• 21 Jan 2020
  • 11: 03 AM
Latest News arrow

സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം ഓള്‍ഗ ടൊകാര്‍ചുകിനും പീറ്റർ ഹാൻഡ്കെയ്ക്കും

സ്റ്റോക്ക്ഹോം: സാഹിത്യത്തിനുള്ള കഴിഞ്ഞ വർഷത്തെയും ഈ വർഷത്തെയും നൊബേൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പോളിഷ് എഴുത്തുകാരി ഓള്‍ഗ ടൊകാര്‍ചുക് (57) 2018-ലേയും ഓസ്ട്രിയൻ എഴുത്തുകാരൻ പീറ്റർ ഹാൻഡ്കെ (76) 2019-ലേയും നൊബേൽ പുരസ്‌കാരത്തിന് അർഹരായി. ഓള്‍ഗ ടൊകാര്‍ചുകിന് കഴിഞ്ഞവർഷത്തെ 'മാൻ ബുക്കർ ഇന്റർനാഷണൽ' പ്രൈസും ലഭിച്ചിരുന്നു.

'മാന്‍ ബുക്കര്‍' പുരസ്‌കാരം ലഭിച്ച ആദ്യ പോളിഷ് സാഹിത്യകാരിയും ആക്ടിവിസ്റ്റുമാണ്  ഓള്‍ഗ ടോകാര്‍ചുക്ക്.  ഓള്‍ഗസിറ്റീസ് ഇന്‍ മീററസ്, ദി ജെര്‍ണി ഓഫ് ദി ബുക്ക് പീപ്പിള്‍, പ്രീമിവെല്‍ ആന്‍ഡ് അദര്‍ ടൈംസ്, ഹൗസ് ഓഫ് ഡേ ഹൗസ് ഓഫ് നൈറ്റ്, ദി വാര്‍ഡൊബിള്‍, ദ ഡോള്‍ ആന്‍ഡ് ദി പേള്‍ തുടങ്ങിയവയാണ് ജനപ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ നേടിയ ഓൾഗയുടെ പ്രധാന കൃതികള്‍. ഇവ നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

ഓസ്ട്രിയന്‍ നോവലിസ്റ്റും നാടകകൃത്തും വിവര്‍ത്തകനുമാണ് പീറ്റര്‍ ഹാൻഡ്കെ. പഠനകാലത്ത് തന്നെ എഴുത്തുകാരനായി പേരെടുത്ത അദ്ദേഹം നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്ത് കൂടിയാണ്.

ലൈംഗികാരോപണങ്ങളെയും സാമ്പത്തിക അഴിമതികളെയും തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സാഹിത്യ നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചിരുന്നില്ല. അതിനാലാണ് ഈ വര്‍ഷം രണ്ട് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് സെക്രട്ടറി ജനറൽ ഗൊരാൻ കെ. ഹാൻസൺ ആണ് പുരസ്‌കാരപ്രഖ്യാപനം നടത്തിയത്.

എല്ലാ വർഷവും ഒക്ടോബര്‍ മാസത്തിലെ രണ്ടാം വ്യാഴാഴ്ചയാണ് സ്വീഡിഷ് അക്കാദമി സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിക്കുക. മറ്റു സാഹിത്യ പുരസ്‌കാരങ്ങളെപ്പോലെ സാധ്യതാപട്ടികയോ മറ്റ് വിവരങ്ങളോ നൊബേല്‍ കമ്മിറ്റി പുറത്തുവിടാറില്ല. പുരസ്‌കാരം പ്രഖ്യാപിക്കുന്ന വേളയിലാണ് ജേതാവിനെ അറിയുന്നത്.

ഇതുവരെയുള്ള 114 സാഹിത്യ നൊബേല്‍ ജേതാക്കളില്‍ 14 പേര്‍ മാത്രമാണ് സ്ത്രീകള്‍. അതിനാൽ രണ്ട് പുരസ്‌കാരങ്ങളില്‍ ഒന്ന് വനിതാ എഴുത്തുകാരിക്ക് തന്നെയാകാനാണ് സാധ്യതയെന്ന് നേരത്തെ അഭിപ്രായമുയർന്നിരുന്നു.

രണ്ടാംലോകമഹായുദ്ധകാലത്ത് 1943-ലാണ് ഇതിനുമുമ്പ് നൊബേല്‍ സാഹിത്യ പുരസ്‌കാരം നല്‍കാതിരുന്നത്. സ്വീഡിഷ് അക്കാദമിയുടെ 232 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ലൈംഗികാരോപണം മൂലം സാഹിത്യ നൊബേല്‍ പ്രഖ്യാപനം മുടങ്ങുന്നത്.

വൈദ്യശാസ്ത്രത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്ക്കാരം തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. അമേരിക്കൻ ശാസ്ത്രജ്ഞരായ വില്യം ജി.കാലിൻ ജൂനിയർ, ഗ്രെഗ് എൽ. സെമെൻസ, ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ പീറ്റർ ജെ. റാറ്റ്ക്ലിഫ് എന്നിവരാണ് വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌ക്കാരത്തിനർഹരായത്.

ഭൗതികശാസ്ത്രത്തിനുള്ള (ഫിസിക്സ്) ഈ വർഷത്തെ നൊബേൽ പുരസ്ക്കാരം ചൊവ്വാഴ്‍ചയും   പ്രഖ്യാപിച്ചിരുന്നു. ജെയിംസ് പീബിൾസ്, മൈക്കേൽ മേയർ, ഡിഡിയർ ക്വലോസ് എന്നിവരാണ് ഭൗതികശാസ്ത്രവിഭാഗത്തിൽ നൊബേൽ പുരസ്‌ക്കാരത്തിനർഹരായത്.

രസതന്ത്രത്തിനുള്ള (കെമിസ്ട്രി) നൊബേൽ പുരസ്കാരം ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്.  ജോൺ ബി. ഗുഡ്ഇനഫ് , എം.സ്റ്റാൻലി വിറ്റിങ്ങ്ഹാം, അകിര യോഷിനോ എന്നിവരാണ് ലിഥിയം-അയേൺ ബാറ്ററി വികസിപ്പിച്ചെടുത്തതിന്  രസതന്ത്രവിഭാഗത്തിൽ നൊബേൽ പുരസ്ക്കാരത്തിനർഹരായത്.

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം വെള്ളിയാഴ്ചയും സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം തിങ്കളാഴ്ചയും  പ്രഖ്യാപിക്കും.