• 06 Dec 2022
  • 03: 45 PM
Latest News arrow

"വർത്തമാനകാല ദേശീയ സുരക്ഷ എന്നത് വരേണ്യ-വർഗ്ഗീയ ശക്തികളുടെ സുരക്ഷ"- എസ്. ശാരദക്കുട്ടി

കോഴിക്കോട്: വരേണ്യ-വർഗ്ഗീയ ശക്തികളുടെ സുരക്ഷയാണ് വർത്തമാനകാല ദേശീയ സുരക്ഷയെന്ന് എഴുത്തുകാരി എസ്. ശാരദക്കുട്ടി. കോഴിക്കോട്ട് രാമദാസ് വൈദ്യർ അനുസ്മരണ സമ്മേളനത്തിൽ 'ആവിഷ്കാര സ്വാതന്ത്ര്യം-ഭരണകൂടം' എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അവർ. 

" ദേശീയ സുരക്ഷയെക്കുറിച്ചും ദേശസ്നേഹത്തെക്കുറിച്ചും ഭരണകൂടം ആവർത്തിച്ച് പറയുമ്പോഴും ഇതേക്കുറിച്ച് തികഞ്ഞ ബോദ്ധ്യമുള്ളതിനാൽ നാം അത്ര വലിയ ദേശീയസ്നേഹികളാകേണ്ട എന്ന് നമുക്ക് തോന്നും. നുണകൊണ്ടെഴുതപ്പെട്ട ചരിത്രമാണ് നാം പിന്തുടരുന്നത്. വായിക്കുന്നവരെ ഭയക്കുന്ന ഒരു ഭരണകൂടമാണ് ഇവിടെയുള്ളത് എന്നത് ഭയപ്പെടുത്തുന്നതും അതേ സമയം, ജാഗരൂകരാകേണ്ടതുമായ കാര്യമാണ്. വായനയെ ഭയക്കുന്നതും എഴുത്തുകാരെ വധിക്കുന്നതും മതശക്തികളാണ്.. കുടുംബത്തിനകത്ത് സദാചാരം മാത്രമാണ് ചർച്ച ചെയ്യുന്നത്. കുടുംബത്തിൽ രാഷ്ട്രീയം പറഞ്ഞിരുന്നുവെങ്കിൽ ശബരിമല വിഷയത്തിൽ ഇത്രയധികം സ്ത്രീകൾ ഇറങ്ങില്ലായിരുന്നു. ഇടതുപക്ഷ നേതാക്കൾ പോലും പറയുന്നത് തങ്ങൾ വീട്ടിൽ രാഷ്ട്രീയം പറയാറില്ലെന്നാണ്. സ്ത്രീകൾ രാഷ്ട്രീയ പ്രബുദ്ധത നേടാതെ ഈ നാട് രക്ഷപ്പെടില്ല. ഏറ്റവും വലിയ ഫാസിസ്റ്റ് ഭരണകൂടം വീടാണ്. സ്ത്രീയുടെ വായനയും സ്വാതന്ത്ര്യവും നിഷേധിക്കുന്ന കുടുംബത്തിലാണ് ഫാസിസം തുടങ്ങുന്നത്. മോദിയുടെയും അമിത് ഷായുടെയും പതിപ്പുകൾ വീട്ടിൽ തന്നെയുണ്ട്."-  ശാരദക്കുട്ടി പറഞ്ഞു.

രാമദാസ് വൈദ്യർ അനുസ്മരണ സമിതി സംഘടിപ്പിച്ച പരിപാടിയിൽ ചെലവൂർ വേണു അധ്യക്ഷനായിരുന്നു. വി. ആർ. സുധീഷ്, രാംദാസ് വൈദ്യർ അനുസ്മരണ പ്രഭാഷണം നടത്തി. പരിസ്ഥിതി പ്രവർത്തകനായ ഡോ. എ അച്യുതനെ ആദരിച്ചു. പി. ദാമോദരൻ, പി.വി. ഗംഗാധരൻ, കമാൽ വരദൂർ, കെ. പ്രേംനാഥ് എന്നിവർ പ്രസംഗിച്ചു. അനിൽ ദാസിന്റെ ഗസൽ കച്ചേരിയും ഉണ്ടായിരുന്നു.