• 13 Nov 2019
  • 08: 51 AM
Latest News arrow

ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം...വരുന്നു...'കടുവ'യുമായി ഷാജി കൈലാസ്; കൂട്ടിന് പൃഥ്വിരാജ്

നടൻ പൃഥ്വിരാജ്, സംവിധായകൻ ഷാജി കൈലാസ് എന്നിവർ ആരാധകരെ ആകാംക്ഷാഭരിതരാക്കി കഴിഞ്ഞ ദിവസം (ചൊവ്വാഴ്ച) സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റർ ഇട്ടിരുന്നു. ചുരുട്ട് കത്തിച്ച് പിടിച്ചിരിക്കുന്ന ഒരു വലതുകൈയും കയ്യിൽ തൂങ്ങിക്കിടക്കുന്ന ഒരു കൊന്തയുമായിരുന്നു 'ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം....! വരുന്നു..!'. എന്ന കുറിപ്പോടെയുള്ള ചിത്രത്തിൽ. കൂടുതൽ വിവരങ്ങൾ ബുധനാഴ്ചയറിയിക്കുമെന്നും പോസ്റ്ററിൽ ഉണ്ടായിരുന്നു.

പറഞ്ഞതുപോലെ, ബുധനാഴ്ച തന്‍റെ പിറന്നാള്‍ ദിനത്തില്‍ ആരാധകരെ ആശ്ചര്യപ്പെടുത്തി പുതിയ ചിത്രത്തെക്കുറിച്ചുള്ള അറിയിപ്പുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ഷാജി കൈലാസ് സംവിധാനം ചെയ്ത്  പൃഥ്വിരാജ് നായകനായി അഭിനയിക്കുന്ന ചിത്രമായ 'കടുവ'യുടെ പോസ്റ്ററാണ് പുറത്തു വിട്ടിരിക്കുന്നത്. ഒരു യഥാര്‍ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കുന്ന ചിത്രമായിരിക്കും 'കടുവ' എന്നാണ് പോസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ മനസ്സിലാവുന്നത് ആക്ഷൻ സ്വഭാവമുള്ള സിനിമയായിരിക്കും 'കടുവ' എന്നാണ്.

'ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം' വരുന്നത് ഷാജി കൈലാസാണ്. ഷാജി കൈലാസ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്‍ത മലയാള സിനിമ 2013-ല്‍  പുറത്തിറങ്ങിയ ജയറാം ചിത്രം 'ജിഞ്ചര്‍' ആണ്. അതിനു മുൻപ് 2012-ൽ പൃഥ്വിരാജിനെ നായകനാക്കി 'സിംഹാസനം' എന്നൊരു സിനിമ ഷാജി കൈലാസ് സംവിധാനം ചെയ്തിരുന്നു.

പൃഥ്വിരാജ് നായകനായെത്തിയ 'ആദം ജോണ്‍' സംവിധാനം ചെയ്ത ജിനു വി. എബ്രഹാം ആണ് ചിത്രത്തിന്‍റെ തിരക്കഥയൊരുക്കുന്നത്. ഛായാഗ്രഹണം നിർവ്വഹിക്കുന്നത് രവി.കെചന്ദ്രന്‍, തെലുങ്ക് സംഗീതസംവിധായകനായ തമന്‍ ആദ്യമായി മലയാളത്തില്‍ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നു എന്ന പ്രത്യേകതയും 'കടുവ'യ്ക്കുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും  ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് 'കടുവ' നിർമ്മിക്കുന്നത്.