• 13 Nov 2019
  • 08: 50 AM
Latest News arrow

തുലാമഴ അതിശക്തം; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കൊച്ചി: സംസ്ഥാനത്ത് തുലാമഴ അതിശക്തമാകുന്നു. തിരുവനന്തപുരം, എറണാകുളം, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോഡും കണ്ണൂരും ഒഴിച്ചുള്ള മറ്റ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് നിലവിലുണ്ട്. 

കൊച്ചിയില്‍ ഇന്നലെ രാത്രി മുതല്‍ അതിതീവ്ര മഴയാണ് പെയ്യുന്നത്. ഇവിടുത്തെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. എംജി റോഡിലും, ടിഡി റോഡിലും ദേശീയ പാതയിലും പശ്ചിമകൊച്ചിയുടെ വിവിധ ഭാഗങ്ങളിലും വെള്ളം കയറി. സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ വെള്ളം കയറിയതിനാല്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചതായി റെയില്‍വേ അറിയിച്ചു. എറണാകുളം ജില്ലയിലെ ഗ്രാമീണ മേഖലകൡും മഴ ശക്തമാണ്. കോട്ടയത്തിന്റെ മലയോര മേഖലകളിലും പടിഞ്ഞാറന്‍ മേഖലകളിലും കനത്ത മഴ തുടരുന്നു.  

കടല്‍ പ്രക്ഷുബ്ദമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. എറണാകുളത്തും ആലപ്പുഴയിലും പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. കൊട്ടാരക്കര താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. തൃശൂര്‍ ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉച്ചമുതല്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.