• 13 Nov 2019
  • 08: 51 AM
Latest News arrow

രാമജന്‍മഭൂമി അടയാളപ്പെടുത്തിയതെന്ന് അവകാശപ്പെടുന്ന ഭൂപടം വലിച്ചുകീറി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍; നാടകീയരംഗങ്ങള്‍

വാദം പൂര്‍ത്തിയായി; അയോദ്ധ്യാക്കേസ് വിധി പറയുന്നതിന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് മാറ്റിവച്ചു

ന്യൂഡല്‍ഹി: അയോധ്യ കേസില്‍ സുപ്രീംകോടതിയില്‍ നടക്കുന്ന വാദം അവസാനദിവസത്തിലേയ്ക്ക് കടക്കുമ്പോള്‍ കോടതിയില്‍ അരങ്ങേറിയത് നാടകീയരംഗങ്ങള്‍. രാമജന്‍മഭൂമിയുടെ സ്ഥാനം അടയാളപ്പെടുത്തിയ ഭൂപടം ഉള്‍ക്കൊള്ളുന്ന പുസ്തകങ്ങളും രേഖകളുമാണെന്ന് പറഞ്ഞ് ഓള്‍ ഇന്ത്യ ഹിന്ദു മഹാസഭ ഹാജരാക്കിയതെല്ലാം സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ രാജീവ് ധവാന്‍ വലിച്ച് കീറി. അടുത്ത് കാലത്ത് മാത്രം പുറത്തിറങ്ങിയ ഈ പുസ്തകങ്ങളൊക്കെ എങ്ങിനെ തെളിവായെടുക്കുമെന്ന് രാജീവ് ധവാന്‍ ചോദിച്ചു. ഇതോടെ ഇടപെട്ട ചീഫ് ജസ്റ്റിസ്, ''നിങ്ങളിങ്ങനെ തുടങ്ങിയാല്‍ ഞങ്ങള്‍ എഴുന്നേറ്റ് പോകുമെന്നും കോടതിയുടെ സമയം പാഴാക്കാതെ അഞ്ച് മണിക്കുള്ളില്‍ വാദം പൂര്‍ത്തിയാക്കാനും'' നിര്‍ദേശിച്ചു. 

ഓള്‍ ഇന്ത്യ ഹിന്ദു മഹാസഭയുടെ അഭിഭാഷകനായ വികാസ് സിങാണ് ഇന്ന് കോടതിയില്‍ രണ്ടാമതായി വാദിച്ചത്. വാദിക്കാന്‍ എഴുന്നേറ്റ അദ്ദേഹം തനിക്ക് ചില രേഖകള്‍ കാണിക്കാനുണ്ടെന്ന് പറഞ്ഞു. കോടതി എന്താണെന്ന് ചോദിക്കുകയും ഉടന്‍ അദ്ദേഹം അയോധ്യ റീവിസിറ്റഡ് എന്ന കുനാല്‍ കിഷോറിന്റെ പുസ്തകം കാണിക്കുകയും ചെയ്തു. 

'ഇത് അനുവദിക്കരുതെന്ന്' സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ രാജീവ് ധവാന്‍ ചാടിയെണീറ്റ് പറഞ്ഞു. എന്നാല്‍ ''ഇതില്‍ രാമജന്‍മഭൂമി എവിടെയാണെന്ന് രേഖപ്പെടുത്തിക്കൊണ്ടുള്ള ഒരു ഭൂപടമുണ്ടെന്ന്'' വികാസ് സിങ്ങ് പറഞ്ഞു. ''ഇത് അടുത്ത കാലത്ത് എഴുതപ്പെട്ടതാണ്. ഇതിലെ ഭൂപടങ്ങളൊക്കെ എങ്ങിനെ കണക്കിലെടുക്കുമെന്നും എങ്ങിനെ രേഖയായി പരിഗണിക്കാന്‍ കഴിയുമെന്നും'' രാജീവ് ധവാന്‍ ചോദിച്ചു. ഇതൊക്കെ വലിച്ച് കീറിക്കളയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ഉടനെ ചീഫ് ജസ്റ്റിസ് അദ്ദേഹത്തോട് ''എങ്കില്‍ കീറിക്കളയൂ...'' എന്ന് പറഞ്ഞു. ഇത് കേള്‍ക്കേണ്ട താമസം കോടതിയ്ക്ക് മുമ്പില്‍ വെച്ച പുസ്തകങ്ങളും രേഖകളും രാജീവ് ധവാന്‍ കീറിയെറിഞ്ഞു. ഉടനെ രോഷാകുലനായ ചീഫ് ജസ്റ്റിസ് '' ഇതെന്താണ്, ഇങ്ങിനെയാണെങ്കില്‍ ഞങ്ങള്‍ ഇവിടെ നിന്ന് എഴുന്നേറ്റ് പോകും'' എന്ന് പറഞ്ഞു.

വൈകീട്ടോടെ അയോദ്ധ്യാക്കേസില്‍ സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി. തുടര്‍ച്ചയായ 40 ദിവസത്തെ വാദം കേള്‍ക്കലിന് ശേഷം അയോദ്ധ്യക്കേസ് വിധി പറയുന്നതിന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് മാറ്റിവച്ചു. കേസിലെ എല്ലാ കക്ഷികളുടെയും വാദം കോടതി കേട്ടു. സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ രാജീവ് ധവാന്‍ ആണ് ഏറ്റവും ഒടുവില്‍ കോടതിയെ നിലപാട് ബോധിപ്പിച്ചത്.