• 13 Nov 2019
  • 08: 46 AM
Latest News arrow

ഊബര്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ച് കാര്‍ തട്ടിയെടുത്തു; പൊലീസ് പിന്‍തുടര്‍ന്ന് കാര്‍ പിടികൂടി; അക്രമികള്‍ രക്ഷപ്പെട്ടു

തൃശൂര്‍: ഡ്രൈവറെ ആക്രമിച്ച് ഓട്ടം വിളിച്ച ഊബര്‍ ടാക്‌സി തട്ടിയെടുത്തു. കമ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചാണ് കാര്‍ തട്ടിയെടുത്തത്. ആക്രമണത്തില്‍ പരിക്കേറ്റ ടാക്‌സി ഡ്രൈവര്‍ കരുവാപ്പടി സ്വദേശി രാജേഷ് ആശുപത്രിയില്‍ ചികിത്സയിലാണ്. 

ദിവാന്‍ജി മൂലയില്‍ നിന്നും പുലര്‍ച്ചെ പുതുക്കോട്ടയിലേക്ക് ഓട്ടം വിളിച്ചവരാണ് രാജേഷിനെ ആക്രമിച്ചത്. പുതുക്കോട്ടയിലേക്കുള്ള വഴി മധ്യേ ആമ്പല്ലൂരില്‍ വെച്ചായിരുന്നു ആക്രമണം. ഡ്രൈവറുടെ തലയ്ക്കടിച്ച ശേഷം റോഡില്‍ തള്ളി കാറുമായി അക്രമികള്‍ കടന്നുകളഞ്ഞു. തുടര്‍ന്ന് ഡ്രൈവര്‍ പുതുക്കാട് പൊലീസില്‍ വിവരമറിയിച്ചതോടെ കാലടിയില്‍ വെച്ച് പൊലീസ് വാഹനം പിടികൂടി. എന്നാല്‍ അക്രമികള്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. 

അക്രമികളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. അക്രമികളെ കണ്ടാലറിയാമെന്ന് രാജേഷ് പറഞ്ഞു.