• 27 Jan 2020
  • 11: 26 AM
Latest News arrow

പരാജയം വിലയിരുത്തുന്ന നേരത്ത് വൈദ്യരേ സ്വയം ചികിത്സിക്കൂ...

ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ കനത്ത തിരിച്ചടിക്ക് ഉത്തരവാദികളെ ചികയുന്നതിന് പകരം  കേരളത്തിലെ പാര്‍ട്ടിയുടെ നേതാക്കള്‍  ഉടന്‍ ചെയ്യേണ്ടത് ഒരാത്മ പരിശോധനയ്ക്ക് തയ്യാറാവുകയാണ്. പാര്‍ട്ടിയെ ബാധിച്ച രോഗത്തിന് ചികിത്സ തേടുന്ന നേതാക്കളോട് 'വൈദ്യരേ  സ്വയം ചികിത്സിക്കു' എന്ന് പ്രവര്‍ത്തകര്‍ ഉറക്കെ പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

വട്ടിയൂര്‍ക്കാവിലും കോന്നിയിലും സംഭവിച്ച ഭീമമായ തിരിച്ചടിക്ക് കാരണക്കാര്‍ നേതാക്കള്‍ തന്നെയെന്ന കാര്യത്തില്‍ സംശയമില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തന്നെ താളം പിഴച്ചിരുന്നു. വട്ടിയൂര്‍ക്കാവില്‍ തുടര്‍ച്ചയായി രണ്ട് തവണ ജയിച്ച മുന്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ എം. പി,  അവിടെ സ്ഥാനാര്‍ത്ഥിയായി പീതാംബരക്കുറുപ്പിന് വേണ്ടിയാണ് അവസാന നിമിഷം വരേ വാദിച്ചത്. കോന്നിയിൽ  തുടര്‍ച്ചയായി അഞ്ചു തവണ ജയിച്ച അടൂര്‍ പ്രകാശവാട്ടെ തന്റെ ഉറ്റ സുഹൃത്ത് റോബിന്‍ പീറ്ററിന് വേണ്ടിയും തര്‍ക്കിച്ചു. പ്രകാശും മുരളിയും ലോകസഭാതിരഞ്ഞെടുപ്പില്‍  മത്സരിച്ച് എംപിയായ ശേഷം നേരത്തെ തങ്ങള്‍ പ്രതിനിധീകരിച്ച മണ്ഡലങ്ങളില്‍ തങ്ങള്‍ പറയുന്നവരെ തന്നെ നിര്‍ത്തണമെന്ന് ശഠിച്ചത് വോട്ടര്‍മാര്‍ക്ക് ദഹിച്ചിരുന്നില്ലെന്ന് വ്യക്തം. ഈ നേതാക്കളുടെ നിലപാടിനോടുള്ള അമര്‍ഷമാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍  മത്സരിച്ച നേതാക്കളെ പതിനായിരത്തിനും പതിനയ്യായിരത്തിനും വോട്ടിന്റെ കുറവില്‍ തോല്‍പ്പിക്കാന്‍ വട്ടിയൂര്‍ക്കാവിലേയും കോന്നിയിലെയും വോട്ടര്‍മാര്‍ തയ്യാറായത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക്, യുഡി എഫ് പ്രതിനിധികള്‍ക്ക് വോട്ടുചെയ്യുന്നവരൊക്കെ കോണ്‍ഗ്രസ് മെമ്പര്‍മാരോ യുഡിഎഫ് അനുഭാവികളോ ആണെന്നാണ് ധാരണയെങ്കില്‍ തെറ്റി. നിഷ്പക്ഷരായ, ഒരു പാര്‍ട്ടിയോടും പ്രതിബദ്ധതയില്ലാത്ത പരസഹസ്രം വോട്ടര്‍മാര്‍ ജനാധിപത്യ വിശ്വാസികളായി  ഉണ്ടെന്ന് ഓര്‍ക്കണം. അവരുടെ വികാരമാണ് രണ്ടിടത്തും പ്രതിഫലിച്ചത്. അതല്ലാതെ വോട്ട്  കച്ചവടമോ വോട്ടുമറിക്കലോ ആണ് പരാജയത്തിന് കാരണമെന്ന് പറയുന്നതിലര്‍ത്ഥമില്ല.

