• 13 Nov 2019
  • 08: 48 AM
Latest News arrow

കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചിട്ടില്ല; ആരോപണം തള്ളി യുവതിയുടെ കുടുംബം

മഞ്ചേശ്വരം: പാര്‍ട്ടി സ്ലിപ്പുമായി വന്ന് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചെന്ന ആരോപണം തള്ളി പൊലീസ് കസ്റ്റഡിയിലെടുത്ത യുവതിയുടെ കുടുംബം. ആശയക്കുഴപ്പത്തെ തുടര്‍ന്ന് സംഭവിച്ച കാര്യമാണിത്. കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും പൊലീസ് കസ്റ്റഡിയിലുള്ള നബീസയുടെ ഭര്‍ത്താവ് അബൂബക്കര്‍ പറഞ്ഞു. 

ബാക്രബയിലെ സ്‌കൂളില്‍ 40, 42 എന്നീ രണ്ട് ബൂത്തുകളുണ്ടായിരുന്നു. വിവാഹം കഴിക്കുന്നതിന് മുമ്പ് 40-ാം ബൂത്തിലായിരുന്നു നബീസയ്ക്ക് വോട്ടുണ്ടായിരുന്നത്. വിവാഹത്തോടെ 42-ാം ബൂത്തിലേക്ക് മാറി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 42-ാം ബൂത്തിലാണ് നബീസ വോട്ട് ചെയ്തത്. 

ഇത്തവണ ബൂത്ത്‌ലെവല്‍ ഓഫീസര്‍മാര്‍ വീടുകളിലെത്തി വോട്ടിങ് സ്ലിപ്പുകള്‍ നല്‍കിയിരുന്നില്ല. തനിയ്ക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയ സ്ലിപ്പില്‍ നബീസ എന്ന പേരുണ്ടായിരുന്നു. മറ്റൊരു കുടുംബത്തിന്റെ സ്ലിപ്പ് മാറി തങ്ങള്‍ക്ക് ലഭിച്ചതാണെന്നും അബൂബക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

നബീസയ്ക്ക് മഞ്ചേശ്വരം മണ്ഡലത്തില്‍ വോട്ടില്ലെന്നും വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്ത സ്ത്രീയുടെ വോട്ട് രേഖപ്പെടുത്താന്‍ നബീസ ശ്രമിക്കുകയായിരുന്നുവെന്നുമാണ് പ്രിസൈഡിങ് ഓഫീസര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് പൊലീസ് നബീസയെ അറസ്റ്റു ചെയ്യുകയായിരുന്നു. ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് നബീസയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.