"കഠിനാദ്ധ്വാനം വീണ്ടും 'ടീം ഇന്ത്യ'യിൽ എത്തിച്ചു; ഇന്ത്യക്കു വേണ്ടി ലോകകപ്പില്‍ കളിക്കുകയെന്നത് ഏറ്റവും വലിയ സ്വപ്നം"- സഞ്ജു സാംസൺ

തിരുവനന്തപുരം: ഇന്ത്യക്കു വേണ്ടി ലോകകപ്പില്‍ കളിക്കണമെന്നും ടീമിന് കിരീടം നേടിക്കൊടുക്കണമെന്നതുമാണ് തന്റെ ഏറ്റവും വലിയ സ്വപ്‌നമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കു വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസൺ പറഞ്ഞു. ഈ സ്വപ്‌നം ഏതു വര്‍ഷമാവും യാഥാര്‍ഥ്യമാവുകയെന്നു പറയാന്‍ കഴിയില്ല. എന്നാല്‍ ഇതു യാഥാര്‍ഥ്യമാക്കുന്നതിനായി കഠിനാധ്വാനം നടത്തുമെന്നും കരിയറില്‍ രണ്ടാം തവണയും ഇന്ത്യന്‍ കുപ്പായമണിയാന്‍ ഭാഗ്യം ലഭിച്ച 24 കാരനായ സഞ്ജു വ്യക്തമാക്കി.
"2015-ല്‍ ആദ്യമായി ഇന്ത്യക്കു വേണ്ടി കളിച്ച സഞ്ജുവല്ല ഇപ്പോള്‍ ഞാൻ . സ്വന്തം കളിയെക്കുറിച്ച് നല്ല ധാരണയുണ്ട്. എതിര്‍ ടീം കളിക്കളത്തില്‍ എന്താണ് ചിന്തിക്കുന്നതെന്ന് ഇപ്പോള്‍ ഏറെക്കുറെ ഊഹിച്ചെടുക്കാന്‍ കഴിയും. നിരവധി മല്‍സരങ്ങളില്‍ കളിച്ചതിന്റെ അനുഭവസമ്പത്താണ് ഇതിനു സഹായിക്കുന്നത്. അതുകൊണ്ടു തന്നെ ഇപ്പോള്‍ സമ്മര്‍ദ്ദമില്ലാതെ വളരെ ശാന്തനായി ഗ്രൗണ്ടിലിറങ്ങാന്‍ എനിക്കാവും. ഒരു ക്രിക്കറ്ററെന്ന നിലയില്‍ മാത്രമല്ല വ്യക്തിയെന്ന നിലയിലും ഏറെ വളര്‍ന്നു. ലോകത്തിലെ ഏറ്റവും മികച്ച ടീം കൂടിയായ ഇന്ത്യയുടെ ഭാഗമാവാന്‍ കഠിനാധ്വാനമാണ് ഇത്രയും കാലം നടത്തിയത്. ഇപ്പോള്‍ വീണ്ടും ടീമിന്റെ ഭാഗമായപ്പോള്‍ വളരെയധികം സന്തോഷവും ആവേശവും തോന്നുന്നു. ഈയൊരു നിമിഷത്തിനായി വലിയ പരിശ്രമം തന്നെ നടത്തിയിരുന്നു. ടീം എന്തു റോള്‍ നല്‍കിയാലും അത് സന്തോഷത്തോടെ ഏറ്റെടുക്കാന്‍ തയ്യാറാണ്. മുന്‍നിരയിലോ, മധ്യനിരയിലോ എവിടെ ബാറ്റ് ചെയ്യാനും താന്‍ ഒരുക്കമാണ്"- സഞ്ജു സാംസൺ പറഞ്ഞു.
ബംഗ്ലാദേശിനെതിരേ നവംബറില്‍ നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുള്‍പ്പെട്ട ടി20 പരമ്പരയിലാണ് സഞ്ജുവിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. റിഷഭ് പന്തിനെക്കൂടാതെ ടീമിലെ ബാക്കപ്പ് വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെയും സെലക്ഷന്‍ കമ്മിറ്റി ടീമിലുള്‍പ്പെടുത്തിയത്. വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനു വേണ്ടി ഡബിള്‍ സെഞ്ച്വറി നേടി റെക്കോര്‍ഡിട്ടപ്പോള്‍ തന്നെ സഞ്ജു സാംസണെ സെലക്ടര്‍മാർ നോട്ടമിട്ടിരുന്നു.
2015-ൽ 19ാം വയസ്സിലാണ് സഞ്ജു ആദ്യമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. 2015-ല്‍ ഇന്ത്യയുടെ രണ്ടാംനിര ടീം സിംബാബ്‌വെ പര്യടനം നടത്തിയപ്പോഴായിരുന്നു സഞ്ജുവിന്റെ അരങ്ങേറ്റം. ഇതിനുശേഷം ലോകമെമ്പാടുമുള്ള മലയാളി ആരാധകരുടെ പ്രാർത്ഥനകൾ യാഥാർത്ഥ്യമാക്കിയാണ് കേരളത്തിന്റെ സ്വന്തം സഞ്ജു സാംസണ്‍ ഒരിക്കല്‍ക്കൂടി ഇന്ത്യൻ ടീമിലിടം പിടിച്ചത്.
2018-ലെ ഐപിഎല്ലിനു ശേഷം ഇന്ത്യന്‍ എ ടീമില്‍ നിന്നു സഞ്ജു ഒഴിവാക്കപ്പെട്ടിരുന്നു. ബിസിസിഐയുടെ ഫിറ്റ്‌നസ് പരീക്ഷയായ 'യോ യോ' ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. ആഭ്യന്തര ക്രിക്കറ്റിലും ലിസ്റ്റ് എ ക്രിക്കറ്റിലുമെല്ലാം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന സ്ഥിരതയാര്‍ന്ന പ്രകടനം ഇനി സീനിയര്‍ ടീമിനൊപ്പവും ആവര്‍ത്തിക്കാനുള്ള പരിശ്രമത്തിലാണ് സഞ്ജു സാംസൺ.
.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