ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനലിൽ അടിയറവ്; സാത്വിക്-ചിരാഗ് സഖ്യത്തിന് വെള്ളി

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനലില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന പുരുഷ ഡബിള്‍സിലെ സാത്വിക്‌സായ്‌രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യത്തിന് വെള്ളി മെഡൽ. ഇന്തോനേഷ്യയുടെ ലോക ഒന്നാംനമ്പര്‍ സഖ്യമായ മാര്‍ക്കസ് ഗിഡിയോണ്‍-കെവിന്‍ സുകാമുല്‍ജോ എന്നിവരോട് സാത്വിക്-ചിരാഗ് സഖ്യം അടിയറവ് പറഞ്ഞതോടെയാണ് വെള്ളിയിൽ ഒതുങ്ങിയത്. സ്‌കോര്‍ 18-21, 16-21.
തായ്‌ലന്‍ഡ് ഓപ്പണില്‍ കിരീടം നേടിയിരുന്നു സാത്വിക്-ചിരാഗ് സഖ്യം.
ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലില്‍ തോറ്റെങ്കിലും വേള്‍ഡ് ടൂര്‍ 750 ടൂര്‍ണമെന്റില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ സഖ്യമായി ഇരുവരും മാറി.
ടൂര്‍ണമെന്റില്‍ ഫൈനലിൽ കാലിടറിയതൊഴിച്ചാൽ ഇന്ത്യന്‍ ജോഡി വിസ്മയകരമായ പ്രകടനമാണ് കാഴ്ചവെച്ചത്. ലോകചാമ്പ്യന്മാരായ ഇന്തോനേഷ്യയുടെ മുഹമ്മദ് അഹ്‌സാന്‍-ഹേന്ദ്ര സെതിയവാന്‍ സഖ്യത്തെ പ്രീക്വാര്‍ട്ടറില്‍ അട്ടിമറിച്ചു. ക്വാര്‍ട്ടറില്‍ ലോക എട്ടാം റാങ്കുകാരായ ഡെന്മാര്‍ക്കിന്റെ കിം അസ്ട്രപ്- ആന്‍ഡേഴ്‌സ് സ്‌കാര്‍പ് സഖ്യത്തേയും സെമിയില്‍ ജപ്പാന്റെ ലോക 6-ാം റാങ്കുകാരായ ഹിരോയുകി- യുത സഖ്യത്തേയും തോല്‍പ്പിച്ചാണ് സാത്വിക്കും ചിരാഗും ഫൈനലിലെത്തിയത്.
ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍നിന്നും ഇന്ത്യയുടെ പ്രതീക്ഷകളായിരുന്ന ലോകചാമ്പ്യൻ പി.വി സിന്ധുവും സൈന നെഹ്‌വാളും ഉൾപ്പെടെ ഇന്ത്യയുടെ മറ്റു പുരുഷ, വനിതാ സിംഗിള്‍സ് താരങ്ങളെല്ലാം നേരത്തെ തന്നെ പുറത്തായിരുന്നു. ക്വാര്‍ട്ടർ ഫൈനലിൽ തായ്‌വാന്റെ തായ് സു യിങ്ങിനോടാണ് സിന്ധു പരാജയപ്പെട്ടത്. സ്‌കോര്‍: 16-21, 26-24, 17-21. സൈന നെഹ്‌വാൾ കൊറിയയുടെ കൗമാരതാരം ആന്‍ സി യങ്ങിനോടാണ് തോല്‍വി വഴങ്ങിയത്. സ്‌കോര്‍: 20-22, 21-23.