• 13 Nov 2019
  • 08: 47 AM
Latest News arrow

39 പേരുടെ മൃതദേഹവുമായി ഒരു ട്രക്ക്! ഡ്രൈവർ അറസ്റ്റിൽ

ലണ്ടന്‍: തെക്കു കിഴക്കൻ ഇംഗ്ളണ്ടിലെ എസ്സെക്സിൽ  39 പേരുടെ മൃതദേഹവുമായി എത്തിയ ഒരു കണ്ടെയ്നർ ട്രക്ക് എസ്സെക്സ് പൊലീസ് കസ്റ്റഡിയിലെടുത്തു. യൂറോപ്യന്‍ രാജ്യമായ ബള്‍ഗേറിയയില്‍ നിന്നുമെത്തിയതെന്ന് കരുതുന്ന ട്രക്കിലാണ്  മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നോര്‍ത്ത് അയര്‍ലന്‍ഡ് സ്വദേശിയായ ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് 25 വയസ് പ്രായമുണ്ടെന്നും ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് അറിയിച്ചു.  

തെക്കു കിഴക്കൻ ഇംഗ്ളണ്ടിലെ എസ്സെക്സിലെ  ഒരു വ്യവസായ പാര്‍ക്കില്‍ നിന്നുമാണ് ട്രക്ക് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വെയ്ല്‍സ് വഴിയാണ് ട്രക്ക് ബള്‍ഗേറിയയില്‍ നിന്നും ബ്രിട്ടനിലേക്ക് പ്രവേശിച്ചതെന്ന് പൊലീസ് പറയുന്നു. ട്രക്കില്‍ കണ്ടെത്തിയ 39 മൃതദേഹങ്ങളും ആരുടേതാണെന്ന് തിരിച്ചറിയാൻ ഏറെ സമയം വേണ്ടി വരുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ട്രക്ക് കണ്ടെത്തിയ സ്ഥലം പൊലീസ് വലയത്തിലാക്കി. ഇവിടെ നിന്നും ആളുകളെ ഒഴിപ്പിച്ചു. 

കണ്ടെത്തിയ മൃതദേഹങ്ങളില്‍ 38 എണ്ണവും പ്രായപൂര്‍ത്തിയായവരുടേതാണ്. ഒരു മൃതദേഹം കൗമാരപ്രായത്തിലുള്ള ആളുടേതാണ്. ബ്രിട്ടണിലേക്ക് അഭയാര്‍ത്ഥികളായി അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ചവരാവാം ട്രക്കില്‍ കൊല്ലപ്പെട്ടതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.