• 06 Dec 2019
  • 12: 11 PM
Latest News arrow

രസതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ലിഥിയം-അയേൺ ബാറ്ററി വികസിപ്പിച്ച 3 ശാസ്ത്രജ്ഞർക്ക്

സ്റ്റോക്ക്ഹോം: ഈ വർഷത്തെ രസതന്ത്രത്തിനുള്ള (കെമിസ്ട്രി) നൊബേൽ പുരസ്കാരവും 3 ശാസ്ത്രജ്ഞന്മാർ പങ്കിട്ടു. ജോൺ ബി. ഗുഡ്ഇനഫ് (The University of Texas at Austin, USA), എം.സ്റ്റാൻലി വിറ്റിങ്ങ്ഹാം (Binghamton University, State University of New York, USA), അകിര യോഷിനോ (Asahi Kasei Corporation, Tokyo, Japan, Meijo University, Nagoya, Japan) എന്നിവരാണ് രസതന്ത്രവിഭാഗത്തിൽ നൊബേൽ പുരസ്ക്കാരത്തിനർഹരായത്.

ലിഥിയം-അയേൺ ബാറ്ററി വികസിപ്പിച്ചെടുത്തതാണ് ഇവരെ നേട്ടത്തിനർഹരാക്കിയത്. മൊബൈൽ ഫോൺ ലാപ്ടോപ്പ്, ഇലക്ട്രിക് വാഹങ്ങൾ തുടങ്ങിയവയിൽ ഉപയോഗിക്കാവുന്ന ഭാരം കുറഞ്ഞ, റീച്ചാർജ്  ചെയ്യാവുന്ന, ശക്തമായ ബാറ്ററിയുടെ കണ്ടുപിടുത്തത്തിലൂടെ റീച്ചാർജ് ചെയ്യാവുന്ന ഒരു ലോകമാണ് ഇവർ സൃഷ്ടിച്ചതെന്ന് അവാർഡ്‌ കമ്മിറ്റി വിലയിരുത്തി.

റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് സെക്രട്ടറി ജനറൽ ഗൊരാൻ കെ. ഹാൻസൺ ആണ് പുരസ്‌കാരപ്രഖ്യാപനം നടത്തിയത്.

നൊബേൽ പുരസ്കാരജേതാക്കൾ സമ്മാനത്തുകയായ 9  മില്യൺ സ്വീഡിഷ് ക്രോണ (9,18,000 ഡോളർ) തുല്യമായി പങ്കിടും. ഒപ്പം സ്വർണ്ണപ്പതക്കവും ഡിപ്ലോമ സർട്ടിഫിക്കറ്റും ലഭിക്കും.

പുരസ്ക്കാര സ്ഥാപകൻ  ആൽഫ്രെഡ് നൊബേലിന്റെ ചരമവാർഷികദിനമായ ഡിസംബർ 10 ന് സ്റ്റോക്ക്ഹോമിൽ നടക്കുന്ന ചടങ്ങിൽ മറ്റ് അഞ്ച് നൊബേൽ പുരസ്കാരങ്ങൾക്കൊപ്പം ഈ പുരസ്‌ക്കാരവും സമ്മാനിക്കും. സമാധാനത്തിനുള്ള നൊബേൽ നോർവേയിൽ ഓസ്ലോയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

വൈദ്യശാസ്ത്രത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്ക്കാരം തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. അമേരിക്കൻ ശാസ്ത്രജ്ഞരായ വില്യം ജി.കാലിൻ ജൂനിയർ, ഗ്രെഗ് എൽ. സെമെൻസ, ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ പീറ്റർ ജെ. റാറ്റ്ക്ലിഫ് എന്നിവരാണ് വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌ക്കാരത്തിനർഹരായത്.

ഭൗതികശാസ്ത്രത്തിനുള്ള (ഫിസിക്സ്) ഈ വർഷത്തെ നൊബേൽ പുരസ്ക്കാരം ചൊവ്വാഴ്‍ച  പ്രഖ്യാപിച്ചിരുന്നു. ജെയിംസ് പീബിൾസ്, മൈക്കേൽ മേയർ, ഡിഡിയർ ക്വലോസ് എന്നിവരാണ് ഭൗതികശാസ്ത്രവിഭാഗത്തിൽ നൊബേൽ പുരസ്‌ക്കാരത്തിനർഹരായത്.

സാഹിത്യത്തിനുള്ള നൊബേൽ വ്യാഴാഴ്ചയും സമാധാനത്തിനുള്ള നൊബേൽ വെള്ളിയാഴ്ചയും പ്രഖ്യാപിക്കും. 

Watch the very moment the 2019 Nobel Prize in Chemistry is announced.

Presented by Göran K. Hansson, Secretary General of The Royal Swedish Academy of Sciences.#NobelPrize pic.twitter.com/PM8X2S3Zy4

— The Nobel Prize (@NobelPrize) October 9, 2019