• 15 Nov 2019
  • 09: 55 PM
Latest News arrow

ഇറാഖില്‍ സർക്കാർവിരുദ്ധ പ്രക്ഷോഭകർക്ക് നേരെ വെടിവെപ്പ്; 40 പേർ കൊല്ലപ്പെട്ടു; കലാപം പടരുന്നു

ബാഗ്ദാദ്: ഇറാഖില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം കലാപമായതിനെത്തുടർന്ന് സുരക്ഷാസേന നടത്തിയ വെടിവെപ്പിൽ 40 പേർ കൊല്ലപ്പെട്ടതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന ബാഗ്ദാദിലെ ഗ്രീന്‍ സോണിലേക്കും സായുധസംഘങ്ങളുടെ ഓഫീസിലേക്കും ഇരച്ചുകയറിയ ജനക്കൂട്ടത്തിനു നേരെയാണ് സുരക്ഷാസേന വെടിവെച്ചത്.  ഇറാഖിന്റെ പല ഭാഗങ്ങളിലും കലാപവും വെടിവെപ്പും നടന്നിട്ടുണ്ട്. 2000-ത്തിലധികം പേര്‍ക്ക് പരിക്കേറ്റു. 68 സുരക്ഷാ സൈനികര്‍ക്ക് പരിക്കേറ്റുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ മരിച്ചവരുടെ കൃത്യമായ കണക്ക് പുറത്തുവിട്ടിട്ടില്ല. 

കഴിഞ്ഞമാസം സമാനമായ സാഹചര്യത്തിൽ നടന്ന  വെടിവയ്പ്പില്‍ 150 പേര്‍ കൊല്ലപ്പെട്ടിരുന്നു. അഴിമതി അവസാനിപ്പിക്കുക, തൊഴില്‍ ലഭ്യമാക്കുക, സര്‍ക്കാര്‍ സേവനങ്ങള്‍ ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം.

വെള്ളിയാഴ്ച രാവിലെ യുവജനങ്ങൾ അടങ്ങിയ വന്‍ ജനക്കൂട്ടമാണ് ബാഗ്ദാദിലെ തഹ്രീര്‍ ചത്വരത്തില്‍ ഒത്തുകൂടിയത്. സര്‍ക്കാര്‍ രാജിവയ്ക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ഇറാഖിലെ ഭരണകൂടം ഷിയാ ഭൂരിപക്ഷമാണ്. സുന്നികളാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. അതുകൊണ്ടുതന്നെ ഷിയാ സായുധസംഘങ്ങള്‍ പ്രക്ഷോഭകരായ സുന്നികൾക്കെതിരെ രംഗത്തു വന്നാൽ രാജ്യം വീണ്ടും ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലാകും. 

സംഘര്‍ഷത്തിലേക്ക് നയിക്കുന്ന സംഭവങ്ങളില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്ന് മതപണ്ഡിതരും ഐക്യരാഷ്ട്രസഭയും ആഹ്വാനം ചെയ്തു. അക്രമത്തിലേര്‍പ്പെടുന്നവരോട് യാതൊരു കാരുണ്യവും കാണിക്കില്ലെന്നാണ്  പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി വ്യക്തമാക്കിയിട്ടുള്ളത്. മന്ത്രിസഭ അഴിച്ചുപണിയുമെന്നും പ്രക്ഷോഭകരുടെ ആവശ്യം പരിഗണിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. 

ഒക്ടോബര്‍ ഒന്നിനാണ് ഇറാഖില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം തുടങ്ങിയത്. തൊഴില്‍ രഹിതരായ യുവാക്കളായിരുന്നു മുന്നില്‍ അണിനിരന്നത്. പ്രക്ഷോഭകരെ അടിച്ചമര്‍ത്താന്‍ പോലീസ് ആയുധം ഉപയോഗിച്ചതോടെ സമരം രാജ്യവ്യാപകമായി പടർന്നു കലാപവും രക്തച്ചൊരിച്ചിലുമായി.