• 13 Nov 2019
  • 08: 43 AM
Latest News arrow

എലിയായി വന്ന് പുലിയായി മാറി 'അസുരന്‍'; ചിത്രം വന്‍ ഹിറ്റ്; നൂറ് കോടി ക്ലബില്‍ കടക്കുമെന്ന് നിര്‍മ്മാതാവ്

ആദ്യത്തെ പത്ത് ദിവസത്തിനുള്ളില്‍ 50 കോടി കടന്ന് ധനുഷ്-വെട്രിമാരന്‍ കോമ്പിനേഷന്റെ 'അസുരന്‍'. തിയേറ്ററിക്കല്‍, ഓവര്‍സീസ്, ഡിജിറ്റല്‍, സാറ്റലൈറ്റ്, ഓഡിയോ വരുമാനങ്ങളെല്ലാം കൂട്ടിയാല്‍ ചിത്രം 100 കോടി ക്ലബില്‍ കടക്കുമെന്നാണ് നിര്‍മ്മാതാവ് കലൈപുലി തനു പറയുന്നത്. തമിഴില്‍ ധനുഷിന്റെ ഏറ്റവും വലിയ ഹിറ്റായിരിക്കുകയാണ് 'അസുരന്‍'. ഈ ചിത്രത്തോടെ തമിഴിലെ അഞ്ച് സൂപ്പര്‍ സ്റ്റാറുകളുടെ കൂട്ടത്തില്‍ ധനുഷും എണ്ണപ്പെടുമെന്ന് കലൈപുലി തനു പറഞ്ഞു.

സ്ത്രീകളെ വലിയ തോതില്‍ സ്വാധീനിക്കുന്ന തരത്തിലുള്ള കുടുംബകഥയാണ് 'അസുരന്‍' പറയുന്നത്. അതുകൊണ്ട് തന്നെ ഉള്‍പ്രദേശങ്ങളിലെ തിയേറ്ററുകളില്‍ പോലും വലിയ സ്വീകാര്യതയാണ് അസുരന്‍ നേടിയിരിക്കുന്നത്. കേരളത്തില്‍ പത്ത് ദിവസത്തിനുള്ളില്‍ 3.35 കോടി രൂപ അസുരന്‍ നേടി. 

ജീവിത ഗന്ധിയായ ഒരു സിനിമയാണ് 'അസുരന്‍'. തങ്ങളുടെ പ്രിയപ്പെട്ടവരെ സംരക്ഷിക്കേണ്ടത് എങ്ങിനെ എന്നുള്ളത് എത്രത്തോളം പ്രാധാന്യമുള്ളതാണെന്നും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ എങ്ങിനെ കൈകാര്യം ചെയ്യണം തുടങ്ങിയ കാര്യങ്ങളാണ് സിനിമ കൈകാര്യം ചെയ്യുന്നത്. റിയലിസ്റ്റിക്കായിട്ടാണ് ചിത്രമെടുത്തിരിക്കുന്നത്. എന്നിട്ട് പോലും സാധാരണ മാസ് മസാല പടങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നവരും 'അസുരന്‍' കാണാന്‍ വരുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ചിത്രം തിയേറ്ററില്‍ ഹിറ്റായിരിക്കുന്നതെന്ന് തനു പറഞ്ഞു. 

ചിത്രം റിലീസാകുന്നതിന് മുമ്പ് ചിത്രത്തെക്കുറിച്ച് വലിയ അഭിപ്രായമുണ്ടായിരുന്നില്ല. ഇതൊരു ക്ലാസ് സിനിമയാണെന്നും മാസിനെ ആകര്‍ഷിക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു പലരും വാദിച്ചത്. എന്നാല്‍ നിരൂപകപ്രശംസ നേടിയ ഒരു ചിത്രത്തെ വലിയൊരു സദസിന്റെ മുമ്പില്‍ എങ്ങിനെ അവതരിപ്പിക്കണമെന്നതിന് മാതൃകയാണ് 'അസുരന്‍'.  മാധ്യമങ്ങൡലൂടെയുള്ള സിനിമാ നിരൂപണങ്ങളും ആളുകള്‍ വാക്കാല്‍ നടത്തിയ പ്രചാരണങ്ങളും സിനിമയെ സൂപ്പര്‍ ഹിറ്റാക്കി.

രാഷ്ട്രീയച്ചുവയുള്ള പ്രമേയത്തോടും അവസാനഭാഗത്തുളള സന്ദേശത്തോടും ആളുകള്‍ എങ്ങിനെ പ്രതികരിക്കുമെന്ന കാര്യത്തില്‍ ആകാംഷയുണ്ടായിരുന്നുവെന്ന് തനു പറയുന്നു. ചിത്രത്തെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങളും ഉയര്‍ന്നിരുന്നു. ഈ സിനിമയുടെ ലക്ഷ്യം തമിഴ്‌നാട്ടിലെ ആളുകളെ വിഭജിക്കാനല്ല, മറിച്ച് അവരെ ഒന്നിപ്പിക്കാനാണെന്നാണ് സംവിധായകന്‍ ഭാരതിരാജ അഭിപ്രായപ്പെട്ടത്.

എന്തായാലും ദീപാവലി റിലീസായി ബിജിലും കൈത്തിയുമെത്തുന്നതുവരെ അസുരന് തന്റെ സ്വപ്‌നസമാനമായ ജൈത്രയാത്ര തുടരാവുന്നതാണ്.