ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം ഒക്ടോബർ 30 മുതൽ നവംബർ 9 വരെ

ദുബായ്: മുപ്പത്തിയെട്ടാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം ഈ മാസം 30-ന് തുടങ്ങും. പതിനൊന്ന് ദിവസം നീളുന്ന പുസ്തകോത്സവത്തിന് ഷാര്‍ജ എക്സ്പോ സെന്റര്‍ വേദിയാകും. പുസ്തകോത്സവത്തിൽ അതിഥികളായി ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും പ്രമുഖരുടെ വൻനിര അണിനിരക്കുന്നുണ്ട്. ഈ വര്‍ഷത്തെ അതിഥി രാഷ്ട്രം മെക്സിക്കോയാണ്.
സാഹിത്യത്തിന് പുറമെ പാചകം, സംഗീതം, സിനിമ, മാദ്ധ്യമം തുടങ്ങിയ മേഖലകളില്‍ നിന്നുള്ള പ്രമുഖരും വിവിധ പരിപാടികളിലായി പങ്കെടുക്കും. അമേരിക്കന്‍ എഴുത്തുകാരനായ മാര്‍ക് മാന്ഷന്, സ്റ്റീവ് ഹാര്‍വെ, സാഹിത്യ നൊബേല്‍ ജേതാവ് ഓര്ഹാന് പാമുക്, ഇന്ത്യന്‍ ചലച്ചിത്ര ഇതിഹാസം അമിതാഭ് ബച്ചന്, ഇന്ത്യന്‍ സംഗീതജ്ഞന് ഗുല്‍സാര്‍, ഇന്ത്യന്‍ വംശജയായ കനേഡിയന്‍ നടി ലിസറായ്, ഇന്ത്യന്‍ എഴുത്തുകാരായ ആനന്ദ് നീലകണ്ഠന്, വിക്രം സേഥ്, അനിതാ നായര്‍, അശ്വിന് സാംഗി, ജീത് തയില്‍, യു.എ.ഇ. യിലെ മുന്‍ ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിങ് സൂരി, നടന് ഗുല്‍ഷന്‍ ഗ്രോവര്‍ , ഫുഡ് ബ്ലോഗര്‍ ശിവേഷ് ഭാട്യ, ഷെഫ് കീര്‍ത്തി ബൗടിക, ഷെഫ് പങ്കജ് ബദോരിയ, മോട്ടിവേഷന്‍ സ്പീക്കര്‍ റോബിന് ശര്‍മ, രാജ് ഷമാനി മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്ര, മഗ്സാസെ പുരസ്കാര ജേതാവ് രവീഷ് കുമാര്‍, ബോളിവുഡ് താരം മനീഷ കൊയ്രാള തുടങ്ങി നിരവധി പേർ അതിഥികളായി എത്തും. മലയാള സിനിമയില്‍നിന്ന് ടൊവീനോ തോമസ്, സിദ്ധിഖ്, വയലാര്‍ ശരത് ചന്ദ്രവര്‍മ, കവികളായ അനിതാ തമ്പി, വീരാന്‍കുട്ടി, ഗ്രാന്റ് മാസ്റ്റര്‍ ജി.എസ്. പ്രദീപ് എന്നിവരും അതിഥികളായി എത്തുന്നുണ്ട്.
മലയാളത്തില്‍നിന്ന് പ്രമുഖ പ്രസാധകരെല്ലാം ഇത്തവണയും പങ്കെടുക്കുന്നുണ്ട്. യു.എ.ഇ.യിലെ 198 പുസ്തക പ്രസാധകർ പ്രദര്‍ശനത്തില്‍ പങ്കെടുക്കും. ഇന്ത്യയില്‍ നിന്ന് നൂറ്റമ്പതോളം പ്രസാധകരെത്തും. നൂറ്റമ്പതിലേറെ മലയാള പുസ്തകങ്ങൾ ഇത്തവണ ഷാര്‍ജ പുസ്തകമേളയില്‍ പ്രകാശനം ചെയ്യുന്നുണ്ട്. ഇന്ത്യന്‍ പ്രസാധകര് പുസ്തകങ്ങളുമായി അണിനിരക്കുന്ന ഏഴാം നമ്പര്‍ ഹാളില്‍ പ്രത്യേകം സജ്ജമാക്കിയ 'റൈറ്റേര്‍സ് ഫോറം' എന്ന പ്രത്യേക സ്ഥലത്തായിരിക്കും ഇത്തവണത്തെ പ്രകാശനച്ചടങ്ങുകള്‍. ഓരോ പ്രകാശനത്തിനും 25 മിനിറ്റാണ് അനുവദിച്ചിരിക്കുന്നത്. ഇനിയും