• 13 Nov 2019
  • 08: 44 AM
Latest News arrow

മരടിലെ നാല് ഫ്‌ളാറ്റ് നിര്‍മ്മാതാക്കളുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടും; ഹോളി ഫെയ്ത്തിന്റെ 18 കോടി മരവിപ്പിച്ചു

കൊച്ചി: മരടിലെ നാല് ഫ്‌ളാറ്റുകളുടെയും നിര്‍മ്മാതാക്കളുടെ സ്വത്തുക്കള്‍ ക്രൈംബ്രാഞ്ച് കണ്ടുകെട്ടും. ഹോളി ഫെയ്ത്ത് ബില്‍ഡേഴ്‌സിന്റെ 18 കോടി രൂപയുടെ ബാങ്ക് അക്കൗണ്ട് ക്രൈംബ്രാഞ്ച് മരവിപ്പിച്ചു. മരട് ഫ്‌ളാറ്റുടമകള്‍ക്കുള്ള നഷ്ടപരിഹാരം നിര്‍മ്മാതാക്കളില്‍ നിന്നും ഈടാക്കി നല്‍കാനുള്ള സുപ്രീംകോടതി വിധിയിലെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

നാല് ഫ്‌ളാറ്റുടമകളുടെയും സ്വത്ത്, ആസ്തി വകകളുടെ കണക്കെടുപ്പ് എന്നിവ നടത്തി വേണ്ട വിവരങ്ങളെല്ലാം റവന്യൂ, രജിസ്‌ട്രേഷന്‍ വകുപ്പുകളുടെ നേതൃത്വത്തില്‍ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. ഇതിന് ശേഷം സ്വത്തുക്കള്‍ കണ്ടുകെട്ടും. തുടര്‍ന്ന് ഇതില്‍ നിന്ന് ഫ്‌ളാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നാണ് സൂചന. 

ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ക്രൈംബ്രാഞ്ചിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്ത യോഗത്തിലാണ് സ്വത്ത് കണ്ടുകെട്ടാന്‍ തീരുമാനമായത്. ഹോളി ഫെയ്ത്ത്, ഗോള്‍ഡന്‍ കായലോരം, ജെയിന്‍ ബില്‍ഡേഴ്‌സ്, ആല്‍ഫാ വെഞ്ചേഴ്‌സ് എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ നിര്‍മ്മാതാക്കളുടെ സ്വത്ത് വകകളാണ് കണ്ടുകെട്ടുന്നത്. ബാക്ക് അക്കൗണ്ടുകളും മരവിപ്പിച്ച് തുടങ്ങി. ഗോള്‍ഡന്‍ കായലോരം ഉടമയ്ക്ക് എതിരെ സ്വമേധയാ കേസെടുക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെ ആരും പരാതി നല്‍കാത്തതിനെ തുടര്‍ന്നാണിത്. 

ഇതിനിടെ അറസ്റ്റിലായ ഫ്‌ളാറ്റ് നിര്‍മ്മതാവടക്കം മൂന്ന് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഹോളി ഫെയ്ത്ത് ഉടമ സാനി ഫ്രാന്‍സിസ്, മുന്‍ മരട് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, ജൂനിയര്‍ സൂപ്രണ്ട് പിഇ ജോസഫ് എന്നിവരെയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുക.