• 13 Nov 2019
  • 08: 46 AM
Latest News arrow

പരീക്ഷയില്‍ കോപ്പിയടിക്കാതിരിക്കാന്‍ വിചിത്ര മാര്‍ഗം; മാപ്പ് പറഞ്ഞ് സ്‌കൂള്‍ അധികൃതര്‍

വിദ്യാര്‍ത്ഥികള്‍ കോപ്പിയടിക്കാതിരിക്കാന്‍ കര്‍ണാടകയിലെ ഒരു സ്‌കൂള്‍ സ്വീകരിച്ച വിചിത്രമായ രീതി വിവാദമായതിനെത്തുടര്‍ന്ന് അധികൃതര്‍ മാപ്പ് പറഞ്ഞു. തലയില്‍ കാര്‍ഡ്‌ബോര്‍ഡ് ധരിച്ച് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ ചിത്രം ഇന്റര്‍നെറ്റില്‍ വൈറലാവുകയും വലിയ പ്രതിഷേധം ഉയരുകയും ചെയ്തതോടെയാണ് സ്‌കൂള്‍ അധികൃതര്‍ ക്ഷമ ചോദിച്ചത്. 

കര്‍ണാടകയിലെ ഹവേരിയിലെ ഭഗത് പ്രീ യൂണിവേഴ്‌സിറ്റി കോളേജിലെ കെമിസ്ട്രി പരീക്ഷയ്ക്കിടെയാണ് സ്‌കൂള്‍ അധികൃതര്‍ വിചിത്രമായ രീതി പരീക്ഷിച്ചത്. തലകടക്കാന്‍ പാകത്തിന് കാര്‍ഡ്‌ബോര്‍ഡുകളുടെ ഒരു വശം മാത്രം തുളച്ച് അതിലൂടെ തലയിട്ടാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയത്. തൊട്ടടുത്തിരിക്കുന്നവരുടെ പേപ്പറില്‍ നിന്ന് കോപ്പിയടിക്കാതിരിക്കാനായിരുന്നു ഈ വിചിത്ര നടപടി. 

ഇത്തരം ഒരു നടപടി സ്വീകരിച്ചതില്‍ ക്ഷമ ചോദിക്കുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തിലായിരുന്നു ഈ മാര്‍ഗം സ്വീകരിച്ചത്. മുംബൈയിലും മറ്റും ഈ രീതി പരീക്ഷിച്ച് വിജയിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ സമ്മതം വാങ്ങിയ ശേഷമാണ് അവരെക്കൊണ്ട് കാര്‍ഡ്‌ബോര്‍ഡ് ധരിപ്പിച്ചത്. ആരെയും ഇതിനായി നിര്‍ബന്ധിച്ചിട്ടില്ല. ചിലര്‍ കാര്‍ഡ്‌ബോര്‍ഡുകള്‍ ധരിച്ചിട്ടില്ലെന്നതില്‍ നിന്ന് ഇക്കാര്യം മനസ്സിലാക്കാം. ചിലര്‍ 15 മിനിറ്റ് കഴിഞ്ഞപ്പോള്‍ കാര്‍ഡ്‌ബോര്‍ഡ് തലയില്‍ നിന്നൂരി മാറ്റി. ചിലര്‍ 20 മിനിറ്റ് കഴിഞ്ഞപ്പോള്‍. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കാര്‍ഡ്‌ബോര്‍ഡ് തലയില്‍ നിന്നെടുത്ത് മാറ്റിക്കൊള്ളാന്‍ തങ്ങള്‍ തന്നെ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു.