• 13 Nov 2019
  • 08: 45 AM
Latest News arrow

ജൂനിയര്‍ അത്‍ലറ്റിക്‌ മീറ്റിനിടെ ഹാമർ തലയിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

കോട്ടയം: പാലായില്‍ ജൂനിയര്‍ അത്‍ലറ്റിക്‌ മീറ്റ് നടക്കുന്നതിനിടെ ഹാമര്‍ തലയില്‍ വീണ് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. ഈരാറ്റുപേട്ട മൂന്നിലവ് കുരിഞ്ഞംകുളത്ത് അഫീല്‍ ജോണ്‍സനാണ് മരിച്ചത്. പാലാ സെയ്ന്റ് തോമസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. മൂന്നാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

പാലാ സിന്തറ്റിക് ട്രാക്കില്‍ നടന്ന മത്സരത്തിനിടെയാണ് വളണ്ടിയറായ അഫീലിന് ഹാമര്‍ തലയില്‍ വീണ് പരിക്കേറ്റത്. സ്റ്റേഡിയത്തില്‍ ജാവലിന്‍ ത്രോ മത്സരത്തിനുശേഷം ജാവലിനുകള്‍ എടുത്തുമാറ്റുന്നതിനിടെയാണ് ഗ്രൗണ്ടിന്റെ മറ്റൊരു ഭാഗത്ത് നടന്നുകൊണ്ടിരുന്ന ഹാമര്‍ ത്രോ പിറ്റില്‍ നിന്നുള്ള ഹാമര്‍ തലയില്‍ വന്നു വീണത്.

അഫീലിനെ ഉടൻ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നെങ്കിലും ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. മീറ്റ് അശ്രദ്ധമായി കൈകാര്യം ചെയ്തതിന് സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അപകടത്തെ തുടര്‍ന്ന് മത്സരങ്ങളും മാറ്റിവെച്ചിരുന്നു.