• 22 Sep 2023
  • 04: 30 AM
Latest News arrow

വനിതാ ലോക ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പില്‍ 4 മെഡൽ നേട്ടവുമായി ഇന്ത്യ

ഉലാന്‍ ഉദെ (റഷ്യ): ഞായറാഴ്ച സമാപിച്ച വനിതാ ലോക ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ 4 മെഡലുകൾ നേടി. ഇത്തവണ ഒരു വെള്ളിയും മൂന്ന് വെങ്കല മെഡലുകളുമാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ആറു തവണ ലോക ചാമ്പ്യനും ഇന്ത്യൻ വനിതാ ടീമിന്റെ ക്യാപ്റ്റനുമായ മേരി കോം 51 കിലോ വിഭാഗത്തിൽ വെങ്കല മെഡലും ,  മഞ്ജു റാണി 48 കിലോഗ്രാം വിഭാഗത്തിൽ വെള്ളി മെഡലും, ജമുന ബോറോ 54 കിലോഗ്രാം വിഭാഗത്തില്‍ വെങ്കല മെഡലും, ലൗലിന ബോർഗോഹെയ്ൻ 69 കിലോഗ്രാം വിഭാഗത്തില്‍ വെങ്കല മെഡലുമാണ് നേടിയത്.

വനിതാ ലോക ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിൽ എത്തിയ മഞ്ജു റാണി  റഷ്യയുടെ എക്തറിന പാല്‍റ്റക്കേവയോട് 1-4 എന്ന സ്‌കോറിൽ  പരാജയപ്പെടുകയായിരുന്നു. തായ്‌ലന്‍ഡിന്റെ ചുതാമത് രക്‌സതിനെ 4-1 സ്‌കോറില്‍ വീഴ്ത്തിയാണ് മഞ്ജു ഫൈനലിലെത്തിയത്. ലോക ചാമ്പ്യന്‍ഷിപ്പിലെ അരങ്ങേറ്റത്തില്‍ തന്നെ ഒരു ബോക്സർ ഫൈനലിലെത്തുന്നത് ഇതാദ്യമായാണ്.

ജമുന ബോറോ 54 കിലോഗ്രാം വിഭാഗത്തില്‍  ചൈനീസ് തായ്‌പേയിയുടെ ഹുയാങ് ഹസിയാവോ വെന്നിനോടാണ് സെമിയില്‍ തോല്‍വി വഴങ്ങിയത്.

69 കിലോഗ്രാം വിഭാഗത്തില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ൻ ചൈനയുടെ യാങ് ലിയുവിനോടാണ്  സെമിയിൽ പരാജയപ്പെട്ടത്.

ലോക ചാമ്പ്യന്‍ഷിപ്പിലെ ഏഴാം സ്വര്‍ണം ലക്ഷ്യമിട്ടിറങ്ങിയ മേരി കോം, ഇത്തവണ 51 കിലോഗ്രാം വിഭാഗത്തില്‍ തുർക്കി താരം ബുസെനാസ് കാകിറോഗ്ലുന്‍സിനോട് പരാജയപ്പെട്ടതോടെയാണ് വെങ്കലത്തിൽ ഒതുങ്ങിയത്.  ബുസെനാസ് കാകിറോഗ്ലുന്‍സ് രണ്ടാം സീഡും മേരി കോം മൂന്നാം സീഡുമായിരുന്നു. മത്സരത്തില്‍ മേരികോം സെമി ഫൈനലിലും ഉജ്ജ്വല പ്രകടനം കാഴ്ചവെച്ചെങ്കിലും നേരിയ മേല്‍ക്കൈ നേടിയ തുർക്കി താരത്തെ അന്തിമ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതേത്തുടർന്ന് റഫറിയുടെ തീരുമാനത്തിൽ  അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ അപ്പീല്‍ നല്‍കിയിരുന്നു.

ലോക ചാംപ്യന്‍ഷിപ്പില്‍ മേരി കോം ഇതിന് മുന്‍പ് 45, 48 കിലോ വിഭാഗങ്ങളിലായിരുന്നു ആറ് സ്വർണ്ണ മെഡലുകളും നേടിയത്. മുന്‍പ് രണ്ട് തവണ 51 കിലോ വിഭാഗത്തില്‍ മത്സരിച്ചപ്പോൾ ക്വാര്‍ട്ടര്‍ കടക്കാന്‍ മേരി കോമിന് കഴിഞ്ഞിരുന്നില്ല.  എന്നാല്‍ 36-കാരിയായ മേരി കോം റഷ്യയിൽ ചരിത്രം മാറ്റിക്കുറിച്ചു.

മെഡൽ നേട്ടത്തോടെ  ലോക ബോക്‌സിംഗില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ (എട്ടു മെഡല്‍ ) നേടുന്ന ആദ്യ വനിതാ താരമെന്ന ബഹുമതിയ്ക്ക് മേരി കോം അർഹയായി. എന്നാൽ, ഫൈനലിലെത്താത്തതിനാൽ ടോക്ക്യോ ഒളിംപിക്‌സിനുള്ള യോഗ്യതാ ചാംപ്യന്‍ഷിപ്പില്‍ മത്സരിക്കാനുള്ള  അവസരം മേരി കോമിന് നഷ്ടമായി.