പ്രകാശനത്തിന് ഊഴം കാത്ത് ഇരുപതിലേറെ എഴുത്തുകാര്‍ കാത്തുനില്‍പ്പുണ്ട്. പരമാവധി എല്ലാവരെയും ഉള്‍ക്കൊള്ളിക്കാനാണ് ഷാര്‍ജ ബുക്ക് അതോറിറ്റി ശ്രമിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി രചിച്ച 'സൗണ്ടിങ് ഓഫ് അമിതാഭ് ബച്ചന്' എന്ന പുസ്തക പ്രകാശനത്തിനായാണ് അമിതാഭ് ബച്ചൻ എത്തുന്നത്. ബച്ചന്റെ സിനിമകളിലൂടെ അരനൂറ്റാണ്ടിലെ ഇന്ത്യന്‍ ചലച്ചിത്ര ചരിത്രത്തെ പരിചയപ്പെടുത്തുന്നതാണ് ഈ പുസ്തകം. ഒക്ടോബര്‍ 30-ന് വൈകീട്ട് അഞ്ചിന് ബാള്‍ റൂമിലാണ് പ്രകാശനച്ചടങ്ങ് നടക്കുക. അന്ന് തന്നെ രാത്രി ഏഴ് മുതല്‍ എട്ടര വരെ ഓര്ഹാന് പാമുകിന്റെ പ്രഭാഷണം നടക്കും. 31- ന് രാത്രി എട്ടരക്ക് ഗുല്‍സാറുമായി ആനന്ദ് പത്മനാഭന് സംവാദം നടത്തും.
നവംബര്‍ ഒന്നിന് രാത്രി എട്ടിന് ബാള്‍റൂമില്‍ കെ.എസ്. ചിത്രയുമായുള്ള സംവാദമാണ്. നവംബര്‍ രണ്ടിന് രാത്രി എട്ടരക്ക് ഇന്റലക്ച്വല്‍ ഹാളില്‍ നടന് സിദ്ധിഖും മൂന്നിന് ബാള്‍റൂമില്‍ രാത്രി ഒമ്പതിന് ടൊവീനോ തോമസും സംവാദങ്ങളില്‍ പങ്കെടുക്കും. ഗുല്‍ഷന്‍ ഗ്രോവര്‍ നവംബര്‍ ഏഴിന് ഇന്റലക്ച്വല്‍ ഹാളില്‍ രാത്രി പ്രഭാഷണം നടത്തും. തുടര്‍ന്ന് ഇതേവേദിയില്‍ മനീഷാ കൊയ്രാളയും സംവാദത്തിനെത്തും. നവംബര്‍ എട്ടിന് രാത്രി 7.15- ന് ബാള്‍റൂമില്‍ നടക്കുന്ന കാവ്യസന്ധ്യയില്‍ വയലാര്‍ ശരത്ചന്ദ്ര വര്‍മ, അനിതാ തമ്പി, വീരാന്‍കുട്ടി എന്നിവര്‍ കവിതകൾ അവതരിപ്പിക്കും. നവംബര്‍ ഒമ്പതിന് വൈകീട്ട് ആറിന് 'മാദ്ധ്യമങ്ങളുടെ ഭാവി' എന്ന വിഷയത്തില്‍ രവീഷ് കുമാറും സോണിയാ സിങ്ങും പ്രഭാഷണം നടത്തും.
സംഘാടകരുടെ അതിഥിപ്പട്ടികയില്പ്പെടാത്ത ഒട്ടേറെ പ്രമുഖരും എഴുത്തുകാരും ഇത്തവണയും മേളയിലെത്തുമെന്നാണ് അറിയുന്നത്. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, മന്ത്രി ജി.സുധാകരന്, ടി. പദ്മനാഭന്, മുന്‍മന്ത്രി എം.കെ. മുനീര്‍, മുല്ലക്കര രത്നാകരന്, ബിനോയ് വിശ്വം എം.പി, വി.ടി.ബല്‍റാം എം.എല്‍.എ, ബെന്യാമിന്, കെ.വി. മോഹന്‍കുമാര്‍, കെ.പി.രാമനുണ്ണി, എം.എ.നിഷാദ്, കെ.പി. സുധീര, ശിഹാബുദ്ദീന് പൊയ്ത്തുംകടവ്, മോഹനവീണാ വാദകൻ പോളി വര്‍ഗീസ്, എം.വി. ശ്രേയാംസ് കുമാര്‍, ചലച്ചിത്ര നടന് രവീന്ദ്രന്, ഡോ. ഹുസൈന് രണ്ടത്താണി, ഡോ. പി.കെ. പോക്കര്, ആനന്ദ ബോസ്, ഷെമി, പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണന്, ഡോ.കെ.കെ.എന്‍. കുറുപ്പ് തുടങ്ങിയവരാണ് എത്തുകയെന്ന് സംഘാടകർ പറഞ്ഞു.