• 13 Nov 2019
  • 08: 50 AM
Latest News arrow

അരൂരിലും കോന്നിയിലും മഞ്ചേശ്വരത്തും മികച്ച പോളിംഗ്; എറണാകുളത്ത് കുറവ്

തിരുവനന്തപുരം: കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളില്‍ മികച്ച പോളിംഗ് രേഖപ്പെടുത്തി.  ഒടുവി ലുള്ള  വിവരമനുസരിച്ച് ശക്തമായ മത്സരം നടക്കുന്ന കോന്നിയില്‍ 63  ശതമാനം വോട്ടുകൾ പോൾ ചെയ്തിട്ടുണ്ട്. അരൂരില്‍ 69 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. മഞ്ചേശ്വരത്ത് 61 ശതമാനവും വട്ടിയൂര്‍ക്കാവില്‍ 58 ശതമാനവുമാണ് പോളിംഗ്. എന്നാൽ ശക്തമായ മഴയും വെള്ളപ്പൊക്കവും ബാധിച്ച എറണാകുളം മണ്ഡലത്തില്‍ പോളിംഗ് മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. പോളിങ് അവസാനിക്കാനിരിക്കെ 48 ശതമാനം വോട്ടുകള്‍ മാത്രമാണ് എറണാകുളം മണ്ഡലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

എറണാകുളത്ത് എട്ടുമണിവരെ വോട്ടുചെയ്യാന്‍ സമയം അനുവദിക്കണമെന്ന് യുഡിഎഫ്‌ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വോട്ടിംഗ്  സമയം നീട്ടി നല്‍കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ആറ് മണിവരെ ക്യൂവില്‍ ഇടം പിടിക്കുന്നവർക്ക്  വോട്ട് ചെയ്യാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയില്‍ മൂന്ന് മണിവരെ 43.65 ശതമാനം വോട്ടിംഗും ഹരിയാനയില്‍ 50.59 ശതമാനം വോട്ടിംഗും രേഖപ്പെടുത്തി. വൈകീട്ട് 6.30 നു ശേഷം വരുന്ന എക്സിറ്റ് പോളിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്.