• 13 Nov 2019
  • 08: 49 AM
Latest News arrow

''ഞാന്‍ രാജമൗലിയല്ല, 'മാമാങ്കം' ബാഹുബലിയുടെ കാറ്റഗറിയില്‍പ്പെട്ടതല്ല, ഇത് സാധാരണ ആളുകളുടെ സിനിമ''- പത്മകുമാര്‍

താന്‍ രാജമൗലിയല്ലെന്നും 'മാമാങ്കം' ബാഹുബലിയല്ലെന്നും സംവിധായകന്‍ പത്മകുമാര്‍. രാജമൗലിയോട് കിടപിടിക്കുന്ന, അത്രയും സാങ്കേതിക തികവോടുകൂടിയുള്ള സിനിമയല്ല തങ്ങളുടെ ലക്ഷ്യം. ഞാന്‍ രാജമൗലിയല്ല, സംവിധായകന്‍ പത്മകുമാറാണെന്ന് എന്റെ സിനിമ കണ്ടിട്ടുള്ളവര്‍ക്ക് അറിയാം. ഇപ്പോഴത്തെ മാര്‍ക്കറ്റിങ് സമയത്തുള്ളൊരു ഹൈപ്പിന്റെ ഭാഗമായിട്ടാണ് ഈ താരതമ്യം. സിനിമ ഇറങ്ങാനുള്ള സമയമാകുമ്പോള്‍ ഇത് ബാഹുബലിയല്ല, ബാഹുബലിയുടെ കാറ്റഗറിയില്‍പ്പെടുത്താവുന്ന സിനിമയല്ല, എന്ന് ആളുകള്‍ തിരിച്ചറിയുമെന്നാണ് കരുതുന്നതെന്നും പത്മകുമാര്‍ പറഞ്ഞു.

''മാമാങ്കം എന്ന സിനിമ ചെയ്യുന്നതില്‍ വലിയ സന്തോഷവും അഭിമാനവുമുണ്ട്. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു അപ്രന്റിസായിട്ട്, അസിസ്റ്റന്റ് ഡയറക്ടര്‍ എന്നുപോലും പറയാന്‍ കഴിയില്ല, ഒരു വടക്കന്‍ വീരഗാഥ എന്ന സിനിമയില്‍ മമ്മൂക്കയെപ്പോലുള്ള ഒരു മഹാനടന്റെ കൂടെ നിന്ന് ജോലി ചെയ്യാന്‍ സാധിച്ചു. അതിന് ശേഷമുള്ള 30 വര്‍ഷങ്ങള്‍ക്കൊണ്ട് സിനിമയുടെ പലതലങ്ങളിലൂടെ കയറിയിറങ്ങി. സ്വന്തമായി സിനിമകള്‍ സംവിധാനം ചെയ്തു. 

വടക്കന്‍ വീരഗാഥ പോലെ വലിയൊരു ക്യാന്‍വാസിലുള്ള ഒരു പ്രമേയം സിനിമയാക്കാന്‍ സാധിച്ചുവെന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. ആ സിനിയില്‍ മമ്മുക്കയെ തന്നെ നായകനാക്കാന്‍ സാധിച്ചുവെന്നത് അദ്ദേഹത്തെ അഭിനയിപ്പിച്ചുവെന്നത് എനിക്ക് കിട്ടിയ വലിയ സൗഭാഗ്യമാണ്. അഭിമാനത്തോടെയാണ് ഞാന്‍ ഇതിനെ കാണുന്നത്. 

മാമാങ്കം പശ്ചാത്തലമായി വരുന്നു എന്നതുകൊണ്ടാണ് മാമാങ്കം ഒരു വലിയ സിനിമ, വലിയ ക്യാന്‍വാസായി മാറുന്നത്. പക്ഷേ, അതിനപ്പുറം ഇത് സാധാരണ ആളുകളുടെ കഥ പറയുന്ന സാധാരണ മനുഷ്യരുടെ വികാരങ്ങള്‍ പങ്കുവെയ്ക്കുന്ന ഒരു സാധാരണ സിനിമയാണ്. 

