• 12 May 2021
  • 05: 52 PM
Latest News arrow

ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രമേള ഗോൾഡൻ ജൂബിലി നിറവിൽ; മലയാളത്തിന് അഭിമാനമായി ജല്ലിക്കെട്ടും ഉയരേയും കോളാമ്പിയും

പഞ്ചിം(ഗോവ): ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ അൻപതാം എഡിഷന് നവംബർ 20-ന് ഗോവയിലെ പഞ്ചിമിൽ തുടക്കമാവും. 28 വരെ നീണ്ടു നിൽക്കും. ചലച്ചിത്രമേളയുടെ ഗോൾഡൻ ജൂബിലി വർഷമായതിനാൽ പ്രതിനിധികൾ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. 76 രാജ്യങ്ങളിൽ നിന്നുള്ള 200-ലധികം ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും.

26 ഫീച്ചർ സിനിമകളും 15 നോൺ-ഫീച്ചർ സിനിമകളും ഇന്ത്യൻ പനോരമ സെക്ഷനിൽ പ്രദർശിപ്പിക്കുന്നുണ്ട്. ടി.കെ. രാജീവ് കുമാറിന്റെ 'കോളാമ്പി', ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ജല്ലിക്കെട്ട്', മനു അശോകന്റെ 'ഉയരെ' എന്നിവയാണ്  പനോരമയിൽ പ്രദർശിപ്പിക്കുന്ന മലയാളഭാഷാ ചലച്ചിത്രങ്ങൾ. ഇതിൽ 'ജല്ലിക്കെട്ട്' മേളയിലെ   മത്സരവിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള സുവർണ്ണമയൂരത്തിനായും 'ഉയരെ' എന്ന ചിത്രം മികച്ച കന്നി സംവിധായകനെ കണ്ടെത്താനുള്ള മത്സരവിഭാഗത്തിലും പ്രദർശിപ്പിക്കുന്നുണ്ട്. (കഴിഞ്ഞ വർഷത്തെ ചലച്ചിത്രമേളയിൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ഈ.മ.യൗ' മികച്ച സംവിധായകനും മികച്ച നടനുമുള്ള പുരസ്‌കാരങ്ങൾ നേടിയിരുന്നു) . ഇത് കൂടാതെ, മലയാളികൾ സംവിധാനം ചെയ്ത ഗോത്രഭാഷയിലുള്ള രണ്ടു സിനിമകൾ പനോരമയിലെത്തിയത് ശ്രദ്ധേയമായി.  മലയാളികളായ മനോജ് കാന പണിയ ഭാഷയിൽ സംവിധാനം ചെയ്ത 'കെഞ്ചിറ' യും വിജീഷ് മണി   ഇരുള ഭാഷയിൽ സംവിധാനം ചെയ്ത 'നേതാജി'യുമാണ് പനോരമ സെലക്ഷൻ നേടിയത്. സംവിധായകൻ പ്രിയദർശൻ അദ്ധ്യക്ഷനായ ജൂറിയാണ് പനോരമചിത്രങ്ങൾ തിരഞ്ഞെടുത്തത്.

അഭിഷേക് ഷാ സംവിധാനം ചെയ്ത് മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡ് നേടിയ ഗുജറാത്തി ചിത്രം 'ഹെല്ലാരോ' ആണ് പനോരമയുടെ ഉദ്ഘാടന ചിത്രം. ഫീച്ചർ വിഭാഗത്തിൽ മറാത്തിയിൽ നിന്ന് 5 സിനിമകളും ബംഗാളിയിൽ നിന്ന് 3  സിനിമകളും തമിഴിൽ നിന്ന് 2  സിനിമകളും ഹിന്ദിയിൽ നിന്ന് 2 സിനിമകളും കന്നഡ, തിബത്തൻ ഗോത്രഭാഷയായ പാങ്ങ്ചെൻപ, ആസാമീസ് ഗോത്രഭാഷയായ ഖാസി ഖാരോ എന്നിവയിൽ നിന്നുള്ള ഓരോ സിനിമകളും ഉൾപ്പെടുന്നു. കൂടാതെ പനോരമയിലെ മുഖ്യധാരാ വിഭാഗത്തിൽ ഹിന്ദിഭാഷയിൽ നിന്നുള്ള 4  സിനിമകളും ഒരു തെലുങ്ക് ഭാഷാ സിനിമയും പ്രദർശിപ്പിക്കും.

നോൺ-ഫീച്ചർ വിഭാഗത്തിൽ ആശിഷ് പാണ്ഡെ സംവിധാനം ചെയ്ത കശ്മീരി ഭാഷയിലുള്ള 'നൂറ' ഉദ്‌ഘാടന ചിത്രമായി പ്രദർശിപ്പിക്കും. ഈ വിഭാഗത്തിൽ മലയാളത്തിൽ നിന്ന് ജയരാജ് സംവിധാനം ചെയ്ത 'ശബ്‌ദിക്കുന്ന കലപ്പ'യും  നൊവിൻ വാസുദേവ് സംവിധാനം ചെയ്ത 'ഇരവിലും പകലിലും ഒടിയൻ' എന്നിവ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സംവിധായകൻ രാജേന്ദ്ര ജംഗ്‌ളെ അദ്ധ്യക്ഷനായ ജൂറിയാണ് നോൺ-ഫീച്ചർ ചിത്രങ്ങൾ തിരഞ്ഞെടുത്തത്.

