മികച്ച പ്രകടനവുമായി സാത്വിക്-ചിരാഗ് സഖ്യം ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണിന്റെ ഫൈനലിൽ

പാരീസ്: ഇന്ത്യയുടെ സാത്വിക്‌സായ്‌രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണിന്റെ പുരുഷ ഡബിള്‍സ് ഫൈനലില്‍ കടന്നു. ജാപ്പനീസ് ജോഡിയായ ഹിരോയുക്കി എന്‍ഡോ-യുട്ട വറ്റനബെ സഖ്യത്തെയാണ് ഇന്ത്യ സെമിഫൈനലിൽ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 21-11, 25-23. ഇന്തോനേഷ്യയുടെ മാര്‍ക്കസ് ഗിഡിയോണ്‍-കെവിന്‍ സുകാമുല്‍ജോ ജോഡിയാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍.
ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സാത്വിക്‌സായ്‌രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം സെമി ഫൈനലിലും മികവ് ആവര്‍ത്തിക്കുകയായിരുന്നു. സാത്വിക്കും ചിരാഗും ആദ്യ സെറ്റ് അനായാസം നേടിയെങ്കിലും രണ്ടാം സെറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് മത്സരം സ്വന്തമാക്കിയത്. 4-1 എന്ന നിലയില്‍ ജപ്പാന്‍ രണ്ടാം സെറ്റില്‍ മികച്ച തുടക്കമിട്ടെങ്കിലും ഒപ്പമെത്തിയ ഇന്ത്യ അവസാന പോയിന്റുകളില്‍ പിഴവുകളില്ലാത്ത പ്രകടനം നടത്തി.
ക്വാര്‍ട്ടറില്‍ ഡെന്മാര്‍ക്കിന്റെ കിം ആസ്ട്രപ്- ആന്‍ഡ്രേസ് സ്‌കാര്‍പ് സഖ്യത്തെ 21-13, 22-20 എന്ന സ്‌കോറിൽ തോൽപ്പിച്ചാണ് സാത്വിക്‌സായ്‌രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം സെമിയിലെത്തിയത്.
ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍നിന്നും ഇന്ത്യയുടെ പ്രതീക്ഷകളായിരുന്ന ലോകചാമ്പ്യൻ പി.വി സിന്ധുവും സൈന നെഹ്‌വാളും ഉൾപ്പെടെയുള്ള താരങ്ങളെല്ലാം പുറത്തായിരുന്നു. ക്വാര്‍ട്ടർ ഫൈനലിൽ തായ്‌വാന്റെ തായ് സു യിങ്ങിനോടാണ് സിന്ധു പരാജയപ്പെട്ടത്. സ്‌കോര്‍: 16-21, 26-24, 17-21. സൈന നെഹ്‌വാൾ കൊറിയയുടെ കൗമാരതാരം ആന്‍ സി യങ്ങിനോടാണ് തോല്‍വി വഴങ്ങിയത്. സ്‌കോര്‍: 20-22, 21-23.
മറ്റു പുരുഷ സിംഗിൾസ് താരങ്ങളും നിഷ്പ്രഭരായി.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