• 15 Nov 2019
  • 09: 58 PM
Latest News arrow

''ഒട്ടും ശ്വാസമെടുക്കാന്‍ പറ്റുന്നില്ലമ്മേ... ഞാനിപ്പോള്‍ മരിക്കും''- യുകെയില്‍ കണ്ടെയ്‌നറിലിരുന്ന് വീര്‍പ്പുമുട്ടി മരിച്ച യുവതിയുടെ അവസാന സന്ദേശം

തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലെ എസ്സെക്‌സില്‍ ഒരു കണ്ടെയ്‌നറില്‍ ശ്വാസം മുട്ടിമരിച്ച നിലയില്‍ 39 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. മരിച്ചവരില്‍ ഭൂരിഭാഗവും ചൈനീസ് പൗരന്‍മാരാണെന്നാണ് പുറത്തുവരുന്ന വിവരം. അതിനിടയില്‍ തങ്ങളുടെ മകള്‍ മരിച്ചവരുടെ കൂട്ടത്തിലുണ്ടെന്ന് പറഞ്ഞ് ഒരു വിയറ്റ്‌നാമീസ് യുവതിയുടെ മാതാപിതാക്കള്‍ രംഗത്ത് വന്നു. 26 വയസുകാരിയായ ഫാം തി ത്രാമ, കണ്ടെയ്‌നര്‍ ലോറിയ്ക്കുള്ളിലിരുന്ന് അയച്ചുവെന്ന് കരുതുന്ന സന്ദേശം, മാതാപിതാക്കള്‍ പുറത്തുവിട്ടു. 

ഒക്ടോബര്‍ 23ന് വിയറ്റ്‌നാം സമയം പുലര്‍ച്ചെ 4.28നാണ് ചെറിയ വാചകങ്ങളിലായി പത്തോളം സന്ദേശങ്ങള്‍ ഫാം തി ത്രാമ മാതാപിതാക്കള്‍ക്ക് അയച്ചിരിക്കുന്നത്. ഈ സമയത്തിന് നാല് മണിക്കൂറെങ്കിലും കഴിഞ്ഞാണ് കണ്ടെയ്‌നറില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. അതായത്, തന്റെ അന്ത്യനിമിഷങ്ങളില്‍, ശ്വസിക്കാന്‍ കഴിയാതെ വീര്‍പ്പുമുട്ടുന്ന വേളയിലാണ് യുവതി, സന്ദേശങ്ങള്‍ അയച്ചതെന്ന് വ്യക്തം.

''അമ്മേ... എന്നോട് പൊറുക്കണം. എന്റെ വിദേശയാത്രയില്‍ എനിക്ക് വിജയിക്കാന്‍ കഴിഞ്ഞില്ല. അമ്മേ... ഞാന്‍ നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു. ഞാന്‍ ഇപ്പോള്‍ മരിച്ചുപോകും. ഒട്ടും ശ്വാസമെടുക്കാന്‍ പറ്റുന്നില്ലമ്മേ... മരിച്ചുപോകും ഞാനിപ്പോള്‍. സത്യം. എന്നോട് ക്ഷമിക്കണേ... അമ്മേ..'' എന്നാണ് ഫാം തി ത്രാമ അമ്മയ്ക്ക് അവസാനമായി അയച്ചിരിക്കുന്ന സന്ദേശം.

എന്തായാലും യുവതിയുടെ മാതാപിതാക്കള്‍ ലണ്ടനിലെ വിയറ്റ്‌നാമിസ് എംബസിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ശ്രമിക്കുന്നുണ്ട്. ഏത് വിധേനയും യുകെയിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു, മരിച്ച 39 പേരും എന്നാണ് അറിയുന്നത്. ഇതിന് മുമ്പും ഇവര്‍ ഇത്തരത്തില്‍ കടക്കാന്‍ പരിശ്രമിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഇങ്ങിനെയൊരു ദുരന്തത്തില്‍ ചെന്നവസാനിക്കുമെന്ന് തങ്ങളാരും കരുതിയില്ലെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ പറയുന്നു.