• 13 Nov 2019
  • 08: 49 AM
Latest News arrow

''ടൊവിനോയില്ലെങ്കില്‍ എടക്കാട് ബറ്റാലിയനില്ല; ഇതൊരു കച്ചവട സിനിമ''- പി ബാലചന്ദ്രന്‍

പേര് സൂചിപ്പിക്കുന്നത് പോലെ എടക്കാട് ബറ്റാലിയന്‍ ഒരു പട്ടാളക്കഥയല്ല മറിച്ച് ഒരു പട്ടാളക്കാരന്റെ കഥയാണെന്ന് തിരക്കഥാകൃത്ത് പി ബാലചന്ദ്രന്‍. 'പട്ടാളക്കാരന്റെ ജീവിതത്തെയും അവന്റെ നാട്ടിലുളള അവസ്ഥാന്തരങ്ങളെയുമൊക്കെ രേഖപ്പെടുത്താനുള്ള ശ്രമമാണിത്. പട്ടാളക്കാരന്‍ ജനിച്ച് വളര്‍ന്ന നാട്ടില്‍ അവന്‍ ജാഗ്രത പാലിക്കേണ്ടതും അവനെ ആവശ്യമുള്ളതുമായ ചില ഘട്ടങ്ങളുണ്ടാകും. അവിടെ എന്തൊക്കെ നടക്കുന്നുവെന്നതാണ് ഈ എടക്കാട് ബറ്റാലിയന്‍ 06 നമ്മളോട് പറയാന്‍ ശ്രമിക്കുന്നത്.'' പി ബാലചന്ദ്രന്‍ പറയുന്നു.

''എടക്കാട് എന്ന സ്ഥലത്തുള്ള ഒരു കുടുംബത്തിന്റെയും അവിടുത്തെ വ്യക്തികളുടെയും അയല്‍ക്കാരുടെയും നാട്ടുകാരുടേതുമൊക്കെയായ ബന്ധങ്ങളാണ് സിനിമയില്‍ ആവിഷ്‌കരിക്കാന്‍ ശ്രമിച്ചത്. അക്കൂട്ടത്തില്‍ ഒരു മിലിട്ടറിയുടെ പരഭാഗശോഭ എന്ന് പറയുന്ന ഒരു അവസ്ഥ സിനിമയില്‍ കൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

ഈ സിനിമയെ ഒരു കച്ചവട സിനിമയായിട്ടാണ് ഞാന്‍ കാണുന്നത്. അതിന് പറ്റിയ ഒരു സബ്ജക്ട് ആയി ഇതിനെ പരിഗണിക്കുമ്പോള്‍ സ്റ്റാര്‍ വാല്യു നോക്കേണ്ടിവരും. ഇതിന്റെ കഥ എന്റെ മകന്‍ ശ്രീകാന്ത് ബാലചന്ദ്രനാണ് എന്നോട് പറഞ്ഞത്. അതുവെച്ച് ഏതാണ്ട് ഒരു രൂപരേഖ തയ്യാറാക്കിയപ്പോള്‍ തന്നെ ഷെഫീഖ് എന്ന ക്യാപ്റ്റനായ് മനസ്സില്‍ വന്നത് ടൊവീനോയാണ്. ടൊവിനോയുടെ ഭാവാദികളും ഇതുവരെ സിനിമയില്‍ കാഴ്ചവെച്ച പ്രകടനങ്ങളും ഇതിന് കാരണമായി. ടൊവീനോയില്‍ നിന്ന് ഗ്രീന്‍ സിഗ്‌നല്‍ കിട്ടിയശേഷമാണ് തിരക്കഥയുടെ ബാക്കി കാര്യങ്ങള്‍ മുമ്പോട്ട് നീക്കിയത്. അപ്പോഴെല്ലാം ആ കഥാപാത്രം മജ്ജയും മാംസവുമുള്ള ടൊവിനോയായി, ഒരു സജീവസാന്നിധ്യം പോലെ എന്റെ മുമ്പിലുണ്ടായിരുന്നു.

കഥയെ പ്രേക്ഷകനിലേക്ക് എത്തിക്കുന്ന പാത്രമാണ് ടൊവിനോ. ഷെഫീഖ് ആ പാത്രത്തിലേക്ക് നിക്ഷേപിച്ച് കൊടുക്കുന്ന സ്വഭാവമാണ്. ആ ടൊവിനോയില്ലെങ്കില്‍ ആ കഥ നിങ്ങള്‍ക്ക് കിട്ടത്തില്ല.

ഞാന്‍ മുമ്പെഴുതിയ കഥകളിലൊന്നും എനിക്കായി ഒരു കഥാപാത്രത്തെ എഴുതിയിട്ടേയില്ല. ഒരു അഭിനേതാവെന്ന തരത്തില്‍ ഞാന്‍ എന്നെ മാര്‍ക്ക് ചെയ്തിട്ടില്ല. പിന്നെ മറ്റു ചില തിരക്കഥാകൃത്തുക്കള്‍ എഴുതിയിട്ടുള്ള കഥാപാത്രങ്ങളില്‍ അഭിനയിച്ചപ്പോഴാണ് പൊതുജനവും ഞാനും തിരിച്ചറിയുന്നത് ''ഇയാള് കൊള്ളാമല്ലോ, ഇയാള്‍ക്ക് ചില ഭാവങ്ങളൊക്കെ ചെയ്യാന്‍ കഴിയുമല്ലോ'' എന്ന്. അങ്ങിനെ വന്നപ്പോഴാണ് എടക്കാട് ബറ്റാലിയനില്‍ ഒരു കഥാപാത്രത്തെ ചെയ്യണമെന്ന് വിചാരിച്ചത്. അപ്പോള്‍ വെറുതെ ഞഞ്ഞാ കുഞ്ഞാ ഏതെങ്കിലും ഒരു കഥാപാത്രമാവണ്ട. പകരം ഒരു പ്രധാന കഥാപാത്രത്തെ തന്നെ ചെയ്യണം. അങ്ങിനെയാണ് ഈ സിനിമയില്‍ ടൊവിനോയുടെ ബാപ്പായുടെ വേഷം തന്നെ ചെയ്യുന്നത്.'' ബാലചന്ദ്രന്‍ പറയുന്നു.