സി രണ്ടു തോല്‍വിയും ഒരു സമനിലയുമായി പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.
അതിനിടെ, കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കലൂർ സ്റ്റേഡിയത്തിൽ ഫുട്‌ബോൾ മത്സരങ്ങൾക്ക് വിനോദനികുതി ഏർപ്പെടുത്താനുള്ള നീക്കത്തിൽ കൊച്ചി കോർപ്പറേഷനും കേരളാ ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള തർക്കം തുടരുകയാണ്. വിവിധ സർക്കാർ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും നിസ്സഹകരണം കാരണം കൊച്ചി വിടേണ്ടിവരുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ ബ്ലാസ്റ്റേഴ്‌സിന് കൊച്ചി വിടേണ്ടിവരില്ലെന്നും പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.