വടക്കന്‍വീരഗാഥയിലെ ചന്തുവും പഴശ്ശിരാജയിലെ പഴശ്ശിരാജയും തമ്മില്‍ നല്ല വ്യത്യാസമുണ്ട്. അതുപോലെ തന്നെയാണ് മാമാങ്കത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം. കഥാപാത്രത്തിന്റെ പേര് എന്താണെന്ന് ഇപ്പോള്‍ പറയുന്നില്ല. മാമാങ്കം എന്ന് പറയുന്ന ഒരു മഹോത്സവത്തിന്റെ ഭാഗമായി വള്ളുവനാട്ടില്‍ നിന്നും സാമൂതിരിയെ എതിരിടാന്‍ പോയ ചാവേര്‍പടയില്‍പ്പെട്ട ഒരു അംഗമായ ആളായിട്ടാണ് മമ്മുക്ക അഭിനയിക്കുന്നത്. അത്തരം ഒരു കഥാപാത്രത്തിന് മുമ്പ് പറഞ്ഞ സിനിമകളിലെ കഥാപാത്രങ്ങളുമായി വൈവിധ്യമുണ്ട്. പഴശ്ശിരാജയില്‍ അദ്ദേഹത്തിന്റെ കഥാപാത്രം ഒരു രാജാവായിരുന്നെങ്കില്‍ ഇതില്‍ ഒരു സാധാരണ പ്രജ മാത്രമാണ്. എങ്കിലും അദ്ദേഹം ഒരു പടയുടെ നായകനാണ്. ഒരു രാജാവിനോട് കിടപിടിയ്ക്കാവുന്ന എല്ലാ ഭാവാദികളും അദ്ദേഹത്തിനുണ്ട്. മമ്മൂക്ക ഈ മൂന്ന് കഥാപാത്രങ്ങളും, മൂന്ന് തലത്തില്‍ നിന്നുകൊണ്ട് ചെയ്തിട്ടുണ്ട്. വടക്കന്‍വീരഗാഥയില്‍ അദ്ദേഹത്തിനൊപ്പമായിരുന്നതുകൊണ്ടുള്ള പരിചയം വെച്ച് പറയുകയാണ്, അന്നുണ്ടായിരുന്ന അതേ ഊര്‍ജം ഇന്നും കാത്ത് സൂക്ഷിക്കുന്നയാളാണ് മമ്മുക്ക. 

വിഎഫ്എക്‌സ് എങ്ങിനെ ചെയ്താലും അതിനുള്ളില്‍ നമ്മുക്ക് ഒരു കൃത്രിത്വം ഫീല്‍ ചെയ്യും. വടക്കന്‍വീരഗാഥയും പഴശ്ശിരാജയുമൊക്കെ ചെയ്യുന്ന സമയത്ത് വിഎഫ്എക്‌സ് വളരെ കുറവായിരുന്നു. അതുകൊണ്ട് പരമാവധി നാച്ച്വറലായി, റിയലിസ്റ്റിക്കായാണ് ആ സിനിമകള്‍ ചെയ്തത്. അതുപോലെ തന്നെയാണ് മാമാങ്കവും ചെയ്യാന്‍ ശ്രമിച്ചത്. ബാഹുബലി പോലെ വലിയ കൊട്ടാരങ്ങളുടെയൊന്നും പശ്ചാത്തലത്തില്‍ പറയുന്ന കഥയല്ല. സാധാരണ മനുഷ്യരുടെ കഥ പറയുന്ന സിനിമയാണ്. അന്നത്തെ കാലം നമ്മുക്ക് സിനിമയില്‍ പുനര്‍നിര്‍മ്മിക്കേണ്ടതുണ്ടായിരുന്നു. വിഎഫ്എക്‌സ് പരമാവധി കുറച്ച് റിയലിസ്റ്റിക്കായി യാഥാതഥമായ ഒരു കഥ അതിന്റെ യാഥാര്‍ത്ഥ്യം ഫീല്‍ ചെയ്യിക്കുന്ന തരത്തില്‍ അവതരിപ്പിക്കുകയെന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ആ ലക്ഷ്യത്തിനനുസരിച്ച് ഞങ്ങള്‍ ഈ സിനിമ പൂര്‍ത്തീകരിച്ചിട്ടുണ്ട്. 

ഈ സിനിമയെടുക്കുന്ന സമയത്തെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നത് അന്നത്തെ കാലം പുനര്‍സൃഷ്ടിക്കുകയെന്നതായിരുന്നു. ഒട്ടും അതിഭാവുകത്വമില്ലാതെ, അന്നത്തെ വീടുകള്‍, പശ്ചാത്തലം, വേഷവിധാനങ്ങള്‍, ചലനങ്ങള്‍, ഭാവങ്ങള്‍ എല്ലാം പുന:സൃഷ്ടിക്കേണ്ടി വന്നു. ഇതിനായി ഒരുപാട് ഗവേഷണം നടത്തി. അക്കാലത്തെക്കുറിച്ച് ഒരുപാട് പഠിക്കേണ്ടിവന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ മുതല്‍ സീനില്‍ വന്നുപോകുന്ന ചെറിയ കഥാപാത്രങ്ങള്‍ വരെ ഓരോരുത്തരെയും കുറിച്ച് സൂക്ഷ്മമായി പഠിക്കേണ്ടി വന്നു. അതുതന്നെയായിരുന്നു വെല്ലുവിളിയും. 

