• 13 Nov 2019
  • 08: 50 AM
Latest News arrow

ശക്തമായ മഴയ്ക്ക് നേരിയ ശമനം; വോട്ടര്‍മാര്‍ ബൂത്തുകളിലേക്ക്

തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന വോട്ടര്‍മാരുടെ അഭ്യര്‍ത്ഥന തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടെടുപ്പ് മാറ്റിവെയ്‌ക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. സുഗമമായി പോളിങ് തുടരാന്‍ ആവശ്യമായ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും ടിക്കാറാം മീണ അറിയിച്ചു. 

രാവിലെ അഞ്ച് മണിയ്ക്ക് തുടങ്ങിയ മഴ 10.30 ഓടെയാണ് ശമിച്ചത്. തുടര്‍ന്ന് കാര്യമായ മഴ പെയ്തില്ല. ഇതോടെയാണ് വോട്ടര്‍മാര്‍ ബൂത്തുകളിലേക്ക് എത്താന്‍ തുടങ്ങിയത്. പാര്‍ട്ടി പ്രവര്‍ത്തകരും പരമാവധി വോട്ടര്‍മാരെ പോളിങ് ബൂത്തുകളിലെത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്.  കനത്ത മഴയെത്തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് തടസ്സപ്പെട്ട നാല് മണ്ഡലങ്ങളിലും മഴയ്ക്ക് ശമനമായി. 

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളത്ത് അയ്യപ്പന്‍കാവ് സ്‌കൂളിലെ അഞ്ച് ബൂത്തുകള്‍ കനത്ത മഴയും വെള്ളക്കെട്ടും കാരണം മാറ്റി സ്ഥാപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് തുടരാനുള്ള മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ തീരുമാനത്തെ ചോദ്യം ചെയ്യുന്നില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. എറണാകുളത്തെ പ്രതികൂല സാഹചര്യം പരിഗണിച്ച്, അവിടെയുള്ള അവസാന വോട്ടര്‍ക്കും വോട്ട് ചെയ്യാനുള്ള അവസരമുണ്ടാകണമെന്ന് മുല്ലപ്പള്ളി പറഞ്ഞു.