• 13 Nov 2019
  • 08: 44 AM
Latest News arrow

തുലാവർഷം ഡിസംബറിലേക്കും നീളാൻ സാധ്യത; വിവിധ ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട്ട്; റെയിൽ ഗതാഗതം താറുമാറായി

കൊച്ചി: ദക്ഷിണേന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ വീണ്ടും കനത്ത മഴ എത്തി. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും പുതിയ ന്യൂനമർദ്ദങ്ങൾ രൂപപ്പെടുന്നതാണ് ഇതിന് കാരണം. തുലാമഴക്കൊപ്പം ന്യൂനമർദ്ദങ്ങളുടെ സാന്നിധ്യം കൂടിയുണ്ടായതിനാൽ കേരളത്തിൽ അടുത്ത പത്ത് ദിവസക്കാലത്തേക്ക് ശക്തമായ  മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നു.

ലക്ഷദ്വീപിനും കേരളത്തിനും ഇടയിലെ ന്യൂനമർദ്ദമാണ് അടുത്ത നാലു ദിവസം കനത്തമഴയായി മാറുക. അടുത്ത ന്യൂനമർദ്ദം 36 മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദ്ദമായി മാറി ഒമാൻ തീരത്തേക്കു നീങ്ങും. അതിനാൽ  ഈ മാസം 24 വരെ കനത്ത മഴയാണ്  ഇന്ത്യൻ കാലാവസ്‌ഥാ കേന്ദ്രം (ഐഎംഡി) പ്രവചിക്കുന്നത്.  ബുധനാഴ്‌ചയോടെ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദവും രൂപപ്പെടുന്നുണ്ട്. ഇതും കേരളത്തിൽ മഴ പെയ്യിക്കും.

തുടർന്ന്  ശ്രീലങ്കയ്‌ക്കും കന്യാകുമാരിക്കും ഇടയിൽ രൂപപ്പെടുന്ന മറ്റൊരു ന്യൂനമർദ്ദം വീണ്ടും ശക്‌തമായ മഴയുണ്ടാക്കുമെന്ന് വിവിധ കാലാവസ്ഥാ ഏജൻസികൾ പറയുന്നു. നവംബർ, ഡിസംബർ മാസങ്ങളിലേക്കും  ഈ വർഷത്തെ തുലാമഴ നീളാൻ സാദ്ധ്യതയുണ്ടെന്നും പ്രവചിക്കുന്നു. കേരളം മുതൽ വിദർഭ വരെ നീണ്ടു കിടക്കുന്ന മഴപ്പാത്തിയും കേരളത്തിലും കർണാടകത്തിലും കനത്ത മഴ ഉണ്ടാക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

വരുന്ന രണ്ട് ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും  ഐഎംഡി അറിയിച്ചിട്ടുണ്ട്. 21 സെന്‍റിമീറ്ററില്‍ കൂടുതല്‍ മഴ ലഭിച്ചേക്കുമെന്നാണ് വിലയിരുത്തൽ. 

തിങ്കളാഴ്ച ഏഴ് ജില്ലകളിൽ കൂടി റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം , എറണാകുളം, ഇടുക്കി, തൃശൂർ , പാലക്കാട് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്. ഇടുക്കി, തൃശൂർ , പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ചൊവ്വാഴ്ചയും റെഡ് അലർട്ടാണ്.

എറണാകുളത്ത് റെയിൽവേ ട്രാക്കുകളിൽ വെള്ളം കയറി സിഗ്നൽ സംവിധാനം താറുമാറായതിനാൽ ട്രെയിൻ ഗതാഗതം സ്തംഭിച്ചു. നിരവധി വണ്ടികൾ സ്റ്റേഷനുകളിൽ പിടിച്ചിട്ടു. പലതും റദ്ദാക്കുകയും ചെയ്തു.