ബാഹുബലി പറയുന്നത് രാജാക്കന്‍മാരുടെ കഥയാണെങ്കില്‍ മാമാങ്കം പറയുന്നത് സാധാരണ മനുഷ്യരുടെ കഥയാണ്. സാമുതിരിയുടെയും വള്ളുവക്കോനാതിരിയുടെയും വൈരത്തിന്റെ കഥ പറയുന്നുണ്ടെങ്കില്‍പ്പോലും വള്ളുവക്കോനാതിരിയുടെ ആളുകളായി സാമൂതിരിയെ എതിരിടാന്‍ പോയ സാധാരണ ആളുകളുടെ കഥയാണ് പറയുന്നത്. 

സിനിമയില്‍ ആക്ഷനുണ്ട്. ത്രില്ലര്‍ എന്ന് പറയുന്നത് ആക്ഷനെ തന്നെയാണ്. ഒരു വലിയ യുദ്ധം തന്നെ ഇതില്‍ ചിത്രീകരിച്ചിട്ടുണ്ട്. മാമാങ്കം എന്ന് പറയുന്നത് തന്നെ യുദ്ധമാണ്. യുദ്ധം എന്ന് പറയുമ്പോള്‍ ബാഹുബലിയിലേപ്പോലെ ഇരു സൈഡിലും ലക്ഷക്കണക്കിന് ആളുകള്‍ അണിനിരക്കുന്ന യുദ്ധമല്ല. മറിച്ച് ഒരു വശത്ത് സാമൂതിരിയുടെ 30,000മോ 50,000മോ വരുന്ന പടയോട് ഏറ്റുമുട്ടുന്ന പത്തോ ഇരുപതോ വരുന്ന ഒരു സംഘം. അതാണ് മാമാങ്കം എന്ന് പറയുന്നത്. രണ്ട് രീതിയിലുള്ള മാമാങ്കവും വേറെ ഫൈറ്റ് സീനുകളും സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എങ്കിലും ഞാന്‍ മൊത്തത്തില്‍ പറയാന്‍ ഇഷ്ടപ്പെടുന്നത്, ഒരു ഇമോഷണല്‍ ത്രില്ലര്‍ എന്നാണ്. മാമാങ്കം എന്നത് പശ്ചാത്തലമായിട്ടുണ്ടെങ്കിലും അതിന് പുറപ്പെടുന്ന അല്ലെങ്കില്‍ മാമാങ്കത്തിനായ് തയ്യാറെടുക്കുന്ന ആളുകളുടെ വികാരങ്ങളും അവരോട് ബന്ധപ്പെട്ട് കിടക്കുന്നവരുടെ വികാരങ്ങളുമാണ് സിനിയില്‍ പ്രധാനമായിട്ട് വരുന്നത്. 

എന്റെ എല്ലാ സിനിമകളും എനിക്ക് പ്രധാനപ്പെട്ടതാണ്. എന്നാല്‍ എന്റെ സിനിമാ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയ സിനിമയാണ് ജോസഫ്. ജോസഫ് എന്റെ പതിനഞ്ചാമത്തെ സിനിമയാണ്. എങ്കിലും എനിക്ക് മറ്റു സിനികളില്‍ ചെയ്യാന്‍ കഴിയാത്തത് ജോസഫിലൂടെ ചെയ്യാന്‍ കഴിഞ്ഞുവെന്ന അഭിമാനം എനിക്കുണ്ട്. സൂപ്പര്‍ സ്റ്റാറിന്റെ സാന്നിധ്യമില്ലാതെ, ഒരു വലിയ ക്യാന്‍വാസിന്റൈ പശ്ചാത്തലമില്ലാതെ ജോസഫ് എന്ന സിനിമ ജനങ്ങളിലേക്കെത്തിക്കാന്‍ സാധിച്ചു എന്നത് വലിയ ചാരിതാര്‍ത്ഥ്യമാണ്. അതുകൊണ്ട് എന്റെ മറ്റ് സിനിമകളില്‍ നിന്നും ജോസഫ് വേറിട്ട് നില്‍ക്കുന്നു.'' പത്മകുമാര്‍ പറയുന്നു.