• 15 Nov 2019
  • 10: 00 PM
Latest News arrow

മഞ്ജു വാര്യരുടെയും ശ്രീകുമാർ മേനോന്റെയും മൊഴിയെടുക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്

തൃശ്ശൂര്‍: സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്റെ പേരിൽ നടി മഞ്ജു വാര്യർ നൽകിയ പരാതിയില്‍ മഞ്ജു വാര്യരോടും ശ്രീകുമാര്‍ മേനോനോടും മൊഴിയെടുക്കലിന് ഹാജരാവാന്‍ ക്രൈംബ്രാഞ്ച് നിര്‍ദ്ദേശിച്ചു. പരാതിയിന്മേൽ അന്വേഷണം തുടങ്ങിയ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ സി.ഡി. ശ്രീനിവാസനാണ്  നിർദ്ദേശം നൽകിയത്. ഇരുവരും ഉടൻ ഹാജരാകുമെന്നാണ് അറിയുന്നത്.

ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചേക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടി ഡിജിപി ലോക്‌നാഥ് ബഹ്‌റയെ നേരില്‍ക്കണ്ട്  മഞ്ജു വാര്യർ കഴിഞ്ഞ ദിവസം  പരാതി നല്‍കിയിരുന്നു. ഈ പരാതിയിൽ തൃശ്ശൂര്‍ ഈസ്റ്റ് പോലീസാണ് കേസെടുത്തിരിക്കുന്നത്. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല.

ശ്രീകുമാര്‍ മേനോന് തന്നോട് വ്യക്തിവൈരാഗ്യമുണ്ടെന്ന് മഞ്ജു വാര്യർ പരാതിയില്‍ പറയുന്നുണ്ടത്രേ. 'ഒടിയന്‍' സിനിമയുടെ നിര്‍മ്മാണകാലംമുതല്‍ ശ്രീകുമാര്‍ മേനോന് തന്നോട് വ്യക്തിവിരോധം ഉണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായി തന്നെ ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളിലടക്കം അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തിരുന്നു. ഔദ്യോഗികാവശ്യങ്ങള്‍ക്കായി നല്‍കിയ ലെറ്റര്‍ ഹെഡും മറ്റു രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നു. ശ്രീകുമാര്‍ മേനോനും സുഹൃത്തും തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതായും തനിക്കൊപ്പം പ്രവര്‍ത്തിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ ആരോപിക്കുന്നുവെന്നാണ് സൂചന.

വിവാഹശേഷം സിനിമയില്‍നിന്ന് വിട്ടുനിന്ന മഞ്ജു വാര്യര്‍ വർഷങ്ങൾക്കുശേഷം തിരിച്ചെത്തിയത് ശ്രീകുമാര്‍ മേനോന്റെ പരസ്യ ചിത്രത്തിലൂടെയായിരുന്നു. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത 'ഒടിയന്‍' എന്ന സിനിമയില്‍ മഞ്ജു വാര്യര്‍ ആയിരുന്നു നായിക.