• 31 May 2020
  • 06: 30 AM
Latest News arrow

അഞ്ജലി...അഞ്ജലി... പുഷ്പാഞ്ജലി.....; സാക്‌സഫോണ്‍ ചക്രവര്‍ത്തിയ്ക്ക് വിട

മംഗളൂരു: പാശ്ചാത്യ സംഗീതോപകരണമായ സാക്‌സഫോണിലേക്ക് ഇന്ത്യന്‍ സംഗീതത്തിന്റെ സ്വരമാധുരി ലയിപ്പിച്ച മാന്ത്രിക സംഗീതജ്ഞന്‍ കദ്രി ഗോപാല്‍നാഥ് (69) അന്തരിച്ചു. മംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഏതാനും നാളുകളായി ചികിത്സയിലായിരുന്നു. 

സംഗീതപ്രേമികളുടെ മനസ്സില്‍ താളമേളങ്ങളുടെ ഉത്സവം പകരുന്ന, ബാന്‍ഡ് മേളത്തിന് അകമ്പടി സേവിച്ച്, ഒതുങ്ങി നിന്നിരുന്ന, സാക്‌സഫോണ്‍ സംഗീതത്തെ, അവിടെ നിന്നും കൈപിടിച്ച്, വേദിയുടെ മുമ്പിലേക്ക് കൊണ്ടുവന്ന്, അതിന്റെ സ്വരലാവണ്യത്തെ വെളിപ്പെടുത്തിയ മഹാസംഗീതജ്ഞനാണ് കദ്രി ഗോപാല്‍നാഥ്. പിന്നീട് കദ്രിയുടെ സാക്‌സഫോണില്‍ നിന്നൊഴുകുന്ന സംഗീതധാര മാത്രം മതിയായിരുന്നു വേദിയെ പുളകം കൊളിക്കാന്‍. അങ്ങിനെ ക്ലാസിക്കല്‍ സംഗീതത്തിന്റെ പരമോന്നത പദവിയിലിരിക്കുന്ന കര്‍ണാടക സംഗീതത്തിലും ഈ പാശ്ചാത്യ സംഗീതോപകരണം സ്ഥാനം പിടിച്ചു.

നാദസ്വര വിദ്വാന്‍ താനിയപ്പയുടെയും ഗംഗമ്മയുടെയും മകനായി മംഗളൂരുവിന് സമീപം മിത്തികെരെയിയില്‍ 1950ല്‍ ജനിച്ച കദ്രിയുടെ രക്തത്തില്‍ സംഗീതത്തിന്റെ അണുക്കള്‍ ഓടിക്കളിച്ചിരുന്നു. കുട്ടിക്കാലത്ത് തന്നെ അവയെ ഉത്തേജിപ്പിക്കാനുള്ള ശ്രമവും കദ്രി നടത്തി. മൈസൂരു കൊട്ടാരത്തിലെ ബാന്‍ഡ് സംഘത്തെ കണ്ടതുമുതല്‍ പുതിയൊരു ദിശയിലേക്ക് കദ്രിയുടെ സംഗീതം വഴിമാറുകയായിരുന്നു. എന്‍ ഗോപാലകൃഷ്ണ അയ്യരുടെ ശിഷ്യത്വത്തില്‍ സാക്‌സഫോണ്‍ അഭ്യസിച്ച കദ്രി ചെമ്പൈ സംഗീതോത്സവത്തില്‍ വെച്ച് തന്റെ ആദ്യ കച്ചേരി നടത്തി. 

തുടര്‍ന്ന് സാക്‌സഫോണിന് ഇന്ത്യന്‍ സംഗീത പ്രേമികളുടെ ഹൃദയത്തില്‍ ഒരു സ്ഥാനം നേടിക്കൊടുക്കുക എന്നതായിരുന്നു കദ്രിയുടെ ലക്ഷ്യം. മുപ്പത് പതിറ്റാണ്ടിലെ പരിശ്രമം കൊണ്ട് അദ്ദേഹം തന്റെ ലക്ഷ്യം സാധിച്ചെടുത്തു. കെ ബാലചന്ദറിന്റെ ഡ്യുവറ്റ് എന്ന ചിത്രത്തില്‍ അഞ്ജലി... എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സാക്‌സഫോണ്‍ സംഗീതം ഇപ്പോഴും ആളുകളുടെ മനസ്സില്‍ മുഴങ്ങുന്നുണ്ട്. കദ്രിയുടെ മാന്ത്രികതയില്‍ വലയപ്പെട്ട എആര്‍ റഹ്മാന്‍ അദ്ദേഹത്തിന്റെ മുപ്പതോളം ഗാനങ്ങളില്‍ കദ്രിയുടെ സാക്‌സഫോണിന് ഇടം നല്‍കി.

1970കളോടെ കദ്രിയും അദ്ദേഹത്തിന്റെ സാക്‌സഫോണ്‍ സംഗീതവും ഇന്ത്യന്‍ മണ്ണില്‍ നിന്നും ഉയര്‍ന്നുയര്‍ന്ന് ലോകത്തിലെ പല വേദികളെയും ത്രസിപ്പിക്കാന്‍ തുടങ്ങി. പ്രാഗ്, ബെര്‍ലിന്‍, മെക്‌സിക്കോ, പാസ് എന്നിവിടങ്ങളിലെ ജാസ് ഫെസ്റ്റിവലിലെല്ലാം കദ്രിയുടെ സാക്‌സഫോണിന് ആരാധകരുണ്ടായി. 1994ല്‍ ലണ്ടനില്‍ ബിബിസിയുടെ പ്രൊമെനേഡ് കണ്‍സേര്‍ട്ടിലും കദ്രി പങ്കെടുത്തു. ഈ കണ്‍സേര്‍ട്ടിലേക്ക് ക്ഷണിക്കപ്പെടുന്ന ആദ്യ കര്‍ണാടക സംഗീതജ്ഞനായിരുന്നു കദ്രി. ഇതോടെ അദ്ദേഹത്തെ സാക്‌സഫോണ്‍ ചക്രവര്‍ത്തി എന്ന് വിശേഷിപ്പിക്കാതെ മാര്‍ഗമില്ലെന്നായി. ആകാശവാണിയുടെ എ ഗ്രേഡ് ആര്‍ട്ടിസ്റ്റുമായിരുന്നു കദ്രി ഗോപാല്‍നാഥ്.

രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു. സാക്‌സോഫോണ്‍ ചക്രവര്‍ത്തി, നാദകലാനിധി, സാക്‌സഫോണ്‍ സാമ്രാട്ട് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും കദ്രി ഗോപാല്‍നാഥിനെ തേടിയെത്തി.

വിഖ്യാത ജാസ് ഫ്‌ളൂട്ടിസ്റ്റ്‌ ജെയിംസ് ന്യൂട്ടനുമായി ചേര്‍ന്ന് ഈസ്റ്റ്-വെസ്റ്റ് എന്നൊരു ആല്‍ബം പുറത്തിറക്കിയിട്ടുണ്ട്. ത്യാഗരാജന്റെയും ബീഥോവന്റെയും കോമ്പോസിഷനുകളുടെ ഒരു സിംഫണിയായിരുന്നു ഇത്. അമേരിക്കന്‍ സാക്‌സഫോണിസ്റ്റ് രുദ്രേഷ് മഹന്തപ്പയുമായി ചേര്‍ന്ന് കിന്‍സ്‌മെന്‍ എന്നൊരു ആല്‍ബവും കദ്രി ചെയ്തിട്ടുണ്ട്. 

 

 

 

Editors Choice