• 13 Nov 2019
  • 08: 49 AM
Latest News arrow

സിലിയുടെ 40 പവന്റെ ആഭരണങ്ങള്‍ എവിടെ? കാണിക്കവഞ്ചിയിലിട്ടെന്ന് ഷാജു; അന്വേഷണം നിര്‍ണായകം

കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസില്‍ മരിച്ച സിലിയുടെ ആഭരണങ്ങള്‍ എവിടെയെന്നത് സംബന്ധിച്ച അന്വേഷണം നിര്‍ണായകമാകുന്നു. സിലിയുടെ കൊലപാതകത്തിന് പിന്നില്‍ സ്വര്‍ണം കരസ്ഥമാക്കാനുള്ള ശ്രമമുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. സിലിയുടെ ബന്ധു വിഡി സേവ്യരാണ് ഇത് സംബന്ധിച്ച സംശയമുയര്‍ത്തിയത്.

വിവാഹാഭരണങ്ങള്‍ ഉള്‍പ്പെടെ 40 പവനോളം സ്വര്‍ണം സിലി ധ്യാനവേദിയിലെ കാണിക്കവഞ്ചിയില്‍ ഇട്ടെന്നാണ് ഷാജു എല്ലാവരോടും പറഞ്ഞിരുന്നത്. ഇത് ശരിയല്ലെന്ന് വ്യക്തമായിട്ടും സിലിയുടെ ഭര്‍ത്താവ് എന്ന കാരണത്താല്‍ തര്‍ക്കത്തിന് പോയില്ല. നേരത്തെ മകള്‍ ആല്‍ഫൈന്‍ മരിച്ച ദു:ഖത്തിലായിരുന്ന സിലി കുഞ്ഞിന്റെ ആഭരണങ്ങള്‍ ഏതെങ്കിലും പള്ളിയ്ക്ക് നല്‍കാമെന്ന് പറഞ്ഞിരുന്നു. ഇതറിഞ്ഞിട്ട് ഷാജു കഥ മെനയുകയായിരുന്നുവെന്നും വിഡി സേവ്യര്‍ പറഞ്ഞു.

കൊല്ലപ്പെടുന്നതിന് മുമ്പ് പൊന്നാമറ്റം കുടുംബത്തിലെ ഒരു വിവാഹച്ചടങ്ങില്‍ സിലി പങ്കെടുത്തിരുന്നു. അന്ന് സിലി അണിഞ്ഞിട്ടുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് താമരശ്ശേരിയിലെ ദന്താശുപത്രിയില്‍ വെച്ച് സിലി കൊല്ലപ്പെട്ടു. ഓമശ്ശേരി സ്വകാര്യ ആശുപത്രിയില്‍ വെച്ച് സിലിയുടെ മരണം സ്ഥിരീകരിച്ചതിന് ശേഷം നഴ്‌സുമാര്‍ ഈ ആഭരണങ്ങള്‍ കവറിലാക്കി ഷാജുവിനെ ഏല്‍പ്പിച്ചു. ഷാജു ഇത് ജോളിയെ ഏല്‍പ്പിക്കുകയും ജോളി ഇത് സിലിയുടെ ബന്ധുവിന് കൈമാറുകയും ആ ബന്ധു അന്ന് തന്നെ ഷാജുവിനെ ആഭരണങ്ങള്‍ തിരിച്ചേല്‍പ്പിക്കുകയും ചെയ്തു. 

സിലി തന്റെ ആഭരണങ്ങളെല്ലാം ഒന്നു പോലും ബാക്കി വെയ്ക്കാതെ കാണിക്കവഞ്ചിയില്‍ ഇട്ടെന്ന് ഒന്നരമാസത്തിന് ശേഷം ഷാജു തന്നെ വിളിച്ചുപറഞ്ഞതായി സിലിയുടെ അമ്മ പറയുന്നു. എന്നാല്‍ സിലിയുടെ സഹോദരിയുടെ ഒരു വളയും അക്കൂട്ടത്തിലുണ്ടായിരുന്നു. അതിനാല്‍ സിലി, ആഭരണങ്ങള്‍ മുഴുവന്‍ കാണിക്കവഞ്ചിയിലിട്ടുവെന്ന് പറയുന്നത് കള്ളമാണ്. പിന്നീട് ജോളിയുമായുള്ള വിവാഹം കഴിഞ്ഞ് ഒരു ദിവസം ഷാജു സിലിയുടെ അമ്മയുടെ വീട്ടിലെത്തി ഒരു പവന്റെ വള ഏല്‍പ്പിച്ച് മടങ്ങി.