കോണ്‍ഗ്രസില്‍ തുടച്ചുമാറ്റാനാവാത്ത ഗ്രൂപ്പിസവും ഒരു കാരണമാണ്. എന്ന് ഗ്രൂപ്പിന്നതീതമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും നേതാക്കള്‍ക്ക് സാധിക്കുന്നുവോ അന്നു മാത്രമേ കോണ്‍ഗ്രസിന് കേരളത്തില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ അവസരമുണ്ടാവൂ എന്ന് ഓര്‍ക്കണം. നാഥനില്ലാത്ത ഹൈക്കമാന്‍ഡിനാവട്ടെ കേരളത്തിലെ ഗ്രൂപ്പ് പോരിന് വിരാമിടാനുള്ള ത്രാണിയുമില്ല.

എന്‍ എസ് എസ്സിന്റെ ശരിദൂരത്തില്‍ കണ്ണടച്ച് വിശ്വസിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്തത് കോണ്‍ഗ്രസിന് ക്ഷീണം ചെയ്തുവെന്ന് കരുതുന്നതില്‍ തെറ്റില്ല. 'ശരിദൂരം' യുഡിഎഫിന്റെ കാര്യത്തിലാണെന്ന് സുകുമാരന്‍ നായര്‍ തുറന്നു പറഞ്ഞിട്ടില്ലെങ്കിലും കോണ്‍ഗ്രസിലെ ചില നേതാക്കന്മാര്‍ എടുത്തു ചാടി എട്ടുകാലി മമ്മൂഞ്ഞിയെ പോലെ 'അത് ഞമ്മള്‍ക്ക് തന്നെ 'എന്ന് പ്രതികരിച്ചത് ഇതര സമുദായങ്ങളെ പ്രകോപിപ്പിച്ചിട്ടുണ്ടാവുമെന്ന് കരുതുന്നതില്‍ തെറ്റില്ല. വട്ടിയൂര്‍ക്കാവിലും കോന്നിയിലും അങ്ങിനെ സംഭവിച്ചുവെന്ന് വേണം കരുതാന്‍.

ഭാവിയിലെങ്കിലും നേതൃത്വം  സ്ഥാനാര്‍ത്ഥികളെ തേടുമ്പോള്‍ യുവരക്തത്തിന് മുന്‍ഗണന നല്‍കണം. മേല്‍പറഞ്ഞ മണ്ഡങ്ങളില്‍ ജയിച്ച രണ്ട് സിപിഎം. സ്ഥാനാര്‍ത്ഥികള്‍  മറ്റുള്ളവരെ അപേക്ഷിച്ച് താരതമ്യേന ചെറുപ്പക്കാരും 40 വയസ്സിൽ താഴെയുള്ളവരുമാണെന്ന വസ്തുത  വിസ്മരിച്ചുകൂടാ. പുതിയ വോട്ടര്‍മാരുടെ മനസില്‍ ചെറുപ്പത്തിന്റെ പ്രസരിപ്പും മിക്കവാറും കളങ്കരഹിതമായ പ്രവര്‍ത്തനരീതിയും സ്വാധീനിക്കാതിരിക്കില്ല.

