• 22 Sep 2023
  • 02: 35 AM
Latest News arrow

ഡെൻമാർക്ക്‌ ഓപ്പണ്‍: സായ് പ്രണീതും സിന്ധുവും രണ്ടാം റൗണ്ടിൽ

ഒഡെന്‍സെ (ഡെൻമാർക്ക്‌): രണ്ട് തവണ ഒളിംപിക്‌സ് മെഡൽ ജേതാവും അഞ്ച് തവണ ലോക ചാമ്പ്യനുമായ ചൈനയുടെ ലിന്‍ ഡാനെ അട്ടിമറിച്ച് ഡെൻമാർക്ക്‌ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ബി. സായ് പ്രണീത് രണ്ടാം റൗണ്ടിലെത്തി. 35 മിനിറ്റ് നീണ്ടുനിന്ന  മത്സരത്തിൽ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പ്രണീത് ലിന്‍ ഡാനെ വീഴ്ത്തിയത്. സ്‌കോര്‍ 21-14, 21-17.

എന്നാൽ,  മറ്റ് പുരുഷ താരങ്ങള്‍ക്കൊന്നും ആദ്യ റൗണ്ടില്‍ നേട്ടം കൊയ്യാനായില്ല. എച്ച് എസ് പ്രണോയ് - ആന്റണി സിനിസുക ഗിന്റിങ് മത്സരം ഉപേക്ഷിച്ചപ്പോള്‍ സമീര്‍ വര്‍മ്മ  നെതര്‍ലന്‍ഡ്‌സിന്റെ മാര്‍ക്ക് കാല്‍ജൗവിനോടും ലോക റാങ്കിങ്ങില്‍ 25ാം സ്ഥാനക്കാരനായ പി. കശ്യപ്  തായ്‌ലന്‍ഡിന്റെ സിത്തികോം തമ്മാസിനോടും പരാജയപ്പെട്ടു.

വനിതാ സിംഗിള്‍സില്‍ ലോക ചാമ്പ്യൻ പി.വി സിന്ധു രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. ആദ്യ റൗണ്ടില്‍ നേരിട്ടുള്ള ഗെയിമുകൾക്ക് ഇന്തോനേഷ്യൻ താരം ഗ്രിഗോറിയ മാരിസ്‌കയെയാണ് സിന്ധു തോല്‍പ്പിച്ചത്. ദക്ഷിണ കൊറിയയുടെ സീ യങ് ആനാണ് സിന്ധുവിന്റെ അടുത്ത എതിരാളി. കരോളിന മാരില്‍, നവോമി ഒക്കുഹാര തുടങ്ങിയ സൂപ്പര്‍ താരങ്ങളും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്.