• 15 Nov 2019
  • 09: 57 PM
Latest News arrow

മാർഗരറ്റ് അറ്റ്‌വുഡിനും ബെര്‍ണാര്‍ഡിന്‍ എവറിസ്റ്റോയ്ക്കും ബുക്കര്‍ പ്രൈസ്; നിയമാവലി മറികടന്ന് പുരസ്‌ക്കാര നിർണ്ണയം

ലണ്ടന്‍: വിഖ്യാതമായ ബുക്കര്‍ പുരസ്‌കാരത്തിന് രണ്ടുപേര്‍ അർഹരായി. കനേഡിയന്‍ എഴുത്തുകാരിയായ മാർഗരറ്റ് അറ്റ്‌വുഡും ബ്രിട്ടീഷ് എഴുത്തുകാരി ബെര്‍ണാര്‍ഡിന്‍ എവറിസ്റ്റോയുമാണ് ഈ വർഷത്തെ ബുക്കര്‍ പ്രൈസ് പങ്കിട്ടത്.  മാർഗരറ്റ് അറ്റ്‌വുഡിന് രണ്ടാം തവണയാണ് ബുക്കർ പ്രൈസ് ലഭിക്കുന്നത്. 2000ത്തിൽ 'ദ ബ്ലൈൻഡ് അസാസിൻ' എന്ന പുസ്തകത്തിനാണ്  മാർഗരറ്റ് അറ്റ്‌വുഡിന് ബുക്കർ പുരസ്കാരം ലഭിച്ചത്.

ഇംഗ്ലണ്ടിലോ അയര്‍ലൻഡിലോ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് നോവലുകള്‍ക്ക് വര്‍ഷം തോറും നൽകിവരാറുള്ള പുരസ്‌ക്കാരമാണ് ബുക്കർ പ്രൈസ്. പുരസ്ക്കാരം ഒരിക്കലും പങ്കിടരുതെന്ന ബുക്കര്‍ പ്രൈസ് നിയമാവലി മറികടന്നാണ്  പുരസ്‌ക്കാര നിർണ്ണയസമിതി ഇത്തവണ പുരസ്‌കാരം രണ്ടുപേര്‍ക്കായി വീതിച്ചു നല്‍കിയത്. സമ്മാനത്തുകയായ 50000 പൗണ്ട്(ഏകദേശം 44 ലക്ഷത്തോളം രൂപ) ഇരുവരും പങ്കിട്ടെടുക്കും.

'ദ ടെസ്റ്റമെന്റ്സ്'  എന്ന പുസ്തകമാണ് 79-കാരിയായ മാർഗരറ്റ് അറ്റ്‌വുഡിനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ബുക്കര്‍ പ്രൈസ് നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന നേട്ടവും ഇതോടെ മാര്‍ഗരറ്റ് അറ്റ്‌വുഡ് സ്വന്തമാക്കി.  'ഗേള്‍, വുമന്‍, അദര്‍' എന്ന നോവല്‍ ബെര്‍ണാര്‍ഡിന്‍ എവറിസ്റ്റോയ്ക്കും പുരസ്‌കാരം നേടിക്കൊടുത്തു. ബുക്കര്‍ പ്രൈസ് നേടുന്ന ആദ്യ കറുത്തവര്‍ഗക്കാരിയുമാണ്  ബെര്‍ണാര്‍ഡിന്‍ എവറിസ്റ്റോ.

ഇന്ത്യന്‍ വംശജനായ സല്‍മാൻ റുഷ്ദി ( 'ക്വിഷോട്ട്'), കനേഡിയൻ എഴുത്തുകാരി മാർഗരറ്റ് അറ്റ്‌വുഡ് ( 'ദ ടെസ്റ്റമെന്റ്സ്'), ലൂസി എല്‍മാന്‍ ( 'ഡക്‌സ്, ന്യൂബറിപോര്‍ട്ട്'), ബെര്‍ണാര്‍ഡിന്‍ എവറിസ്റ്റോ ( 'ഗേള്‍, വുമന്‍, അദര്‍'), ചിഗോസി ഒബിയോമ ( 'ആന്‍ ഓര്‍ക്കെസ്ട്ര ഓഫ് മൈനോറിറ്റീസ്'), എലിഫ് ഷഫാക് (10 മിനിറ്റ്സ് 38 സെക്കന്‍ഡ്‌സ് ഇന്‍ ദിസ് സ്ട്രേഞ്ച് വേള്‍ഡ്') എന്നിവരടക്കം ആറ് എഴുത്തുകാരാണ് 'ബുക്കര്‍ പുരസ്‌കാര'ത്തിന്റെ ചുരുക്കപ്പട്ടികയിലുണ്ടായിരുന്നത്.  ഇതിൽ സല്‍മാന്‍ റുഷ്ദി, മാര്‍ഗരറ്റ് അറ്റ്​വുഡ് എന്നിവര്‍ ഓരോ വട്ടം ബുക്കർ പുരസ്‌കാരം നേടിയവരാണ്.

ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ബാക്കി നാലുപേർക്ക് 2,500 ബ്രിട്ടീഷ് പൗണ്ട് സ്റ്റെർലിംഗ് ലഭിക്കും.

18 വര്‍ഷങ്ങള്‍നീണ്ട നിരവധി വിവാദങ്ങള്‍ക്കു ശേഷം മാന്‍ ഗ്രൂപ്പ്‌ സ്പോണ്‍സര്‍ഷിപ്പ് പിന്‍വലിച്ചശേഷമുളള ആദ്യ ബുക്കർ പുരസ്കാരമാണിത്.