'ജല്ലിക്കെട്ടി'നെക്കൂടാതെ ആനന്ദ് മഹാദേവൻ സംവിധാനം ചെയ്ത  'മായി ഘട്ട്: ക്രൈം നമ്പർ.103/2005' എന്ന ചിത്രമാണ് ഇന്ത്യയുടെ എൻട്രിയായി മത്സരവിഭാഗത്തിലുള്ളത്. ചൈനയിൽ നിന്നുള്ള 'ബലൂൺ' (പേമ സെദെൻ), തുർക്കിയിൽ നിന്നുള്ള 'ക്രോണോളജി ( അലി അയ്ഡിൻ), ഓസ്ട്രിയയിൽ നിന്നുള്ള 'ലില്ലിയൻ' (ആൻഡ്രീസ് ഹോർവത്ത്), ബ്രസീലിൽ നിന്നുള്ള 'മരിഖെല്ല' (വാഗ്‌നർ മോറ), നോർവേ-സ്വീഡൻ-ഡെൻമാർക്ക്‌ കോ-പ്രൊഡക്ഷനായ 'ഔട്ട് സ്റ്റീലിങ് ഹോഴ്സസ്' ( ഹാൻസ് പെറ്റർ മോളണ്ട്), ഫ്രാൻസ്-സ്വിറ്റ്‌സർലൻഡ് കോ-പ്രൊഡക്ഷൻ ആയ 'പാർട്ടിക്കിൾസ്' (ബ്ലെയ്‌സ് ഹാരിസൺ), സ്ലോവേനിയയിൽ നിന്നുള്ള 'സ്റ്റോറീസ് ഫ്രം ദ ചെസ്റ്റ്നട്ട് വുഡ്‌സ്' (ഗ്രിഗർ ബോസിക്), ഇന്തോനേഷ്യ-മലേഷ്യ-ഫ്രാൻസ് കോ-പ്രൊഡക്ഷനായ 'ദ സയൻസ് ഓഫ് ഫിക്ഷൻസ്' (യോസേപ്പ് ആംഗി നോൺ), മംഗോളിയയിൽ നിന്നുള്ള 'സ്റ്റീഡ്' (എർഡൻഎബിലെഗ് ഗാൻബോൾഡ്), ഹംഗറിയിൽ നിന്നുള്ള 'കേപ്റ്റീവ്സ്' (ക്രിസ്റ്റോഫ് ഡീക്), ഫിലിപ്പൈൻസിൽ നിന്നുള്ള 'വാച്ച് ലിസ്റ്റ്' ( ബെൻ രേഖി), കാനഡയിൽ നിന്നുള്ള 'ആന്റിഗണി' (സോഫി ഡെറാസ്പെ), ഇറാൻ-ചെക്ക് റിപ്പബ്ലിക്ക് കോ-പ്രൊഡക്ഷനായ 'സൺ-മദർ' ( മഹ്‌നാസ് മൊഹമ്മദി) എന്നിവയാണ് മത്സരവിഭാഗത്തിലുള്ള മറ്റു ചിത്രങ്ങൾ. ജോൺ ബെയ്‌ലി, അദ്ധ്യക്ഷനായ ഇന്റർനാഷണൽ ജൂറിയിൽ റോബിൻ കാംപിലോ, ഴാങ് യാങ്, ലിൻ റാംസെ, രമേഷ് സിപ്പി എന്നിവർ അംഗങ്ങളാണ്.

വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽസ് ആണ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയ്ക്ക് ചുക്കാൻ പിടിക്കുന്നത്. 1952-ൽ ഫിലിംസ്  ഡിവിഷന് കീഴിലാണ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്നത്. പിന്നീട് '61, '65, '69, '74 എന്നീ വർഷങ്ങളിൽ മേള നടന്നു. തുടർന്ന് '75 മുതൽ തുടർച്ചയായി അന്താരാഷ്ട്ര ചലച്ചിത്ര മേള നടത്തപ്പെടുന്നു. ന്യൂദൽഹിയിലും ഒന്നിടവിട്ട വർഷങ്ങളിൽ കൊൽക്കൊത്ത, മുംബൈ, ഹൈദരാബാദ്, ചെന്നൈ, ബാംഗ്ലൂർ, തിരുവനന്തപുരം എന്നീ നഗരങ്ങളിലുമായിരുന്നു മേള നടത്തിയിരുന്നത്. 2004-ൽ 35-ആം എഡിഷൻ മുതലാണ് ഗോവ സ്ഥിരം വേദിയാക്കി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്നത്.