• 15 Nov 2019
  • 09: 59 PM
Latest News arrow

''ഉമ്മച്ചീനെ ചീത്തവിളിച്ചതുകൊണ്ടാണ് ലൈവ് വന്നത്''- കണ്ണ് നിറഞ്ഞ് ഷെയ്‌ൻ; "ആ ഒരു ഇതില്‍ പറഞ്ഞുപോയി"- ജോബി; തര്‍ക്കം പരിഹരിച്ചു

നടന്‍ ഷെയ്ൻ നിഗവും നിര്‍മ്മാതാവ് ജോബി ജോര്‍ജും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചു. നിര്‍മ്മാതാക്കളുടെ സംഘടനയും താരങ്ങളുടെ സംഘനയും ഇരുവരെയും വിളിച്ചുവരുത്തി ചര്‍ച്ചയിലൂടെയാണ് പ്രശ്‌നം പരിഹരിച്ചത്. ഇപ്പോള്‍ അഭിനയിക്കുന്ന 'കുര്‍ബാനി'യില്‍ അഭിനയിച്ചതിന് ശേഷം ജോബി നിര്‍മ്മിക്കുന്ന 'വെയില്‍' എന്ന ചിത്രം ഷെയ്ൻ പൂര്‍ത്തിയാക്കണമെന്ന് ചര്‍ച്ചയിലൂടെ തീരുമാനമായി. എന്നാല്‍ ജോബിയുടെ അടുത്ത സിനിമയില്‍ നിന്നും ഷെയ്ന്‍ പിന്‍മാറി. 

കരാറിന് വിരുദ്ധമായി മറ്റൊരു സിനിമയ്ക്ക് വേണ്ടി ഷെയ്ന്‍ മുടി മുറിച്ചതും ഷൂട്ടിങ്ങിനായി വരാത്തതുമാണ് ജോബിയും ഷെയ്‌നും തമ്മിലുള്ള തര്‍ക്കത്തിന് കാരണമായത്. ഒടുവില്‍ ജോബി തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ആരോപിച്ച് ഷെയ്ന്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തി. തുടര്‍ന്നാണ് നിര്‍മ്മാതാക്കളുടെ സംഘടനയും താരസംഘടനയും ചേര്‍ന്ന് ഇരുവരെയും ഒരുമിച്ചിരുത്തി അനുനയ ചര്‍ച്ച നടത്തിയത്. 

ഷെയ്ന്‍ ഇപ്പോള്‍ അഭിനയിക്കുന്ന 'കുര്‍ബാനി'യുടെ ചിത്രീകരണം നവംബര്‍ പത്തോടെ പൂര്‍ത്തിയാകും. അതിന് ശേഷം 'വെയിലി'ല്‍ ഷെയ്ന്‍ വീണ്ടും അഭിനയിക്കാനാണ് തീരുമാനം. കരാര്‍ പ്രകാരം ഷെയ്‌നിന് ജോബി 40 ലക്ഷം രൂപ നല്‍കണം. ഇതില്‍ 30 ലക്ഷം കൊടുത്തതായി ജോബി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ 16 ലക്ഷം മാത്രമാണ് കൊടുത്തിരുന്നത്. ബാക്കിയുള്ളത് ജോബി ഉടനെ കൈമാറും. ഷെയിനിന്റെ കുടുംബത്തെ അവഹേളിച്ചതില്‍ ജോബി മാപ്പു പറഞ്ഞു.

എന്നാല്‍ ജോബി തന്നോട് മാപ്പ് പറഞ്ഞില്ലെന്ന് ഷെയ്ന്‍ പ്രതികരിച്ചു. 'ആ ഒരിതില്‍ പറഞ്ഞുപോയതാണ്' എന്ന് മാത്രമാണ് പറഞ്ഞതെന്ന് ഷെയ്ന്‍ പറഞ്ഞു.

"ഞാന്‍ തൃപ്തനാണ്. വളരെ സന്തോഷവാനാണ്. ഞാനല്ല ഇതൊക്കെ ഇവിടം വരെ കൊണ്ടുവന്നെത്തിച്ചത്. 'വെയില്‍' സിനിമ തുടങ്ങിയപ്പോള്‍ മുതല്‍ എനിക്ക് ഇത്തരം ബുദ്ധിമുട്ടുകളുണ്ടായിരുന്നു. പിന്നെ നമ്മള്‍ ഓര്‍ക്കും 'എന്തിനാണ്'. പടം കഴിഞ്ഞാല്‍ ഇവരെയൊന്നും കാണേണ്ടല്ലോ. അടുത്ത പടത്തില്‍ നമ്മുക്ക് തീരുമാനിക്കാം, ആര് വേണം, ആര് വേണ്ടായെന്ന്. ലൈവ് പോകാന്‍ കാരണം, എന്റെ മാനേജര്‍ സതീഷേട്ടനെ വിളിച്ച്, എന്റെ ഉമ്മച്ചീനെ വരെ ചീത്ത വിളിച്ചതുകൊണ്ടാണ്. ആ ഒരു വിഷയത്തില്‍ മാത്രമാണ് ലൈവ് പോയത്. 25 ദിവസം കൊണ്ട് തീര്‍ക്കേണ്ട ഷെഡ്യൂള്‍ 16 ദിവസം കൊണ്ടാണ് തീര്‍ത്തുകൊടുത്തത്. പക്ഷേ, എല്ലാവരും കുറ്റം മാത്രമേ കണ്ടുപിടിക്കൂ. ഈ പ്രശ്‌നമുള്ളതുകൊണ്ടാണ് ജോബിയുടെ അടുത്ത പടത്തില്‍ നിന്ന് പിന്‍മാറുന്നത്.''- ഷെയ്ന്‍ പറഞ്ഞു.