കോണ്‍ഗ്രസിന്റെ സ്വാധീനം ആനകുത്തിയാലും മറിയില്ല എന്ന്  കരുതി പോന്ന ഏറണാകുളത്ത്  കോണ്‍ഗ്രസ് ജയിച്ചുവെങ്കിലും യുവ നേതാവ് ഹൈബി  ഈഡന് നിയമസഭയിലും ലോകസഭയിലും ലഭിച്ച പതിനായിരങ്ങളുടെ ഭൂരിപക്ഷം ഉപതിരഞ്ഞെടുപ്പില്‍ നാലായിരമായി കുറഞ്ഞതിന്റെ കാരണവും ഇഴകീറി പരിശോധിക്കണം. കൊച്ചിന്‍ കോര്‍പ്പറേഷനില്‍ കുറച്ചുകാലമായി ഉയര്‍ന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ വിമര്‍ശനവും പാലാരിവട്ടം പാലം അഴിമതിയും കോണ്‍ഗ്രസിന്റെ വോട്ട് കുറയാന്‍ കാരണമായിട്ടുണ്ടാവും. ജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി.ജെ. വിനോദ് കോര്‍പ്പറേഷന്‍ ഡപ്യൂട്ടി മേയര്‍ കൂടിയാണെന്നിരിക്കേ സ്വാഭാവികമായും കോര്‍പ്പറേഷന്‍ ഭരണത്തോടുള്ള അതൃപ്തി  കോണ്‍ഗ്രസില്‍ പ്രതിഫലിച്ചുകാണും. എന്നാലും കോണ്‍ഗ്രസ്സ്  വോട്ടുകളില്‍ ഇത്ര കനത്ത ചോര്‍ച്ച എങ്ങിനെ സംഭവിച്ചുവെന്ന് നഗരസഭാ ഭരണനേതൃത്വം മാറ്റാന്‍ ഉദ്ദേശിക്കുന്ന ഗ്രൂപ്പ് പരിശോധിക്കുന്നത്  നന്ന്.

കോണ്‍ഗ്രസിന് അല്‍പ്പമെങ്കിലും ആശ്വാസത്തിനും അഭിമാനത്തിനും വക നല്‍കുന്നതാണ് അരൂരില്‍ ഷാനിമോള്‍ ഉസ്മാന്റെ വിജയം. നിയമസഭയിലും ലോകസഭയിലും മത്സരിച്ച് പരാജയപ്പെട്ട ഷാനിമോളോട് അരൂരിലെ വോട്ടര്‍മാര്‍ക്ക് പ്രത്യേകിച്ചും വനിതകള്‍ക്ക് സഹതാപം തോന്നിയെന്നതില്‍ തെറ്റില്ല. നമ്മുടെ കവി മന്ത്രി ജി.സുധാകരന്റെ പൂതനാ പരാമര്‍ശം അദ്ദേഹം പിന്നീട് നിഷേധിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ നിരീക്ഷകന്‍ ജയശങ്കര്‍ പറഞ്ഞത് പോലെ  അരൂരില്‍ ഷാനിമോള്‍ക്ക് ഒരു പൂതനാ മോക്ഷമായി  അനുഭവപ്പെട്ടു കാണണം.

മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ 89 വോട്ടിന്റെ മാത്രം ബലത്തിൽ ജയിച്ച മുസ്‌ലിംലീഗ് ഇത്തവണ എം.സി.കമറുദ്ദീനിലൂടെ 7,923 വോട്ടുകളായാണ് ഭൂരിപക്ഷം വർദ്ധിപ്പിച്ചത്. അതെ അവസരത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയെ മൂന്നാംസ്ഥാനത്തേക്ക് തള്ളുകയും ചെയ്തു. ഇടതു സ്ഥാനാർത്ഥിയുടെ ശബരിമല പരാമർശവും ബി.ജെ.പി സ്ഥാനാർത്ഥിയുടെ അനുഗ്രഹംതേടലും അവർക്ക് തന്നെ വിനയായി ഭവിക്കുകയും ചെയ്തു.

ഏതായാലും വരുംദിവസങ്ങളിൽ നടക്കാൻ പോകുന്ന കോൺഗ്രസ്സിന്റെയും യു.ഡി.എഫിന്റെയും അവലോകന യോഗങ്ങളിൽ രാഷ്ട്രീയ നിരീക്ഷകർ ഒരു പൊട്ടിത്തെറി പ്രതീക്ഷിക്കുന്നുണ്ട്.