ജയത്തോടെ തുടങ്ങി കേരളാ ബ്ലാസ്റ്റേഴ്‌സ്; ഐഎസ്എല്‍ ആറാം സീസൺ ആരംഭിച്ചു

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ ആറാം സീസൺ തുടങ്ങി. കൊച്ചിയിൽ തകർത്തുപെയ്ത മഴയെ തുടര്‍ന്ന് ഉദ്ഘാടന ചടങ്ങുകള്‍ വൈകിയെങ്കിലും കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആയിരക്കണക്കിന് മഞ്ഞപ്പടയെ സാക്ഷിനിർത്തി കലൂർ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ പന്തുരുണ്ടു.
ഇന്ത്യയുടെ മുൻ ക്രിക്കറ്റ് ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി 'ഫേസ് ഓഫ് ഐഎസ്എല്‍' എന്ന നിലയില്‍ മുഖ്യാതിഥിയായി. എടികെയുടെ സഹഉടമ കൂടിയായ ഗാംഗുലിയും കേരളാ ബ്ലാസ്റ്റേഴ്‌സ് സഹഉടമയായ ചിരഞ്ജീവിയും മൈതാനത്തിറങ്ങിയത് കാണികളെ അവേശഭരിതരാക്കി. ബോളിവുഡ് താരം ടൈഗര്‍ ഷെറോഫും ദിഷ പട്ടാണിയും അവതരിപ്പിച്ച നൃത്തവും ലോക ഡാന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കിംഗ്‌സ് യുണൈറ്റഡ് അവതരിപ്പിച്ച നൃത്തവും ആരാധകര്‍ക്ക് കണ്ണിന് വിരുന്നായി.
ഉദ്‌ഘാടനമത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് വിജയത്തോടെ തുടങ്ങിയതും ആരാധകരുടെ ആവേശം ഇരട്ടിയാക്കി. കഴിഞ്ഞ സീസണില്‍ നിറംമങ്ങിപ്പോയ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് സ്വന്തം തട്ടകത്തില്‍ വിജയം അനിവാര്യമായിരുന്നു. ഉദ്ഘാടന മത്സരത്തില്‍ എടികെയായി മുഖം മിനുക്കിയ അത്‍ലറ്റികോ ഡി കൊൽക്കത്ത യയെയാണ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കേരളാ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.
പുതിയ പരിശീലകന്‍ എല്‍ക്കോ ഷട്ടോരി പകർന്നു നൽകിയ പാഠങ്ങൾ ഹൃദിസ്ഥമാക്കിയായിരുന്നു കേരളാ ബ്ലാസ്റ്റേഴ്‌സ് ഗ്രൗണ്ടിലിറങ്ങിയത്. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ നായകന്‍ നൈജീരിയക്കാരനായ ബര്‍ത്തലോമിയോ ഓഗ്ബച്ചെയാണ് ബ്ലാസ്‌റ്റേഴ്‌സിനായി രണ്ടുതവണയും വലകുലുക്കിയത്. കൊല്‍ക്കത്ത താരം കാള്‍ മാക്യൂ ആറാം മിനിറ്റില്‍ ഗോളടിച്ച് ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ചെങ്കിലും ആദ്യ പകുതിയില്‍ത്തന്നെ ബ്ലാസ്റ്റേഴ്‌സ് ലീഡ് വീണ്ടെടുത്തു.
29-ആമത്തെ മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു കേരളത്തിന്റെ ആദ്യ ഗോള്‍. കോര്‍ണറിനിടെ ജയ്‌റോയെ പിടിച്ചുവലിച്ചതിന് എടികെയ്ക്ക് വഴങ്ങേണ്ടി വന്ന പെനാല്‍റ്റി ബ്ലാസ്റ്റേഴ്‌സ് നായകൻ ഓഗ്ബച്ചെ മുതലാക്കി. ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെ ഓഗ്ബച്ചെ തന്നെ ബ്ലാസ്റ്റേഴ്‌സിനായി രണ്ടാമതും ഗോള്‍ കണ്ടെത്തുകയായിരുന്നു.
സീസണില്‍ ആദ്യ മഞ്ഞ കാര്‍ഡ് ബ്ലാസ്റ്റേഴ്‌സ് താരം ജയേഷ് റാണ വാങ്ങിയതിനും ആരാധകര്‍ സാക്ഷിയായി. തൊട്ടു പിന്നാലെ 17 ആം മിനിറ്റില്‍ ജയ്‌റോ റോഡ്രിഗസും മഞ്ഞ കാര്‍ഡ് നേടി. ഈ ജയത്തോടെ ഐഎസ്എൽ പോയിന്റ് പട്ടികയിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഒന്നാമതെത്തി.
ഇത്തവണയും 10 ടീമുകളാണ് ഐഎസ്എല്ലില്‍ മത്സരിക്കുന്നത്. ഡല്‍ഹി ഡൈനാമോസ് പേരുമാറ്റി ഒഡിഷ എഫ്‌സിയായും പൂണെ സിറ്റി ഹൈദരാബാദ് സിറ്റിയായും ഇത്തവണ മത്സരരംഗത്തുണ്ട്.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