• 15 Nov 2019
  • 09: 55 PM
Latest News arrow

ബജാജ് 'ചേതക് ഇലക്ട്രിക്' അവതരിപ്പിച്ചു

ന്യൂദൽഹി: നിരത്തിലെ മുൻ താരവും മുൻ തലമുറയുടെ നൊസ്റ്റാൾജിയയുമായ ചേതക് സ്‌കൂട്ടര്‍ വീണ്ടുമെത്തി. ഇലക്ട്രിക് സ്‌കൂട്ടറായിട്ടാണ് രണ്ടാം വരവ്.  കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് 'ചേതക്  ഇലക്ട്രിക്കി'നെ ബജാജ് അവതരിപ്പിച്ചത്.

ജര്‍മന്‍ ഇലക്ട്രിക് ആന്‍ഡ് ടെക്‌നോളജി കേന്ദ്രമായ ബോഷുമായി ചേര്‍ന്നാണ് 'ചേതക് ഇലക്ട്രിക്' സ്‌കൂട്ടറിനെ ബജാജ് അര്‍ബനൈറ്റ് വികസിപ്പിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം ജനുവരിയോടെ 'ചേതക് ഇലക്ട്രിക്' പുറത്തിറങ്ങും. പുണെയിലെ ചകന്‍ പ്ലാന്റില്‍ സെപ്തംബര്‍ 25 മുതല്‍ തന്നെ  ചേതക്കിന്റെ നിര്‍മാണം ബജാജ് ആരംഭിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ പുണെയിലാണ് വാഹനം ലഭ്യമാവുക. പിന്നാലെ ബംഗളൂരുവിലും മറ്റ് പ്രധാനപ്പെട്ട നഗരങ്ങളിലും ചേതക്ക് ഇലക്ട്രിക്ക് പുറത്തിറങ്ങും.

IP 67 റേറ്റിങ്ങുള്ള ഹൈ-ടെക് ലിഥിയം അയേണ്‍ ബാറ്ററിയാണ് ചേതക്കിലുണ്ടാവുക. സ്റ്റാന്റേര്‍ഡ് 5-15 amp ഇലക്ട്രിക്ക് ഔട്ട്‌ലെറ്റ് വഴി വാഹനം ചാര്‍ജ് ചെയ്യാം.

പഴയ ചേതക്കിനോട് രൂപത്തില്‍ സമാനതകളൊന്നും ഇലക്ട്രിക് ചേതക്കിനില്ല. എല്‍ഇഡി ഹെഡ്‌ലാമ്പ്, വീതിയേറിയ സീറ്റ്, വലിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വളഞ്ഞ ബോഡി പാനലുകള്‍, സ്‌പോര്‍ട്ടി റിയര്‍വ്യൂ മിറര്‍, 12 ഇഞ്ച് വീല്‍, റീജനറേറ്റീവ് ബ്രേക്കിങ് എന്നിവ ശ്രദ്ധേയമാണ്.  സ്മാര്‍ട്ട് ഫോണുമായി കണക്റ്റ് ചെയ്ത് നിരവധി കണക്റ്റഡ് ഫീച്ചേഴ്‌സും ഉണ്ട്. സിറ്റി, സ്‌പോര്‍ട്‌സ് എന്നീ രണ്ട് ഡ്രൈവിങ് മോഡുകളില്‍ വാഹനം ഓടിക്കാം. സിറ്റി മോഡില്‍ ഒറ്റചാര്‍ജില്‍ 95-100 കിലോമീറ്റര്‍ ദൂരവും സ്‌പോര്‍ട്‌സ് മോഡില്‍ 85 കിലോമീറ്റര്‍ ദൂരവും സഞ്ചരിക്കാന്‍ സാധിക്കും.

ചേതക്ക് ഇലക്ട്രിക്കിന് ഒന്നര ലക്ഷം രൂപയ്ക്ക് താഴെയായിരിക്കും വിലയെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ വെസ്പയുടെ സ്പ്രിന്റ് എന്ന മോഡലിനെ ആധാരമാക്കി 1972-ല്‍ ബജാജ് അവതരിപ്പിച്ച ചേതക് 2006-ലാണ് നിര്‍മ്മാണം അവസാനിപ്പിച്ചത്.